എന്നിലെ വായനക്കാരൻ സീരിയസായി ഉണരുന്നതിന് മുമ്പാണ്. ചില "പ്രത്യേക പുസ്തകങ്ങൾ" മാത്രം തെരഞ്ഞെടുത്ത് വായിക്കുന്ന സമയം. ആയിടക്കാണ് വീടിന് അടുത്തുള്ള ലൈബ്രറിയിൽ ദിവസങ്ങൾക്ക് മുന്നേ എടുത്ത സിഡ്നി ഷെൽഡന്റെ "അർദ്ധരാത്രിയുടെ മറുവശം" തിരികെ കൊടുക്കാൻ പോയപ്പോൾ (അന്ന് ഇത് മുഴുവനും വായിച്ചോ എന്നൊന്നും ചോദിക്കരുതേ) പുതിയ കുറച്ച് പുസ്തകങ്ങൾ വന്നത് ശ്രദ്ധയിൽ പെട്ടത്. വി.ടി.നന്ദകുമാറിന്റെ "രണ്ട് പെൺകുട്ടികൾ", പെരുമ്പടവത്തിൻ്റെ "ഒരു സങ്കീർത്തനം പോലെ", ഉറൂബിന്റെ "ഉമ്മാച്ചു", മുട്ടത്ത് വർക്കിയുടെ "ഫിഡിൽ" അങ്ങനെ കുറെയേറെ പുതിയ പുസ്തകങ്ങൾ. കൗതുകം കൂടിപ്പോയതിന്റെ പേരിൽ "രണ്ട് പെൺകുട്ടികൾ" എടുക്കാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഏറ്റവും അവസാനം ഇരുന്ന ഒരു പുസ്തകം കാണുന്നത്. പമ്മന്റെ "ഭ്രാന്ത്". ആദ്യം ആകർഷിച്ചത് അതിന്റെ പുറംചട്ട തന്നെയാണ്. ആരേലും നോക്കുന്നുണ്ടോ എന്ന് ചുറ്റിനും നോക്കിയിട്ടാണ് "ഭ്രാന്ത്" കയ്യിലെടുത്തത്. ഓടിച്ചുള്ള വായനയിൽ എവിടെയൊക്കെയോ കണ്ണുകൾ തടഞ്ഞു നിന്നു. ബാലചാപല്യം. മുഴുവനും വായിക്കണം എന്നുണ്ട്. പുസ്തകം എടുത്താലോ എന്നു വിചാരിച്ചു. പക്ഷേ ധൈര്യം പോര. പുറംചട്ടയിലെ ചിത്രം തന്നെയായിരുന്നു വിഷയം. അങ്ങനെ അന്നത്തെ ആ ഉദ്യമം അവിടെ ഉപേക്ഷിച്ചു. വായിക്കാൻ എടുത്ത "രണ്ട് പെൺകുട്ടികൾ" വായിച്ചതുമില്ല. ആഴ്ചകളോളം അത് മേശയുടെ ഒരു മൂലക്കിരുന്നു.
മനസിൽ മുഴുവനും "ഭ്രാന്ത്" എങ്ങനെ വായിക്കാം എന്നായിരുന്നു ചിന്ത. പിന്നീട് പലപ്പോഴും ഭ്രാന്ത് അന്വേഷിച്ച് പോയെങ്കിലും ഓരോ പ്രാവശ്യവും അതിന് പുതിയ അവകാശികൾ വന്നുകൊണ്ടേയിരുന്നു. ദിവസങ്ങൾ കടന്നുപോയി. ഭ്രാന്ത് ചിന്തകൾ ഏറെക്കുറെ മറന്ന് തുടങ്ങിയ സമയം. ഒരിക്കൽ ഒരു കൂട്ടുകാരന്റെ വീട്ടിൽ പോയപ്പോൾ അവന്റെ പുസ്തക ശേഖരത്തിൽ ന്യൂസ് പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ് സൂക്ഷിച്ചു വച്ചിരുന്ന ഒരു പുസ്തകം കാണാനിടയായി (പഠിക്കുന്ന പുസ്തകങ്ങൾ പോലും വലിച്ചുവാരി ഇടുന്നവനാണെന്ന് ഓർക്കണം). എനിക്കൊരു സംശയം. പുസ്തകം എടുത്ത് തുറന്ന് നോക്കിയ ഞാൻ കണ്ടത് മറന്ന് പോയ ആ പഴയ പേര്. പമ്മന്റെ "ഭ്രാന്ത്". അവൻ എനിക്ക് ദൈവദൂതനായിരുന്നു ആ സമയത്ത്. അനുവാദം പോലും ചോദിക്കാതെ "വായിച്ചിട്ട് തരാം" എന്നു മാത്രം പറഞ്ഞ് ഞാൻ ഇറങ്ങി. പൊതിഞ്ഞ് സൂക്ഷിക്കാൻ തോന്നിയ അവന്റെ ബുദ്ധിയെ ഞാൻ ബഹുമാനിച്ചു. അങ്ങനെ ഒളിച്ചും പാത്തും "ഭ്രാന്ത്" വായിച്ചു തീർത്തു. ചില പേജുകൾ ആവർത്തിച്ചു വായിച്ചതും ഓർക്കുന്നു.
