കടൽക്കൊള്ളക്കാരനും മാന്ത്രികനും ലഹരിമരുന്നുകളുടെ സാമ്രാജ്യത്തിലെ പ്രഭുവും ആകണമെന്ന മനോരാജ്യം കാണുന്നവർക്കുമാത്രമേ കഥയെഴുതാൻ കഴിയൂ. ഈ പുസ്തകത്തിന്റെ ആമുഖത്തിൽ അർജുൻ സാക്ഷ്യപ്പെടുത്തുന്നത് അപ്രകാരമാണ്. കുറ്റകൃത്യങ്ങളോടുള്ള ആഭിമുഖ്യവും കൺകെട്ടുവിദ്യയിലെ കബളിപ്പിക്കലും ഇസഹപുരാണത്തിലെ കഥകളിൽ കടന്നുവരുന്നത് അതുകൊണ്ടാകാം. എഴുതപ്പെട്ട നിയമങ്ങൾ തെറ്റിക്കാനുള്ള അദമ്യവാഞ്ഛയാണ് അയാളുടെ എഴുത്തിന് ഉത്പ്രേരകമാകുന്നത്.
ഇസഹപുരാണം എന്ന ആദ്യകഥയിലെ ഇസഹ പ്രാകൃതചോദനകളാൽ ഉത്തേജിതനായി ഇരകളുടെ കണ്ണുകളിലെ ഭയവും നിസ്സഹായതയും ആവോളം ആസ്വദിക്കുന്ന വേട്ടക്കാരനാണ്. കാറ്റുകളിൽ എത്തുന്ന കൂട്ടക്കൊലകളുടെ ഉണങ്ങിപ്പിടിച്ച രക്തഗന്ധമാണ് അവനെ ദീർഘയാത്രകൾക്ക് മാടിവിളിക്കുന്നത്. ഇതിനെല്ലാം കാരണം പിറവിയിൽതന്നെ അവനിൽ പതിച്ച പൈശാചികപാരമ്പര്യത്തിന്റെ തുടർച്ചയാണെന്ന് ഇസഹാക്കിന്റെ അമ്മ സോഫിയക്ക് അറിയാം. മധ്യത്തിൽ വിലങ്ങനെ മുറിപ്പാടുള്ള, അഗ്രം വളഞ്ഞ അസാധാരണ വലിപ്പമുള്ള മൂക്കുമായാണ് അവൻ ജനിച്ചുവീണത്. സോഫിയയുടെ വംശപരമ്പരയുടെ ഉത്പത്തിക്ക് കാരണക്കാരനായ പോർച്ചുഗീസ് കപ്പിത്താന്റെ മൂക്കാണ് അത്. കുട്ടിക്കാലത്ത് സോഫിയയ്ക്ക് സലോമിയ മുത്തശ്ശി പറഞ്ഞുകൊടുത്ത സഞ്ചാരിയപ്പൻ എന്ന പൂർവ്വികന്റെ ഇതിഹാസം ഇസഹാക്കിലൂടെ തുടർന്നുപോകും. ആക്രമണകാരികളുടെയും കവർച്ചക്കാരുടെയും അധിനിവേശചരിത്രം ഭീതിദമായി ആവർത്തിക്കുന്ന കടൽക്കരയിലാണ് വായനക്കാരേ, നിങ്ങൾ നിൽക്കുന്നത്.
നിയോൺകണ്ണുകളുള്ള പൂച്ചയിൽനിന്നു തുടങ്ങി, വളർത്തുമൃഗങ്ങളിലൂടെ, ദേശാടനത്തിൽ കിട്ടിയ കൂട്ടുകാരനിലൂടെ ഇസഹാക്കിന്റെ അഥവാ സഞ്ചാരിയപ്പന്റെ രക്തദാഹം രൂക്ഷമാകുന്നു. അതിനിടയിൽ ഇസഹ പ്ലാസ്റ്റിക് ചാക്കിലാക്കി ശ്മശാനത്തിൽ തള്ളിയ ചങ്ങാതിയുടെ ശവഭാഗങ്ങൾ ഞാൻ കാണും. ആ രാത്രിയിൽ അവൻ എന്റെ വാതിലിൽ മുട്ടും. എന്റെ ഡയറിക്കുറിപ്പുകൾ പൂർത്തിയാക്കാനാകാതെ എന്നെന്നേക്കുമായി നിലച്ചുപോകുമ്പോൾ... പിന്നീടൊരിക്കലും കഥയിൽ കടന്നുവരാതെ അപ്രത്യക്ഷമാകുന്ന ‘ഞാൻ' എന്ന കഥാപാത്രം അർജ്ജുന്റെ ആഖ്യാനചാതുരിക്കുള്ള മികച്ച ദൃഷ്ടാന്തമാണ്.
