“Each time a woman stands up for herself,
without knowing it possibly,
without claiming it,
she stands up for all women.”
— Maya Angelou
മനുഷ്യചരിത്രത്തിന്റെ ആരംഭം മുതൽക്കേ അധികാരം, പദവി, സാമൂഹിക നിർമ്മിതി എന്നിവയെല്ലാം പുരുഷകേന്ദ്രീകൃതമായ താല്പര്യങ്ങൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. ചരിത്രാതീത കാലം തൊട്ട് സ്ത്രീയെ രണ്ടാംകിട പൗരയായി (The Second Sex) കാണുന്ന ഒരു പൊതുബോധം സമൂഹം നിലനിർത്തിപ്പോന്നു. ഈയൊരു വ്യവസ്ഥിതിക്ക് ഏറ്റവും വലിയ അടിത്തറയും ആധികാരികതയും നൽകിയത് സംഘടിത മതങ്ങളുടെ രൂപീകരണവും അവ മുന്നോട്ടുവെച്ച ദൈവസങ്കല്പങ്ങളുമാണ്. മിക്ക മതങ്ങളും തങ്ങളുടെ ദൈവശാസ്ത്രം നിർമ്മിച്ചെടുത്തത് സ്ത്രീവിരുദ്ധമോ അല്ലെങ്കിൽ സ്ത്രീയെ പൂർണ്ണമായും അദൃശ്യയാക്കുന്നതോ ആയ പുരുഷാധിപത്യ മൂല്യങ്ങളിലാണ്.
