ചരിത്രത്തിന്റെ നിഴലിൽ പെട്ടുപോയ ഒരാളുടെ ഏകാന്തത

Book Review

ചരിത്രത്തിന്റെ നിഴലിൽ പെട്ടുപോയ ഒരാളുടെ ഏകാന്തത


ചില മനുഷ്യർ ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നത് എന്തിനാണ്? സ്വന്തം ആത്മാവിന്റെ ബഹുസ്വരതയും സത്തയും സ്മൃതികളിൽ ഉറഞ്ഞുകിടക്കുന്നുണ്ട് എന്ന ബോധ്യമാകാം കാരണം. അതൊരു പ്രലോഭനം പോലെ അയാളെ തുടർജീവിതവുമായി ബന്ധിപ്പിച്ചു നിർത്തുന്നുമുണ്ടാകണം. വ്യാഖ്യാനക്ഷമമല്ലാത്ത ശുദ്ധയുക്തിയുടെ സൂക്ഷ്‌മത, ഭൂതകാലം അനുവദിച്ച സ്വാതന്ത്ര്യമായി അനുഭവപ്പെടുന്നതിനാൽ കീഴടങ്ങിയവന്റെ മനസ്സോടെ അയാളൊരു വിശ്വാസത്തെ ആശ്ലേഷിച്ചു നിൽക്കുന്നു. അത്തരമൊരു മനുഷ്യന്റെ ഹൃദയവികാരങ്ങളാണ് സുരേഷ്‌കുമാർ വി. എഴുതിയ ഡയാസ്പൊറ അടയാളപ്പെടുത്തുന്നത്.

2024ൽ ഡിസി ബുക്സ് സുവർണ്ണജൂബിലി നോവൽ മത്സരത്തിൽ പ്രത്യേക പുരസ്‌കാരം നേടിയ കൃതിയാണിത്. മട്ടാഞ്ചേരിയിലെ ജൂത തെരുവിൽ നിന്നുള്ള സോളമൻ ഹലേഗ്വ എന്ന വൃദ്ധന്റെ ആത്മസംഘർഷങ്ങളാണ് ഈ നോവലിന്റെ പ്രമേയം. പരിചിതർക്കിടയിൽ സ്ലോമോ മുത്തയാണ് അയാൾ. വലിയ വീട്ടിൽ പന്ത്രണ്ട് പൂച്ചകൾക്കൊപ്പം അയാൾ തന്റെ വാർദ്ധക്യത്തെ ഓർമ്മകളോട് ചേർത്തുനിർത്തി പരിലാളിച്ചു കഴിയുന്നു. മക്കൾ സ്ലോമോയെ ഇസ്രായേലിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ്. പക്ഷേ, അയാൾക്ക് പോകാൻ വയ്യ. ജനിച്ച നാടും ശ്വസിച്ചുവളർന്ന മണ്ണും ചുറ്റുമുള്ള മനുഷ്യരും അയാളെ വരിഞ്ഞു പിടിച്ചു നിർത്തിയിരിക്കുകയാണ്.

ഓർമ്മകൾ അധികാരഗർവ്വോടെ അയാളോട് ഇടപെടുന്നതിനാൽ ഭൗതികയാഥാർഥ്യത്തെ ചൊല്ലി അയാൾ വ്യസനിക്കുന്നു. ജനിച്ചുവളർന്ന നാടല്ല സ്വന്തം നാടെന്നും മറ്റൊരു വാഗ്ദത്തഭൂമി ദൃഢമാതൃകയായി തന്നെ കാത്തിരിക്കുന്നു എന്നും സ്ലോമോയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല. മരിച്ചുപോയ ഭാര്യ തിമോര, മകൻ ഇസഹാ, സഹായികളായ ലാസർ, മാർത്ത, സ്നേഹിതൻ ഇളംപരിതി, യോനാ, ജോഷ്വാ, ക്ലാര, ജോസഫൈൻ, ജോണി എന്നിവരടക്കം താൻ പരിചയിച്ച അനേകം മനുഷ്യരും കടന്നുപോയ കാലവും ജീവിച്ച സ്ഥലവും മോഹിപ്പിക്കുന്ന ആകാംക്ഷയായി അയാളെ ജൂതത്തെരുവിനോട് ചേർത്തു നിർത്തിയിരിക്കുകയാണ്. അതാണ് സ്ലോമോ അനുഭവിക്കുന്ന സ്വസ്ഥത. ആ സ്വാസ്ഥ്യത്തെ കലഹസ്വഭാവത്തോടെ വേർപിരിക്കാനും ഇസ്രായേലിലേക്ക് നാടുകടത്താനും മക്കൾ ശ്രമിക്കുമ്പോൾ 'ഡയാസ്പൊറ' ദാരുണത പ്രതിഫലിപ്പിക്കുന്ന ദർപ്പണമായി മാറുന്നു.


Related Articles