ബെന്യാമിൻ്റെ ഏറ്റവും പുതിയ പുസ്തകമായ ''മൾബെറി, എന്നോട് നിൻ്റെ സോർബയെക്കുറിച്ച് പറയൂ'' ഇക്കഴിഞ്ഞ ദിവസമാണ് കൈയിലെത്തിയത്. കാണുമ്പോൾത്തന്നെ മനസ്സിൽ ഒരു സന്തോഷം തോന്നും! മനോഹരമായ കവർചിത്രവും ആകർഷകമായ ലേഔട്ടും... ഗ്രന്ഥകാരൻ്റെ കൈയൊപ്പോടുകൂടിയ സ്പെഷ്യൽ എഡിഷൻ, ഉള്ളിൽ കഥാസന്ദർഭങ്ങളുമായി ബന്ധപ്പെട്ട അപൂർവ്വ മുദ്രകളും!
പതിയെ വായിക്കാമെന്ന് കരുതി മാറ്റിവച്ചതായിരുന്നു. പക്ഷേ, മുന്നിലിരിക്കുമ്പോൾ വായനക്ക് പ്രലോഭിപ്പിക്കുന്ന എന്തോ ഒരു ആകർഷണീയത! വെറുതേ കൈയിലെടുത്ത് മറിച്ചുനോക്കിയിരുന്ന ഞാൻ അറിയാതെ വായനയിലേക്ക് വീണു. പേജുകൾ മറിയുന്തോറും ഞാനെൻ്റെ കൗമാരകാലത്തിലേക്ക് തിരികെയെത്തുന്ന പോലെ! അന്നൊക്കെ മൾബെറി അത്രമേൽ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നല്ലോ.
കസൻദ്സക്കീസിനെ ഞാനാദ്യം വായിക്കുന്നത് 'മൾബെറി'യിലൂടെയാണ്. 1985 ലാണ്, മലയാളത്തിൽ ആദ്യമായി, അദ്ദേഹത്തിൻ്റെ 'ഭ്രാതൃഹത്യകൾ' എന്ന പുസ്തകത്തിൻ്റെ ഒരുഭാഗം 'ലിയോണിദാസിൻ്റെ ഡയറി' എന്നപേരിൽ, ഡെയ്സി വിവർത്തനം ചെയ്ത്, 'മൾബെറി' പ്രസിദ്ധീകരിക്കുന്നത്. തൊട്ടടുത്ത വർഷം, അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട്, 'കസൻദ്സക്കീസ് ജീവിതവും രചനയും' എന്നൊരു പുസ്തകം ഷെൽവിയുടെ ആമുഖക്കുറിപ്പ് സഹിതം പുറത്തിറങ്ങുന്നു. അതിൽ, ആ സമയത്ത് ഏറെ വിവാദം സൃഷ്ടിച്ച, 'ക്രിസ്തുവിൻ്റെ അന്ത്യപ്രലോഭനം' എന്ന പുസ്തകത്തിൻ്റെ അവസാന ഭാഗവും 'ലിയോണിദാസിൻ്റെ ഡയറി'യും ഏതാനും ചില പഠനങ്ങളുമാണ് ഉൾപ്പെടുത്തിയിരുന്നത്.
