വലയില്‍ കുരുങ്ങുന്ന ജീവബിന്ദുക്കള്‍*

Book Review

വലയില്‍ കുരുങ്ങുന്ന ജീവബിന്ദുക്കള്‍*


സ്ഥലകാലങ്ങള്‍ക്ക് രാഷ്ട്രീയകാഴ്ചകള്‍ സാധ്യമാവുന്നതോടെ ഓരോ ജീവിതവ്യവഹാരത്തിന്റെയും യുക്തിഭദ്രത സംവാദവിഷയമാവുകയോ ചോദ്യം ചെയ്യലിന് വിധേയമാവുകയോ ചെയ്യുകയാണ്. വ്യക്തിപരമായ ബന്ധങ്ങളിലെ ഏറ്റിറക്കങ്ങളും രാഷ്ട്രീയധാരകളിലെ ആശയസമരങ്ങളും മനുഷ്യരുടെ ഭാഗധേയത്തെ ഭാവനാതീതമായി ബാധിക്കുന്നു. ചരിത്രത്തിന്റെയും ഓര്‍മയുടെയും വേരുകളുടെ സാന്നിധ്യം സൃഷ്ടിക്കുന്ന നൈരന്തര്യം മനുഷ്യരെ പരിപോഷിപ്പിക്കുന്നവിധം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാനവരാശിയെ സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ ദൂരീകരിക്കാന്‍ അത് ഉപകാരപ്രദമാകും. അനേകം അടയാളപ്പെടുത്തലുകളുടെ ദൂരവ്യാപകമായ ആഘാതങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കരുത്ത് നാം ആര്‍ജ്ജിച്ചിട്ടില്ല. അതിനാല്‍ തന്നെ ഭൂതകാലത്തെ ഓര്‍മ്മകള്‍ മനുഷ്യരെ ഏതെല്ലാം വിധത്തിലാണ് അലട്ടുന്നത് എന്നത് ചിന്തിച്ച് വിശദീകരിക്കാന്‍ പ്രയാസമാണ്. പ്രതീക്ഷാഭംഗങ്ങളുടെയും പ്രകാശനിരാസങ്ങളുടെയും ഖണ്ഡങ്ങളായി ഭൂതകാലം മനുഷ്യമനസ്സില്‍ നിലനില്‍ക്കുന്നതോടെ ജീവിതത്തെ മുന്നോട്ടു നയിക്കാന്‍ മാനുഷിക സ്പര്‍ശത്തെ ഉദ്ദീപിപ്പിക്കുന്ന സമീപനം ആവശ്യഘടകമാവുന്നുണ്ട്. പ്രത്യാശകളും നിരാശകളും താരതമ്യം ചെയ്യപ്പെടുന്ന തുലാസില്‍ താഴ്ന്നു നില്‍ക്കുന്ന തട്ടിന്റെ ബലം ജൈവികമായ മറ്റു പല അംശങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇത്തരത്തില്‍, കണ്ണെത്താദൂരം പരന്നു കിടക്കുന്ന മണലാഴിയില്‍ ഏകാന്തത അനുഭവിക്കുന്ന മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ജീവിതത്തിന്റെയും രാഷ്ട്രത്തിന്റെയും മുറിവുകളെ അവതരിപ്പിക്കുകയാണ് ദിവ്യ അരുണ്‍ 'യെല്ലോ റിബ്ബണ്‍' എന്ന നോവലില്‍. ഈ എഴുത്താളിന്റെ ആദ്യത്തെ നോവലായ 'യെല്ലോ റിബ്ബണി'ല്‍ സഭാകമ്പമില്ലാതെ, ഉപാധികളെ മുന്നോട്ടുവെയ്ക്കാതെ, മനുഷ്യവര്‍ഗ്ഗത്തിന്റെ അടിസ്ഥാനപരമായ സ്വഭാവങ്ങളെ നിര്‍ധാരണം ചെയ്യുന്നു. സാധാരണമായ കരുക്കളെ ഉപയോഗിച്ചോ പൊതുമാനദണ്ഡങ്ങളുടെ ഏകതാനതയിലൂടെയോ അല്ലാ നോവലിസ്റ്റിന്റെ ഈ പ്രവൃത്തി എന്നത് എടുത്തുപറയണം. നോവലിലെ പേര് പറയാത്ത ആഖ്യാതാവ് സ്വാനുഭവങ്ങളുടെ സഹായത്തോടെ ആര്‍ജ്ജിച്ച വൈകാരികതയുടെ ലോകത്തെ പുതുതായി അവലോകനം നടത്താന്‍ ശ്രമിക്കുകയാണ്. ഉറവകളവസാനിക്കാത്ത മനുഷ്യഗുണങ്ങള്‍ ലോകത്തു നിന്ന് മാഞ്ഞു പോയിട്ടില്ല എന്നുറപ്പിക്കുന്ന ആഖ്യാനത്തില്‍ സ്വാര്‍ത്ഥലാഭത്തിനായി അസാധാരണമായ നാടകീയത പ്രകടമാകുന്ന കഥാപാത്രങ്ങളെയും കാണാം. മാത്രമല്ല, സ്ത്രീ-പുരുഷ ബന്ധത്തിന്റെ നിര്‍വ്വചനത്തില്‍ ലിംഗ/രാഷ്ട്രീയ ചേരുവകള്‍ അസാമാന്യമായ തരത്തില്‍ സ്വാധീനം ചെലുത്തുന്നതിന്റെ രേഖാചിത്രം നോവലില്‍ വരച്ചെടുക്കുന്നു. പ്രമേയസമീപനത്തിലും, കഥാസന്ദര്‍ഭങ്ങളിലെ ക്രമീകരണത്തിലും, കഥാപാത്രങ്ങളുടെ വികസനത്തിലും, ഭാവനാത്മകമായ രംഗങ്ങളിലും നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന തഴക്കം നോവലിന്റെ മിഴിവ് അധികമാകുന്നു.

