പാപത്തിൻ്റെ വിത്ത് മുളച്ചത് ശരീരത്തിനകത്തല്ല, പുറത്താണ്

Book Review

പാപത്തിൻ്റെ വിത്ത് മുളച്ചത് ശരീരത്തിനകത്തല്ല, പുറത്താണ്


വായന ഏകത്തിൽ നിന്ന് അനേകത്തിലേയ്ക്ക് വഴിമാറ്റുന്ന നോവലാണ് ഡിസിബുക്സ് പ്രസിദ്ധീകരിച്ച മരിപ്പാഴി. നമ്മുടെ ചിന്താശക്തി, സംവേദനക്ഷമത നിരന്തരം പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിൽ വാക്കുകൾക്കപ്പുറം മനസ്സിനെ വായനയിൽ തളച്ചിടുക മാത്രമല്ല, വീണ്ടും ചികയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നത് ചെറിയ കാര്യമല്ല.

അങ്കച്ചൂര് വരച്ച് കാട്ടിയ 'പുള്ളിക്കറുപ്പനി'ലൂടെ നോവൽ രംഗത്ത് ചുവടുറപ്പിച്ച എഴുത്തുകാരന്റെ രണ്ടാമത്തെ നോവൽ. കാലം, ഈ നോവലിൽ തപം ചെയ്യുന്നു. മോക്ഷം നിരസിക്കുന്നു. പ്രതികാരാഗ്നിയായി സ്വയം എരിഞ്ഞടങ്ങുന്നു.

നിശ്ചലമായ ജലാശയം പോലെയാണ് ഒറ്റനോട്ടത്തിൽ ഇതിലെ ഭൂമിക. എന്നാൽ അവയ്ക്ക് ചുറ്റിലും കുരുക്കഴിക്കാനാവാത്ത പൊന്തക്കാടുകൾ ഇരുട്ടായി, കടുംകെട്ടുകളായി നിറഞ്ഞു നിൽക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ജനനം മുതൽ മരണം വരെയുള്ള അതിവിശാലമായ കാൻവാസ്. സങ്കീർണ്ണമായ കഥാഗതി. ഓരോ കഥാപാത്രവും വായിച്ചെത്തുമ്പോൾ വായനക്കാരൻ സ്വയം അപരിചിതനാവുന്നു. ആരെന്നോ എന്തെന്നോ ആരുടേതെന്നോ താൻ തന്നെയാണെന്നോ പറയാന്‍ പറ്റാത്ത സങ്കീർണത വർധിക്കുന്നു.


Related Articles