2024 ലെ കേരള സാഹിത്യ അക്കാദമിയുടെ എം അച്യുതൻ എൻഡോവ്മെൻ്റ് പുരസ്കാരം നേടിയ രാഹുൽ രാധാകൃഷ്ണൻ്റെ ‘ഉയിർഭൂപടങ്ങൾ‘ എന്ന നിരൂപണ ഗ്രന്ഥത്തിൻ്റെ വായനാനുഭവമാണ് ഈ ലേഖനം.
‘ഇട’ങ്ങൾക്ക് വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും പ്രാധാന്യമേറിവരികയാണ്. ഓരോ കാലഘട്ടത്തെയും പ്രതിനിധീകരിക്കാൻ പ്രത്യേകം പദങ്ങൾ സമൂഹത്തിൻ്റെ നേർപതിപ്പായ സാഹിത്യത്തിലും കാലാകാലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാചീനം, മധ്യകാലം, നവീനം, ആധുനികം, ആധുനികാന്തരം, ഉത്തരാധുനികം ആഗോളീകരണ കാലഘട്ടം, സൈബർ കാലഘട്ടം എന്നിങ്ങനെ അവ നീണ്ടുപോകുന്നു.
അമേരിക്കക്കാരനായ സോജയുടെ വരികളിലൂടെ ‘മൂന്നാമിടം’ എന്ന സങ്കല്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് രാഹുൽ രാധാകൃഷ്ണൻ തന്റെ ആദ്യ കൃതിയായ ‘ഉയിർഭൂപടങ്ങളി’ലേക്ക് പ്രവേശിക്കുന്നത്. ആദ്യ പുസ്തകമാണെങ്കിലും പതിനഞ്ചു വർഷത്തോളമായി സാഹിത്യ സംബന്ധിയായ ലേഖനങ്ങൾ എഴുതി വരികയും ലോകസാഹിത്യത്തെ അടുത്തറിയുകയും പല പാശ്ചാത്യ സിദ്ധാന്തങ്ങളും, കഥകളെയും നോവലുകളെയും വിലയിരുത്തുന്നതിനായി സ്വീകരിക്കുകയും ചെയ്യുക വഴി നിരൂപണശാഖയിൽ അടയാളപ്പെടുത്തലുകൾ നടത്താൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പലപ്പോഴായി എഴുതിയ നിരൂപണങ്ങളിൽ നിന്ന് പുതിയ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന ലേഖനങ്ങൾ മാത്രം സമാഹരിക്കുകയായിരുന്നു ഉയിർഭൂപടങ്ങളിൽ. ആമുഖത്തിൽ പറയും പോലെ വായനയുടെ തുടർച്ചയായി വന്നുചേർന്ന എഴുത്ത് അതിൻ്റെ തുടർച്ചയെന്നോണം പുസ്തകത്തിലുമെത്തി എന്ന് വേണം കരുതാൻ. മൂന്നു ഭാഗങ്ങളായി ഈ പുസ്തകത്തെ വേർതിരിച്ചിരിക്കുന്നു. ആദ്യഭാഗത്ത് ഉത്തരാധുനിക കാലഘട്ടത്തിൻ്റെ ഭാഗമായി നിലകൊള്ളുന്ന ആഗോളീകരണം സമൂഹത്തിലും അതിൻ്റെ പ്രതിഫലനമെന്നോണം സാഹിത്യത്തിലും വരുത്തിയിട്ടുള്ള മാറ്റങ്ങൾ വിശകലനം ചെയ്യുകയാണ്. രണ്ടാം ഭാഗത്ത് സമകാലിക സാഹചര്യത്തിൽ നോവലുകളും മൂന്നാം ഭാഗത്ത് കഥകളും വായിക്കപ്പെടുന്നു.
