''അയാൾ സമയതുരങ്കത്തിൽ അകപ്പെട്ട് വഴി തെറ്റി നടക്കുകയാണ്. അകലെ അതിന്റെ കവാടം ചന്ദ്രവളയത്തിൽ പ്രകാശിക്കുന്നത് കാണുന്നു. വളരെക്കാലം പാർത്ത മുറിയുമായി ബസ്സിൽ കയറി മുറിസീറ്റിൽ വെച്ച് ജനാല തുറന്ന് അയാൾ ലോകത്തെ നോക്കുകയാണ്. നാളത്തെ നിലവിളി ഇപ്പൊഴേ വിളിക്കുന്ന മുഖവുമായ് ആളുകൾ പാവകളെപ്പോലിരിക്കുന്നതും പ്രാണനും പിടിച്ചുകൊണ്ട് ജനം തെരുവിലൂടെ ഓടുന്നതും അയാൾ കാണുന്നുണ്ട്. കൊളുന്തു നുള്ളുന്ന അമ്മമാരുടെ സഞ്ചിയിൽ നിന്നും ഇറ്റുവീഴുന്ന കണ്ണീർ വൈഡൂര്യമായ് ഉറയുന്നു. കറുത്ത പക്ഷികൾ ആ വൈഡൂര്യമണികൾ കൊത്തിയെടുത്ത് ഒറ്റയ്ക്കിരുന്ന് കരയുന്ന പെൺകുട്ടികളുടെ മുറികളിൽ കൊണ്ടുവയ്ക്കുന്നു. ഭൂമി കറക്കം നിറുത്തിയോ എന്ന് ചോദിച്ച് ഗോവിന്ദേട്ടൻ നടന്നുകൊണ്ടേയിരിക്കുന്നു. ഓർമ്മയും മറവിയുമില്ലാത്ത AI നിയന്ത്രിത ലോകത്ത് മനുഷ്യർ വേസ്റ്റുകളായ് കുമിഞ്ഞുകൂടുന്നു. വിമാനത്തിൽ സഞ്ചരിക്കുന്ന ടെക്കി ഭൂതകാല യാത്രയിലൂടെ ആദിമ ആവാസയിടമായ ഗുഹയിലെത്തി കല്ലുരസി തീപിടിപ്പിച്ച് കാട്ടുമൃഗത്തെ ചുട്ടെടുക്കുന്നു. വസന്തം പൂത്ത ഉടലുകൾ ലീലകളാടാൻ വെമ്പൽ കൊള്ളവേ അഭാവത്തിലും ശൂന്യതയിലും ഉടൽവാസനകൾ വിലയം കൊള്ളുന്നത് കമിതാക്കൾ അറിയുന്നു ' .
കളത്തറ ഗോപന്റെ 'വഴിപിണക്കി' യിലെ സൈക്കഡലിക് ഭാവന സൃഷ്ടിക്കുന്ന ആഘാത ദൃശ്യങ്ങളുടെ ചില ഭാഗങ്ങളാണ് ഇത്. ഈ കവിതകൾ വായിച്ചു പോകവെ കാവ്യഭാവനയുടെയും ബിംബകല്പനകളുടെയും തമോഗർത്തങ്ങളിൽ നാം അകപ്പെട്ടു പോകുന്നു. വ്യാഖ്യാനത്തിനോ വിശകലനത്തിനോ പിടിതരാതെ അവ നമ്മെ വെല്ലുവിളിക്കുന്നു.
ഭൗതികവും ആന്തരികവുമായ സമയകാലങ്ങളുടെ പ്രശ്നവൽക്കരണങ്ങൾ അപരിഹരണീയമായ ജീവിതപ്രശ്നങ്ങൾക്കും ദു:ഖദുരിതങ്ങൾക്കും അതിഭൗതികമായ സാന്ത്വനവഴികൾ തെളിക്കുന്നു. ക്ഷുദ്രമായ വൈകാരിക ഗതീയതകളെ സമയത്തിന്റെയും കാലത്തിന്റെയും അപാരതകളിലേക്ക് ബന്ധിപ്പിക്കുബോൾ സംഭവിക്കുന്ന ദുരൂഹ നിലകൾ. ബ്രഹ്മാണ്ഡ ദുരൂഹതകളിലേക്കും സമയപ്രഹേളികകളിലേക്കും നയിക്കുന്ന 'ടൈംലൂപ് സിദ്ധാന്തം പ്രമേയമായ ചലച്ചിത്രങ്ങളുമായി പരിചയമുള്ളവർക്ക് ഈ കവിതകളുമായി പെട്ടെന്ന് സംവദിക്കാൻ കഴിയും.