മറക്കാനാഗ്രഹിക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ കെട്ടുകളഴിച്ചുകൊണ്ട് പ്രയാസപ്പെടുത്താന്‍ എത്തുന്നതിനെ തടയാന്‍ ആഖ്യാതാവിനാവുന്നില്ല. ഭൂതകാലത്തെ സംബന്ധിച്ച അവസാനമില്ലാത്ത ചിന്തകള്‍ 'സുനാമിത്തിര'യ്ക്കു സമാനമായി ആഖ്യാനത്തില്‍ അലയടിക്കുന്നുണ്ട്. ഒരു മലയാളി യുവതിയുടെ സിംഗപ്പൂരിലെയും ഹോങ്കോങ്ങിലെയും അനുഭവങ്ങളെ കേന്ദ്രീകരിച്ചാണ് ആഖ്യാനം ഉരുത്തിരിയുന്നത്. ആഖ്യാതാവിന്റെ വ്യക്തിഗത ജീവിതത്തിന്റെ താളപ്പിഴകളിലൂടെ കടന്നു പോകുന്ന നോവല്‍ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സത്യസന്ധതയില്ലായ്മയെ തുറന്നു കാണിക്കുന്നു. എങ്കിലും നോവലിന്റെ ഭൂമിക വിസ്തൃതമായ മറ്റൊരു തുറസ്സിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭരണകൂടങ്ങള്‍ അനുശാസിക്കുന്ന നിക്ഷിപ്തമായ നയങ്ങളും ഭരണവ്യവസ്ഥ വീശുന്ന നിഴലുകളും പൗരത്വപ്രക്ഷോഭങ്ങളും സ്വത്വപരമായ പ്രതിസന്ധികളുമെല്ലാം നോവലിന് ദൃഢതയേകുന്ന തൂണുകളാകുന്നു. 2019-ല്‍ ഹോങ്കോങ്ങിലെ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ദേശീയ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങള്‍ 'യെല്ലോ റിബ്ബണി'ന്റെ അടിയൊഴുക്കാവുകയാണ്. സ്വന്തമായ സമ്പ്രദായങ്ങളും ജീവിതശൈലിയും പിന്തുടരുന്ന ഹോങ്കോങ് ഭരണക്കൈമാറ്റത്തിലൂടെ ചൈനയുടെ ഭാഗമായി മാറുന്നു. 'ഒരു രാജ്യം രണ്ടു സമ്പ്രദായം' എന്ന വ്യവസ്ഥയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ഹോങ്കോങ്ങ് നിവാസികള്‍, വിശേഷിച്ച് ചെറുപ്പക്കാര്‍ അണിനിരക്കുകയാണ്. നോവല്‍ ആവിഷ്‌കരിക്കുന്ന രാഷ്ട്രീയബോധത്തിന്റെ മാനം വര്‍ധിക്കുന്നത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും തെരുവില്‍ ചെറുത്തുനില്‍പ്പുകള്‍ നടത്തുകയും ചെയ്യുന്ന എലീനെ പോലെയുള്ളവരുടെ നിലപാടുകളിലൂടെയാണ്. 2019 ജൂണ്‍ 12ന് പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഈ നീക്കം തീര്‍ച്ചയായും സമകാലിക ചൈനീസ് രാഷ്ട്രീയത്തിലും ഹോങ്കോങ്ങ് ചരിത്രത്തിലും ഒരു പ്രധാന വഴിത്തിരിവാണ്. രാഷ്ട്രസങ്കല്പത്തെ കുറിച്ചുള്ള യുവതയുടെ ഉള്‍ക്കാഴ്ചയ്ക്ക് കടകവിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതോടെയാണ് അഭിപ്രായവ്യത്യാസം രൂക്ഷമായത്. സ്വന്തം നാട്ടില്‍ അന്യരായി പരിണമിക്കുന്ന രംഗം തീര്‍ത്തും അപലപനീയമാണ്. ചെറുത്തു നില്പിന്റെയും അഭിമാനം സംരക്ഷിക്കുന്നതിന്റെയും ചരിത്രം സൃഷ്ടിക്കുന്ന ദൃശ്യമാണ് ഹോങ്കോങ്ങില്‍ നടന്നത്. പ്രതിഷേധത്തില്‍ പങ്കെടുത്ത മനുഷ്യരുടെ വിലയേറിയ ശബ്ദങ്ങള്‍ക്ക് നല്‍കേണ്ടി വന്ന വില വലുതായി അനുഭവപ്പെട്ടു. വിശാലമായ ഒരു ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ട് പോരാടിയ അവരില്‍ ചിലര്‍ ജയിലിലായി. കുറ്റാരോപിതരായ മറ്റുള്ളവര്‍ കോടതിയില്‍ വിചാരണ നേരിടുന്നു. ഇതേ തുടര്‍ന്ന് നാട് ഉപേക്ഷിക്കേണ്ടി വന്നവരുടെ കൂട്ടത്തില്‍ എലീനും സ്ഥാനം പിടിച്ചു.


Related Articles