മതമൈത്രിയുടെ സമവാക്യങ്ങൾ
Photo credit: Sindhi Culture Foundation

Book Review

മതമൈത്രിയുടെ സമവാക്യങ്ങൾ


സിന്ധുനദീതട സംസ്കാരവുമായി ഏറെ ബന്ധമുള്ള, ഇന്ന് പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സിന്ധ് പ്രദേശത്തെ ഭാഷയാണ് സിന്ധി. പുരാതന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിൽ ഒന്നാണിത്. സിന്ധി സാഹിത്യത്തിന്  ആയിരം വർഷത്തിന്  മുകളിൽ ചരിത്രമുണ്ടെന്നു കണക്കാക്കപ്പെടുന്നു. സിന്ധി ഭാഷയിലെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിച്ചത് 1890-ലാണ്. (മിർസ ഖലീച്ച് ബെയ്‌ഗ്‌ എഴുതിയ ‘സീനത്ത്’). സിന്ധിലെ ആദ്യ വനിതാ നോവലിസ്റ്റായ ഗുലി സദരംഗാനി എഴുതിയ സിന്ധി നോവലാണ് ‘ഇത്തെഹാദ്’ (ITTEHAD: A Life Together). 1941 ൽ ആണിത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ഒരു ഹിന്ദു സ്ത്രീയും മുസ്ലീം പുരുഷനും വിവാഹിതരാകുന്നതിന്റെ സംഘർഷവും സാമൂഹികതലവും പറയുന്ന ഈ നോവൽ 2025- ൽ  റീത്ത കോത്താരി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്, സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുള്ള, മുസ്ലിം ഭൂരിപക്ഷമുണ്ടായിരുന്ന ഒരു പ്രവിശ്യയായിരുന്നു. വിഭജനത്തിന് മുമ്പ്, സിന്ധ് പൊതുവെ സമാധാനപരമായിരുന്നു, വൈവിധ്യപൂർണമായ ഒരു സംസ്കാരം പൊതുവെ അവിടെ നിലനിന്നു. എങ്കിലും അക്കാലത്ത്  അവിടുത്തെ ഹിന്ദു ജനസംഖ്യയിൽ ഭൂരിഭാഗവും ഇന്ത്യയിലേക്ക് കുടിയേറി. ക്രമേണ, 1947ന് മുമ്പ്, മതപരമായ വ്യത്യാസങ്ങൾ പലപ്പോഴും രാഷ്ട്രീയ പ്രശ്‌നങ്ങളായി രൂപപ്പെടുകയും ഇടയ്ക്കിടെ പ്രാദേശിക കലാപങ്ങൾ പൊട്ടിപ്പുറപ്പെടുകയുമുണ്ടായി. ഇത്തരം ഒരു ചുറ്റുപാട് മനസിലാക്കി വേണം ഈ നോവൽ വായിക്കേണ്ടത്. 1941-ൽ ആദ്യം പ്രസിദ്ധീകരിച്ച ‘ഇത്തെഹാദ്’ പിന്നീട്  വികസിപ്പിച്ചുകൊണ്ട് 1983ൽ ‘മിലാപി ജീവൻ’ എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചു.

