പ്രണയം, ജീവിതം, യുദ്ധം, മരണം

Book Review

പ്രണയം, ജീവിതം, യുദ്ധം, മരണം


"നിങ്ങൾ പരസ്പരം ധാരാളം നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ പിന്നെന്തിനാണ് യുദ്ധത്തിനു പോകുന്നത് " - ലിസിസ്ട്രാട, എറി സ്റ്റോഫനിസ് 

ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ എല്ലാക്കാലത്തും ചർച്ചയാകുന്ന ജീവിതമാണ് കാശ്മീരിൻ്റേത്. ജീവിതവും മരണവും തണുപ്പും ടൂറിസവും ഇഴചേർന്ന് കിടക്കുന്ന ഇവിടെ എത്തിച്ചേരുന്ന ഗൗരി ജാനകി എന്ന പത്രപ്രവർത്തകയുടെ കഥയാണ് ആഷ് അഷിതയുടെ കാവ. സ്വാഭാവികമായും വ്യക്തിയുടെ ജീവിതമാണ് ഈ നോവലിൻ്റെ പശ്ചാത്തലമെന്ന് നമുക്ക് തോന്നുമെങ്കിലും അടിസ്ഥാനപരമായി ഇതൊരു ദേശത്തിൻ്റെ കഥയാണ്. കാശ്മീർ എന്ന പ്രസിദ്ധിയെക്കാൾ ഏറെ കുപ്രസിദ്ധിയുള്ള ദേശത്തെ അതിനു പുറത്ത് നിന്നൊരാൾ നോക്കിക്കാണുന്നത് അവിടെ പ്രവർത്തിക്കുന്ന പട്ടാള ഭരണത്തേയും അവിടെ പ്രവർത്തിക്കുന്ന തീവ്രവാദത്തേയും അടിസ്ഥാനപ്പെടുത്തിയാണ്. വിചാരണ കൂടാതെ, ചോദ്യം ചെയ്യൽ കൂടാതെ നിഷ്കരുണം മനുഷ്യൻ മരണപ്പെടുന്ന ഒരിടം. തദ്ദേശീയരായ ഓരോരുത്തരും ഏതു നിമിഷവും കുറ്റാരോപിതനാകുകയോ, മരണപ്പെടുകയോ ചെയ്യുന്ന ഒരിടത്തിലേയ്ക്ക് എത്തപ്പെടുന്ന, ഗൗരിയുടെ ജീവിതത്തിലൂടെ അപ്രകാശിതമായ ഒരു ജനതയുടെ കഥ പറയാൻ ശ്രമിക്കുകയാണ് ആഷ് അഷിത കാവ എന്ന നോവലിലൂടെ.

ഏതു നിമിഷവും എന്തും സംഭവിക്കാവുന്ന ഒരിടം. സമാധാനത്തെക്കാൾ തീവ്രവാദത്തിന് വേരുറപ്പുള്ള സ്ഥലം. തീവ്രവാദികളാലോ പോലീസുകാരാലോ പട്ടാളക്കാരാലോ മരണപ്പെടുന്ന തദ്ദേശീയർ. പ്രതിക്ഷേധത്തിനോ, മറുവാക്കിനോ പോലും സമയം കൊടുക്കാത്ത നിയമം. കാണാതായവരുടേയും മരണപ്പെടുന്നവരുടേയും കണക്കെടുക്കാൻ പോലും കഴിയാത്ത ബന്ധുക്കൾ. എന്തു കൊണ്ടും ശാന്തമല്ലാത്ത ഭൂമിക. ഇവിടെ ഒരു പ്രണയത്തിനു സാധ്യതയുണ്ടോ? മരവിച്ച മനസുകളിൽ കവിതയും പാട്ടും അവശേഷിക്കുന്നുണ്ടോ? ഉണ്ട് എന്ന് തെളിയിക്കുകയാണ് ഈ നോവൽ. കവിതയും പാട്ടും പ്രണയവും രക്തരൂക്ഷിതമായ ഒരു പ്രദേശത്ത് പ്രതിഷ്ഠിച്ച് ധർമ്മത്തിൻ്റെ മൂല്യവിചാരണ നടത്തുകയാണ് ഇവിടെ. കവിത എഴുതുന്ന, ഗസലുകൾ പാടുന്ന,  നൃത്തം ചെയ്യുന്ന ഒരു കാശ്മീരി ജനത അടിത്തട്ടിലുണ്ട്. അടിസ്ഥാനപരമായി അവരുടെ യഥാതഥ ജീവിതം അങ്ങനെ ആയിരിക്കണമെന്നിരിക്കെ അവിടെ പ്രവർത്തിക്കുന്ന ആയുധങ്ങളുടെ ശബ്ദത്തിൽ അവ കളങ്കിതമാകുന്നു. തോക്കുകൾ മാത്രം സംസാരിക്കുന്ന ഒരിടത്ത് സമാധാനപരമായ ഒരു ജീവിതത്തിന് സാധ്യതയില്ല എന്നതു മാത്രമല്ല അത്തരം ജീവിതം ആഗ്രഹിക്കുന്ന ജനതയെ കൂടി തോക്കിൻ്റെ വഴിക്കു നടത്താൻ പ്രേരിപ്പിക്കുന്ന ഒരു രാഷ്ട്രീയം അവിടെ പ്രവർത്തിക്കുന്നുണ്ട്. വേണ്ടപ്പെട്ടവരുടെ മരണത്തിന് നീതി തേടാൻ ആയുധമെടുക്കുന്ന സാധാരണക്കാരൻ അതിനാകാതെ കീഴ്പ്പെടേണ്ടി വരുന്ന വിധേയത്വം പ്രവർത്തിക്കുന്നുണ്ട് ഈ സ്ഥലത്ത്. അടിസ്ഥാനപരമായി സമാധാനം പ്രവർത്തിക്കേണ്ട ഒരിടത്ത് അശാന്തമായ സംഭവങ്ങളെ പ്രതിഷ്ഠിച്ച് അതിനെ മലിനമാക്കുന്ന ക്രൂരബുദ്ധിയുടെ ഇരകളാണ് ഇവിടുത്തുകാർ. കബീർ സോഫി എന്ന കാമുകനെ തേടിയെത്തുന്ന ഗൗരിക്ക് അനുഭവിക്കേണ്ടി വരുന്ന ക്രൂരമായ പീഢനകഥ മാത്രമല്ല കാവ, മറിച്ച് ഷബ്രോസ് ഭട്ട് എന്ന സാധാരണക്കാരനായ ഒരു തദ്ദേശിയൻ്റെ ദുരന്ത കഥ കൂടിയാണ്.


Related Articles