മനുഷ്യബന്ധങ്ങളുടെ ഗൂഢ ലിപികൾ

Book Review

മനുഷ്യബന്ധങ്ങളുടെ ഗൂഢ ലിപികൾ


കാവ്യം പോലെ മനോഹരമായി, ഹൃദയഭാഷയുടെ ഗൂഢലിപികളിൽ തീർത്ത, മനുഷ്യബന്ധങ്ങളുടെ കഥ, ഇ സന്തോഷ് കുമാറിൻ്റെ 'തപോമയിയുടെ അച്ഛൻ' വായിച്ചപ്പോൾ തോന്നിയത് അങ്ങനെയാണ്. രേഖകളില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ വൈകാരിക ഭാവങ്ങളെ അതിവിദഗ്ദ്ധമായി തൊട്ടെടുത്ത് അതിനിഗൂഢതയുടെ വ്യംഗ്യഭാഷയിൽ രചിച്ചിരിക്കുന്ന മനോഹരകാവ്യം. ഗൂഢഭാഷയിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ഗോപാൽബറുവയുടെ ഹൃദയരഹസ്യം മാത്രമല്ല, എഴുത്തുകാരൻ്റെ അതിമനോഹരമായി കഥ പറയാനുള്ള കഴിവിനെക്കൂടിയാണ്. കാച്ചിക്കുറുക്കിയെടുത്ത വാക്കുകൾ കൊണ്ട് അല്പം പോലും ഏറിപ്പോകാതെ വളരെ കൈയ്യടക്കത്തോടെ, അതിജീവനത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുന്ന കുടിയേറ്റക്കാരുടെ കയ്പേറിയ ജീവിത യാഥാർഥ്യങ്ങൾ നോവലിൽ അവിഷ്ക്കരിച്ചിരിക്കുന്നു. അതിലേക്ക് ഇറങ്ങി ചെല്ലുന്ന ഓരോ വായനക്കാരനെയും സ്വീകരിക്കുന്നത് അഭയാർത്ഥികളുടെ കരളലിയിക്കുന്ന കഥകളോടൊപ്പം ഹൃദയബന്ധങ്ങളുടെ തീക്ഷ്ണവൈകാരികത കൂടിയാണ്.

മാനുഷിക ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കാത്ത കമ്പോളവത്ക്കരണത്തിൻ്റെ കാലത്ത്, മനുഷ്യമനസ്സിൻ്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് ഗൂഢഭാഷകളിലേക്ക് വെളിച്ചം പകരുന്ന കഥാതന്തുവാണ് കുടിയേറ്റ ജീവിതങ്ങളിലൂടെ അനാവൃതമാവുന്നത്."do you see him from the boat..?" ഗൂഢ ലിപികളിലെഴുതിയ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നത്. അതിനുള്ള ഉത്തരം 'തപോമയിയുടെ അച്ഛൻ്റെ' രഹസ്യ ചിഹ്ന ലിപികളിലെഴുതിയ ഡയറിയിലുണ്ട്.

ജീവിതം പലപ്പോഴും അങ്ങനെയാണല്ലോ! പല രഹസ്യങ്ങളും മറ്റാരും വായിക്കപ്പെടാതെയിരിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്.


Related Articles