മതമൈത്രിയും അന്നത്തെ സാമൂഹികപശ്ചാത്തലവും ആവിഷ്കരിക്കുന്ന നോവലിൽ സ്ത്രീകളെ മുൻനിർത്തിയുള്ള വീക്ഷണത്തിനും വിദ്യാഭ്യാസത്തിനും മറ്റും പ്രാധാന്യം കൊടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. വിശാലമായ കാഴ്ചപ്പാടുള്ളവനും വിദ്യാസമ്പന്നനുമായ ഹമീദ് എന്ന യുവാവാണ് നോവലിലെ കേന്ദ്രകഥാപാത്രം. ഏറെക്കുറെ പുരോഗമനാശയം കൈയാളുന്ന മാതാപിതാക്കളാണ് ഹമീദിന്റേത്. ഉന്നത വിദ്യാഭ്യാസം നേടിയതിനു ശേഷം ഹമീദ് ഇന്ത്യയിലേക്ക് മടങ്ങുകയും അൽമോറയിൽ വെച്ച് തന്റെ സുഹൃത്തുക്കളായ വിജയ്, അരുണ എന്നിവരെ കണ്ടുമുട്ടുകയുമാണ്. അയാളുടേത് പോലെ തന്നെയുള്ള നിലപാടുകൾ അവരും പ്രകാശിപ്പിച്ചിരുന്നു. സാമൂഹിക വിവേചനങ്ങളെ  എതിർക്കാനുള്ള പ്രവണതയും സമത്വത്തെ കുറിച്ചുള്ള ചിന്തകളും അവർ പങ്കുവെച്ചു. ജാതിക്കും മതത്തിനും അതീതമായ സ്ഥിതിയും സ്ത്രീകളുടെ അവകാശങ്ങളും സമൂഹത്തിൽ പുലരേണ്ടതിനെ സംബന്ധിച്ചും ചർച്ച ചെയ്യുന്നത് അവർ പതിവാക്കി. രാഷ്ട്രം ഒരു സന്ദിഗ്ധാവസ്ഥയിലൂടെ കടന്നു പോകുന്ന നാളുകളായിരുന്നു അതെന്ന് ഓർക്കണം. കോൺഗ്രസ്സ് നേതൃത്വവുമായുള്ള ജിന്നയുടെ അഭിപ്രായവ്യത്യാസം സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്തു. ആ ദിവസങ്ങളിലാണ് ഹമീദ് വിജയിന്റെ ബന്ധുവായ ആശയെ പരിചയപ്പെടുത്തുന്നത്. തന്റെ ആശയങ്ങളുമായി ചേർന്നു നിൽക്കുന്ന ആശയിൽ അയാൾ അനുരക്തനായി. ജാതി-മത സമവാക്യങ്ങൾ തകർക്കേണ്ടത് അനിവാര്യമെന്ന് അവളും വിശ്വസിച്ചു. 'ഇന്ത്യ' എന്ന രാജ്യം ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രസക്തിയെ പറ്റി അവർക്ക് ഉറച്ച ധാരണയുണ്ടായിരുന്നു. അവരുടെ പ്രണയത്തെ സമൂഹത്തെ ഭയന്ന്, അവരുടെ മാതാപിതാക്കൾക്ക് വരെ ആദ്യം അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ മാതാപിതാക്കൾ മരിച്ചതോടെ ഒറ്റയ്ക്കായ ആശയെ, എല്ലാ എതിർപ്പും അവഗണിച്ചുകൊണ്ട് ഹമീദ് പങ്കാളിയാക്കുകയാണ്. ഇവരുടെ ഒത്തുചേരൽ ഒരു സന്ദേശം കൂടിയാണ് നൽകുന്നത്. അസഹ്യമായ വിവാഹബന്ധം വേർപ്പെടുത്താനും വിവാഹബന്ധത്തിൽ നിന്നു പുറത്തു വരാനും ഭയപ്പെട്ട സ്ത്രീകൾക്ക് ധൈര്യം പകരാനും ഹമീദ്-ആശ ബന്ധം പ്രേരകമാവുന്നുണ്ട്.   അതുകൂടാതെ ഇഷ്ടപ്പെടുന്നവരുടെ കരം പിടിക്കാനും ജീവിതത്തിലേക്ക് ക്ഷണിക്കാനും മനുഷ്യർക്ക് ആർജവം നൽകാനും ഇത് സഹായകമായി. മതങ്ങൾ തമ്മിലുള്ള സമവായത്തിന്റെയും മനുഷ്യർക്കിടയിലെ സ്നേഹത്തിന്റെയും കരുണയുടെയും ദൃഷ്ടാന്തമായി ആഖ്യാനം തെളിയുന്നു. ഇന്ത്യ -പാകിസ്ഥാൻ വിഭജനത്തിന് മുന്നേയുള്ള ആഖ്യാനസന്ദർഭത്തിൽ, മനുഷ്യബന്ധങ്ങളുടെ ആഴത്തെയാണ് അനാവരണം ചെയ്യുന്നത്. സിന്ധ് പ്രദേശത്തിനും സമൂഹത്തിനും അപരിചിതമായ സ്ത്രീവാദവും പ്രണയവുമാണ് നോവലിസ്റ്റ് ഉയർത്തിക്കൊണ്ടുവരുന്നത്. ഒത്തുപോകാൻ സാധിക്കാത്ത വിവാഹബന്ധം ഉപേക്ഷിച്ചു കൊണ്ട് മറ്റൊരു വിവാഹം കഴിക്കുന്ന മോഹിനിയും വേറിട്ട ഒരു കഥാപാത്രമാണ്. മറ്റു ചില കഥാപാത്രങ്ങളായ സറീനയും രഞ്ജിത്തുമായുള്ള അടുപ്പവും മത-ജാതി ഘടനയിൽ അധിഷ്ഠിതമായിരുന്നില്ല.   


Related Articles