"ഒരു പുസ്തകംമാത്രം വായിക്കുന്നവർ ബോറന്മാർ മാത്രമല്ല, അപകടകാരികൾകൂടിയാണ്"

Book Review

"ഒരു പുസ്തകംമാത്രം വായിക്കുന്നവർ ബോറന്മാർ മാത്രമല്ല, അപകടകാരികൾകൂടിയാണ്"


കലയിലെ വഴികൾ പലതാണ്. അത് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതല്ല. മുൻവിധികൾ അനുസരിച്ച് യാന്ത്രികമായി നീങ്ങുമ്പോൾ കലയുടെ ചൈതന്യം കെട്ടുപോകും. അതുകൊണ്ട് കലാകാരൻ എപ്പോഴും പുത്തൻ വഴികൾ വെട്ടിത്തെളിക്കും. കലയിൽ പുതി​യൊരു രൂപം തേടുക, പുതിയ ആഖ്യാനമാതൃകകൾ കൊണ്ടുവരിക, ജീവിതത്തിന്റെ ഗൂഢവും അപരിചിതവുമായ ഭാവങ്ങൾ വെളിപ്പെടുത്തുക, പരീക്ഷണങ്ങളിൽ ഏർപ്പെടുക, പുതിയ ഭാവനയും പുതിയ ഭാഷയും സൃഷ്ടിക്കുക ഇതെല്ലാം എല്ലാക്കാലത്തും മികച്ച കലാകാരന്മാർ ചെയ്യുന്ന കാര്യങ്ങളാണ്. ഇങ്ങനെയുള്ള മാർഗ്ഗങ്ങളിലൂടെ കലാകാരന്മാർ നീങ്ങിയില്ലെങ്കിൽ കല നിശ്ചലമാകും. അതിന്റെ സംവേദനതലങ്ങൾ വായനക്കാരെ സ്പർശിക്കാതെയാകും. അങ്ങനെ കല മരവിച്ചുപോകും. യാഥാസ്ഥിതിക വായനക്കാരെ നടുക്കിയും പ്രകോപിപ്പിച്ചും സൗന്ദര്യ​ശാസ്ത്രപരമായ കുഴപ്പങ്ങളിൽ ചാടിച്ചും നീങ്ങുന്ന കല മെല്ലെ മെല്ലെ പുതിയൊരു സൗന്ദര്യതീരത്തിലേക്കു നീങ്ങാറുണ്ട്. യഥാർത്ഥ കലാകാരന്മാർ അത്തരം ശ്രമങ്ങൾ നിരന്തരം നടത്തുന്നത്  കാണാം. അതിലവർ എല്ലായ്പോഴും വിജയിക്കണമെ​ന്നില്ല. വിജയിച്ചാൽ ഭാഷയിൽ പുതിയ ഭാവുകത്വവും സൗന്ദര്യക്രമവും കനകശോഭയോടെ പ്രത്യക്ഷപ്പെടും. ഇത് സാഹിത്യത്തിൽ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്നതാണ്.

