പെരിയാറിൻറെ തീരങ്ങളും ഗാനിമീഡിലെ (ദൈവ)ശാസ്ത്രവും

Book Review

പെരിയാറിൻറെ തീരങ്ങളും ഗാനിമീഡിലെ (ദൈവ)ശാസ്ത്രവും


ഓരോ ദേശവും അതിൻ്റെ ഹൃദയത്തിൽ വഹിക്കുന്ന കഥകളുണ്ട്. ചരിത്രമായും ഐതിഹ്യമായും വിശ്വാസമായും അതാത് ദേശങ്ങളിലെ മനുഷ്യരെ വഴിനടത്തുന്ന കഥകൾ. അവയിൽ പലതും ദേശാതിരുകളിൽ ഒതുങ്ങി നിൽക്കുന്നവയാണ്. പ്രാദേശികമായ അതിർത്തികൾക്കപ്പുറത്തേക്ക് അത്തരം കഥകൾക്ക് വേരോട്ടമുണ്ടാവാറില്ല. ദേശത്തിനകത്ത് ഉരുവം കൊള്ളുകയും അവിടെ തന്നെ നിലനിന്നുപോരുകയും ചെയ്യുന്ന കഥകൾ. എന്നാൽ ചില കഥകൾ കാലദേശങ്ങളുടെ അതിർത്തികളെ മറികടന്നുകൊണ്ട് പുതിയ അർത്ഥകൽപനകൾക്ക് ഇടം കൊടുക്കുന്നു. സഹ്യമലനിരകൾ കാവൽ നിൽക്കുന്ന, ത്രേതായുഗത്തിൽ ശ്രീരാമനും സീതയും, ദ്വാപരയുഗത്തിൽ പാണ്ഡവരും സഞ്ചരിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പെരിയാറിൻ്റെ തീരപ്രദേശത്തെ ആദിമകാലം മുതലുള്ള ജനവിഭാഗങ്ങളെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളെന്ന് കരുതിപ്പോന്ന കഥകൾക്ക് പുതുജീവൻ സമ്മാനിക്കുകയാണ് ഗാനിമീഡ് എന്ന നോവൽ. അതിനായി, ശാസ്ത്രം, വിശ്വാസം, ആത്മീയത എന്നിവയെ അതീവ വഴക്കത്തോടെ കൂട്ടുചേർക്കുകയാണ് നോവലിസ്റ്റ് മനു കെ സാജൻ. 2025-ലെ ഡിസി ബുക്സ് നോവൽ മത്സരത്തിൽ ഏറ്റവും മികച്ച നോവലായി തെരഞ്ഞെടുത്ത ഗാനിമീഡ് മലയാളം ഫിക്ഷന് ഒരു പുതിയ ദിശാബോധം നൽകാൻ മാത്രം രചനാമികവുള്ള കൃതിയാണ്. തെളിഞ്ഞ ഭാഷ നോവലിൻ്റെ ആസ്വാദനത്തിന് ഏറെ സഹായകമാവുന്നുണ്ട്.

കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള ചെറിയ നോവലാണ് ഗാനിമീഡ്. എങ്കിലും അത് മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ ഗരിമ അത്ഭുതാവഹമാണ്. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പല നാടുകളിൽ നിന്ന് പല കാരണങ്ങൾ കൊണ്ട് പെരിയാർ തീരത്തിനപ്പുറം കിഴക്കൻ മലകളിലേക്ക് കുടിയേറിയ ഈനാസു, ഇട്ടുപ്പ്, വറീത്, ദേവസ്സി എന്നീ നാല് സുഹൃത്തുക്കളുടെ നായാട്ട് വിശേഷം വിവരിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. നായാട്ടിനിടെ അവരെ അതുവരെ കണ്ടിട്ടില്ലാത്ത ഒരു സത്വം ആക്രമിക്കുന്നു. മൂന്ന് മനുഷ്യരുടെ ഉയരവും ഇരുമ്പിൻ്റേതിന് സമാനമായ ഭീമൻ ചിറകുകളുമുള്ള ആ ഭീകരജീവിയുടെ ആക്രമണത്തിൽ ദേവസ്സി കൊല്ലപ്പെടുകയും ഈനാസുവിനു പരിക്കേൽക്കുകയും ചെയ്തു. തങ്ങളിൽ ഒരാളുടെ ജീവനെടുത്ത ആ അഞ്ജാത ജീവിയോട് പ്രതികാരം ചെയ്യുവാനായി അവർ നടത്തുന്ന ശ്രമങ്ങളാണ് പിന്നീട്. കിഴക്കൻ മലനിരകളിലേക്ക് കുടിയേറിയ മനുഷ്യർ കാട് വെട്ടിത്തെളിച്ച് കാപ്പിയും ഏലവും തേയിലയും റബ്ബറുമൊക്കെ കൃഷി ചെയ്തുകൊണ്ട് പെരിയാറിൻ്റെ തീരങ്ങളെ തങ്ങളുടേതാക്കി മാറ്റിയ കഥ മുഖ്യപ്രമേയത്തിന് സമാന്തരമായി വായിക്കാൻ കഴിയും.


Related Articles