ഇരുപത് വർഷങ്ങൾക്ക് ശേഷം രണ്ടു പേര് കണ്ടുമുട്ടുന്നു. അതും കാമുകികാമുകൻമാരായിരുന്നവർ, (അതിലൊരാൾ വിവാഹിതനും, മറ്റെയാൾ അവിവാഹിതയും) അവർക്ക് എന്തൊക്കെ പറയാനുണ്ടാവും? അതോ ഒന്നും പറയാനാവാത്തൊരവസ്ഥയിൽ ആയിരിക്കുമോ അവർ? അത്തരമൊരു കണ്ടുമുട്ടലിലേക്ക് മിഴിതുറക്കുന്ന ഒരു കഥയാണ് ഷീബ ഇ കെ യുടെ ഇരുപത് വർഷങ്ങൾക്ക് ശേഷം. കണ്ടുമുട്ടുമ്പോൾ അവന് നൽകാനായി അവളുടെ കൈവശം ഒരു കവിതയുണ്ടായിരുന്നു. ജീബനാനന്ദ ദാസ്ന്റെ ആ കവിതയുടെ പേരും ഇരുപത് വർഷങ്ങൾക്ക് ശേഷം എന്നായിരുന്നു.
എന്നാൽ അവൾക്കതവനെക്കാണിക്കാൻ കഴിയുന്നില്ല. അവനാകട്ടെ താൻ മൂലമാണോ അവളുടെ ജീവിതം ഇങ്ങനെ ആയത് എന്നോർത്തു കുറ്റബോധത്താൽ നീറുകയായിരുന്നു. സവിശേഷമായ ഈ കൂടിക്കാഴ്ച്ചയുടെ കഥ അതിവൈകാരികമാക്കാതെ വൃത്തിയായി പറയുന്നുണ്ട് ഷീബ.
10 കഥകളുള്ള ഈ സമാഹാരത്തിലെ കഥകൾ മിക്കതും പ്രമേയത്തിലും, ആഖ്യാനത്തിലുമെല്ലാം വ്യത്യസ്‌തതയും പുതുമയും പുലർത്തുന്നവയാണ്. 'രാം നഗർ ചൗക്കി' എന്ന കഥയാവട്ടെ ലക്ഷണമൊത്ത ഒരു രാഷ്ട്രീയ കഥയാണ്. തീർത്തും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഒളിപ്പിച്ചു വച്ച കഥ വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തിയെന്തെന്ന് കൃത്യമായി വരച്ചിടുന്നു.