വി.എസ്. അജിത്തിന്റെ ‘കുസുമാന്തരലോലൻ' എന്ന നോവൽ വായിച്ചപ്പോൾ മനസ്സിലേക്കു കടന്നുവന്ന വിചാരങ്ങളാണ് മുകളിൽ വിശദീകരിച്ചത്. ഇതിനകംതന്നെ വ്യത്യസ്തങ്ങളായ നിരവധി കഥകളെഴുതി നല്ല വായനക്കാരെ ആകർഷിച്ച കഥാകാരനാണ് അജിത്ത്. മൂന്ന് കഥാസമാഹാരങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു​വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ നോവലാണ് ‘കുസുമാന്തരലോലൻ'. മുകളിൽ വിശദീകരിച്ച വിധത്തിൽ കലയിൽ പുതുമാർഗ്ഗങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്ന കഥാകാരനാണ് അജിത്ത് എന്ന് ഈ നോവൽ നമ്മോട് പറയുന്നു. തന്റെ കാലത്ത് പ്രബലമായി മാറിയ ആഖ്യാനരീതികളെയും ഭാഷാസങ്കല്പങ്ങളെയും കാഴ്ചപ്പാടുകളെയും തള്ളിമാറ്റി തന്റേതായ മാർഗ്ഗം അദ്ദേഹം തിരയുന്നത് നോവലിൽ കാണാം. നോവലിന്റെ ഘടനയെയും രൂപത്തെയും സംബന്ധിച്ച വ്യവസ്ഥാപിതധാരണകളെയും കഥാപാത്രസൃഷ്ടിയെപ്പറ്റി നിലവിലുള്ള മാമൂൽവിശ്വാസങ്ങളെയും തകിടം​മറിച്ച്  യാഥാസ്ഥിതിക വായനക്കാർക്ക് പെട്ടെന്ന്  അംഗീകരിക്കാൻ കഴിയാത്ത വഴികളിലൂടെ നീങ്ങുകയാണ് നോവ​ലിസ്റ്റ്. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ പുതിയ അറിവുകളും സാഹിത്യത്തിലെ ഭാവുകത്വചർച്ചകളും ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച നിശിതമായ നിരീക്ഷണങ്ങളും ഇടകലർന്ന് നീങ്ങുകയാണ് നോവലിൽ. തീർത്തും അസംബന്ധ​ങ്ങളും അയുക്തികസംഭവങ്ങളും നോവലിൽ വന്നു നിറയുന്നു. ഇവയുടെ പിന്നിലുള്ള ആശയലോകവും വിവക്ഷിതങ്ങളും സാധാരണ വായന​ക്കാർക്ക് പെട്ടെന്ന് തെളിഞ്ഞുകിട്ടണമെന്നില്ല. ഒരു പൂവിൽ നിന്നും മറ്റൊന്നിലേക്ക് പാറിനടക്കുന്ന കുസുമാന്തരലോലനാണ്  നായകൻ. കുമാരനാശാന്റെ ‘വീണപൂവി'ലെ പ്രയോഗമാണ് കുസുമാന്തരലോലൻ. സകല സദാചാരനിയമങ്ങളെയും അപ്പാടെ നിരാകരിച്ചുകൊണ്ടുള്ള കുസുമാന്തരലോലന്റെയും ‘ലോല’ കളു​ടെയും അർമാദിക്കലുകളും കാമാന്വേഷണപരീക്ഷണങ്ങളുമാണ് നോവലിൽ വിവരിക്കുന്നത്. ഇതൊന്നും വേഗത്തിൽ വായനക്കാർ സ്വീകരിക്കണമെന്നില്ല. എന്നാൽ ആവർത്തിച്ചു വായിക്കുമ്പോൾ നിശിതവും ക്രൂരവുമായ വിമർശനവും പത്തിവിടർത്തിയാ​ടുന്ന ഫലിതപരിഹാസങ്ങളും വായനക്കാരെ സ്പർശിക്കുമെന്ന കാര്യം നിശ്ചയമാണ്. വായനക്കാരൻ നോവലിൽ ചിത്രീകരിക്കുന്നവ വിശ്വസിച്ചും വിശ്വസിക്കാതെയും മെല്ലെ ആസ്വദിച്ചു തുടങ്ങും. നോവലിസ്റ്റ് പറയുന്ന പലതും അവാസ്തവങ്ങളാണെന്ന് അറിഞ്ഞു​കൊണ്ടുതന്നെ അവയുടെ പിന്നിലുള്ള വാസ്തവരശ്മികൾ മനസ്സിലാക്കിത്തുടങ്ങും. അവയെല്ലാം സമകാലിക ജീവിതത്തെ സംബന്ധിക്കുന്ന പരുപരുത്ത യാഥാർത്ഥ്യങ്ങളിലേക്കും ആഴമേറിയ ഉൾക്കാഴ്ചകളിലേക്കും വായനക്കാരെ കൊണ്ടു പോകുകയും ചെയ്യും.


Related Articles