ജീവിതമാണ് ഏറ്റവും വലിയ നാടകം. അത് മനുഷ്യനുണ്ടായ കാലം മുതൽ ആരംഭിക്കുന്നു. കലാ സാഹിത്യാദികൾ പല രൂപഭാവങ്ങളിൽ അതു പകർത്താൻ ശ്രമിക്കുന്നു. മറ്റ് ഏതൊരു കലാരൂപം പോലെയും നാടകകല വ്യത്യസ്തരൂപഭാവങ്ങളോടെ കാലത്തിലൂടെ സഞ്ചരിക്കുകയാണ്. മലയാള നാടകത്തിന്റെ അവസ്ഥയും വിഭിന്നമല്ല.
കൃതി, നടീനടന്മാർ, അരങ്ങ്, പ്രേക്ഷകൻ എന്നിങ്ങനെ നാലു തൂണുകളിലാണ് നാടകകല ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ലിഖിതകൃതിയോ സംവിധായകനോ ഇല്ലാതെയും നാടകം സംഭവിക്കാം. പ്രേക്ഷകനും അരങ്ങുംപോലും അനിവാര്യമല്ല. നാട്യ-നടനകേന്ദ്രിതമായി നാടകത്തെ കാണാൻ കഴിയണം. ഇതിനു സഹായകരമായ കൃതികൾ മലയാളത്തിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ആ വിടവു നികത്താൻ പര്യാപ്തമായ ഒരു രചനയെപ്പറ്റിയാണിവിടെ പറയാൻ പോകുന്നത്. ഇത്തരത്തിൽ നാടകകലയെക്കുറിച്ചു പഠിക്കുന്ന ഒരാൾക്ക് ഉപകാരപ്രദമായ ഒരു റഫറൻസ് ഗ്രന്ഥമാണ് ഡോ. രാജാ വാര്യരുടെ തിരഞ്ഞെടുത്ത നാടകപഠനങ്ങൾ. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ എഴുതപ്പെട്ട നാല്പത്തിയേഴു ലേഖനങ്ങൾ ഇതിൽ നാലു ഭാഗമായി തിരിച്ചിരിക്കുന്നു. അഭിജ്ഞേയം പതിനാല്, അഭിനവം - എട്ട്, അഭിജ്ഞാനം - ഏഴ്, അഭിമതം - പതിനെട്ട് എന്നിങ്ങനെയാണ് അവയുടെ കണക്ക്. മുഖ്യമായും മലയാളനാടകത്തെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും ലോക-ഭാരതീയനാടകവേദികളുടെ സമഗ്രമായൊരു പശ്ചാത്തലവും ഇതിൽനിന്നു വായിച്ചെടുക്കാം. നടനും സംവിധായകനുമായ ഡോ. വാര്യർ സ്വാനുഭവങ്ങളിൽനിന്ന് ഊർജം സംഭരിച്ചാണ് ഓരോ വാക്കും കുറിച്ചിരിക്കുന്നത്.
ആദ്യ ലേഖനത്തിൽ ("രംഗഭാഷയും ശരീരവും'') അഭിനയത്തിന്റെ നാനാപ്രകാരേണയുള്ള അവസ്ഥകൾ യവനകാലം മുതൽക്കിങ്ങോട്ട് വായിക്കാം. Modern Theatre, Contemporary Theatre എന്നിവ വ്യവഛേദിക്കുന്ന മൂന്നാം ലേഖനം- "നടനത്തിന്റെ നാനാർഥം'' ഇതോടു ചേർത്തുവെക്കാവുന്നതാണ്. "നാട്യകലയുടെ നാൾവഴി കൾ'', "നാടകകല,' "നാടകപൈതൃകം'' എന്നിവയും ഇതേ ജനുസിൽപെടുന്നു. "നാടകപൈതൃകം'' എന്ന ഒന്നാം ഭാഗത്തുള്ള ഏറ്റവും ദീർഘമായ (36 പേജ്) ആഖ്യാനത്തിൽ മലയാളത്തിലുണ്ടായ എല്ലാ നാടകധാരകളും തിരശീല നീക്കുന്നു. ക്ലാസിക്കൽ-അനുഷ്ഠാന-നാടോടിനാടകസങ്കല്പങ്ങളുടെ താരതമ്യം, സംഗീതനാടകങ്ങൾ, യോഗ ക്ഷേമനാടകങ്ങൾ എന്നിങ്ങനെ വ്യത്യസ്തനാടക പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾക്ക് ചരിത്രപ്രസക്തിയുണ്ട്. ടി.സി. അച്യുതമേനോന്റെ "സംഗീത നൈഷധം'' ഇന്നും പഠിക്കപ്പെടുന്ന സംഗീതനാടകമാണ്. കല്ലൂർ ഉമ്മൻ പീലിപ്പോസു മുതൽ ഓംചേരിയും മഞ്ജുളനും വരെ ഇവിടെ അണിനിരക്കുന്നു.
