പി ജിംഷാർ എന്ന എഴുത്തുകാരന്റെ 'ലൈലാക്കുൽസു' (കഥാസമാഹാരം) വായിച്ചു. 'ലൈലാക്കുൽസു'വിലെ ഓരോ കഥയും വ്യത്യസ്തമാണെങ്കിലും, എല്ലാ കഥകളിലും മനുഷ്യമനസ്സിന്റെ ഏറ്റവും മൃദുലമായ വികാരങ്ങൾ ഇടകലർന്നിരിക്കുന്നു. പൊതുസമൂഹത്തിന്റെ ധാരണയെ പൊളിച്ചടുക്കുന്നതും എന്നാൽ സമൂഹത്തിന്റെ പല കോണുകളിലും നടക്കുന്നതുമായ കാര്യങ്ങളാണിവ. എവിടെയൊക്കെയോ കണ്ടതും കേട്ടതും നൊമ്പരമായതുമായ സന്ദർഭങ്ങൾ നമ്മളെ കൂടുതൽ കഥാപാത്രങ്ങളുമായി അടുപ്പിക്കുന്നു.
കഥാപാത്രങ്ങളെ മനസ്സിലായി എന്ന് വായനക്കാരന് തോന്നാന്‍ തുടങ്ങുമ്പോഴേക്കും അതല്ല ഞാൻ എന്ന തരത്തിൽ കഥാപാത്രങ്ങളും കഥാഗതിയും മാറുകയും കഥയുടെ അവസാനം ഊഹിക്കുന്ന വായനക്കാരന് അവസാന വാക്കിൽ വരെ എഴുത്തുകാരന് അത്ഭുതം കാണിക്കാനുള്ള വകയുണ്ട് എന്ന് ജിംഷാർ കാണിച്ചു തരുന്നു. ‘അധികാരം നഷ്ടപെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും’ എന്ന കഥയിൽ തുടങ്ങി ‘slowly’ വരെ നീളുന്ന പത്ത് കഥകൾ. മനുഷ്യരുടെ പ്രണയം മുതൽ പട്ടികളുടെ പ്രണയം വരെ പറയുന്ന കഥകളിൽ വരച്ച് കാട്ടുന്നത്, ഏറ്റക്കുറച്ചിലുകളുടെ ത്രാസിലിട്ട് തൂക്കി പറയുന്ന പൊതു സമൂഹത്തിലെ അന്തസ്സിന്റെയും മേൽക്കോയിമയുടെയും വിവേചനത്തിന്റെയും നേർരേഖകളാണ്.
ലൈംഗിക ദാരിദ്ര്യവും ലൈംഗിക അതിപ്രസരവും മനുഷ്യമനസ്സിനെ എങ്ങനെയെല്ലാം ചിന്തിക്കാൻ പ്രേരിപ്പിക്കും എന്നതിനെ വരച്ചുകാണിക്കാന്‍ 'യൂനസ്' എന്ന കഥാപാത്രത്തിന്‍റെ കഥയും 'ലൈലാക്കുല്‍സു'വിലുണ്ട്. സമകാലീന രാഷ്ട്രീയവും ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെയും സസൂക്ഷ്മം ഉൾകൊള്ളിച്ച് കഥപറയുകയും, അതിൽ എഴുത്തുകാരന്റെ അഭിപ്രായം ഉച്ചത്തിൽ അടയാളപ്പെടുത്താനും പി. ജിംഷാറിന് സാധിച്ചിട്ടുണ്ട്. കഥകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പ്രധാന കഥാപാത്രമാണ് സിനിമ. ഓരോ കഥയും സിനിമയുടെ അരികുകളിലൂടെയും, നടുവിലൂടെയും, വായനക്കാരെ വഹിച്ചുകൊണ്ട് പോകുന്നുണ്ട്. സിനിമാപ്രേമിയായ എഴുത്തുകാരൻ സിനിമയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയതിന്റെ തെളിവാണ് ഈ എഴുത്തുകൾ. അതുകൊണ്ട് തന്നെ കഥയുടെ ഓരോ ഫ്രെയിമുകളും സിനിമാറ്റിക്ക് ആകുന്നു. എന്നിരുന്നാലും നിർഭാഗ്യം തട്ടിത്തെറിപ്പിക്കുന്ന അവസരങ്ങളുടെ ഏണിപ്പടികളെയാണ് സിനിമയുടെ ജാഡക്കും മോഡിക്കും അപ്പുറമുള്ള സത്യമായി കോറിയിടുന്നത്. സിനിമ സ്വപ്നം കാണുന്നതിൽ തൊണ്ണൂറ് ശതമാനം ആളുകളുടെയും അനുഭവം ഇത് തന്നെയാണ് എന്ന കൈപ്പേറിയ യാഥാർഥ്യവും നമ്മുക്കിവിടെ കാണാം.
