നമ്മുടെ കൺമുന്നിലൂടെ കടന്നുപോവുകയും എന്നാൽ വ്യക്തിജീവിതത്തെക്കുറിച്ചും എഴുത്തുജീവിതത്തെക്കുറിച്ചും നമുക്ക് ഏറെ ഒന്നും അറിയാതിരിക്കുകയും ചെയ്യുന്ന പട്ടത്തുവിള കരുണാകരനെ(1925–1985)ക്കുറിച്ച് ഓർമ്മകൾ പങ്കുവെക്കാൻ കഴിയുന്നവർപോലും വളരെ വിരളമാണ്. എം.ടി. വാസുദേവൻ നായർ മാത്രമായിരിക്കും അത്രയേറെ ആത്മബന്ധമുണ്ടായിരുന്ന സുഹൃത്തിനെക്കുറിച്ച് എന്തെങ്കിലും പറയാൻ കഴിയുമായിരുന്ന ഒരാൾ. എഴുപത്തിരണ്ട് കഥകളും വാൾസ്ട്രീറ്റിനെക്കുറിച്ചുള്ള ഒരു ലേഖനവും (മലയാളരാജ്യം വിശേഷാൽ പതിപ്പ്, 1951) മാത്രമാണ് അദ്ദേഹത്തിന്റേതായി നമുക്കു കിട്ടിയിട്ടുള്ള എഴുത്തുകൾ. അതിൽത്തന്നെ ‘വരാന്തയിൽനിന്നുള്ള കാഴ്ച' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 1957), ഗവേഷകൻ (കൗമുദി 1966) എന്നീ കഥകൾ ഒരു സമാഹാരത്തിലും ഇതേവരെ ഉൾപ്പെട്ടിട്ടുമില്ല. അതുകൊണ്ടുതന്നെ പട്ടത്തുവിളയുടെ ഈ ആദ്യകാലകഥകൾ വായനക്കാർക്ക് ഇന്നും അന്യമാണ്. അദ്ദേഹം അവസാനമായി എഴുതിയ ‘മറ്റേ സെക്‌സ്' എന്ന കഥ മരണത്തിന് (1985 ജൂൺ 5) ഏതാണ്ട് ഒന്നരമാസം മുമ്പ് 1985 മാർച്ച് 17–ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രസിദ്ധീകരിച്ചുവന്നത്. അപ്പോൾ ഏതാണ്ട് മൂന്നരപ്പതിറ്റാണ്ട് നീണ്ടുനിന്ന (1950–1985) എഴുത്തുജീവിതത്തിൽ ആകെ എഴുപത്തിരണ്ട് കഥകൾമാത്രം പ്രസിദ്ധീകരിച്ച് മലയാള സാഹിത്യത്തിന്റെ അനശ്വരതയിലേക്കു കടന്നുപോയ പട്ടത്തുവിളയെക്കുറിച്ച് അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ നൽകാറുള്ള ലഘുജീവചരിത്രം മാത്രമാണ് അവശേഷിക്കുന്നത്. മലയാളത്തിലെ നവസിനിമയുടെ ആദ്യ ചുവടുവെപ്പുകളിലൊന്നായ ജി. അരവിന്ദന്റെ ‘ഉത്തരായന'ത്തിന്റെ നിർമ്മാതാവ് എന്ന നിലയിലാണ് പട്ടത്തുവിള ഇന്ന് അറിയപ്പെടുന്നതെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ കഥാസമാഹാരങ്ങൾ പുതിയ തലമുറ അത്രത്തോളം ആവേശത്തോടെ വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. പട്ടത്തുവിള എഴുതിയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കഥകളെ കാത്തിരിക്കുകയും ഏറെ ഗൗരവത്തോടെ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്ത ഒരു വായനാസമൂഹംതന്നെ ഉണ്ടായിരുന്നുവെന്നത് ഇന്ന് അസംബന്ധം മാത്രമായി മാത്രമേ പുതുതലമുറ വായനക്കാരും എഴുത്തുകാരും കരുതുകയുള്ളൂ.
ചിറ്റാട്ടുമുക്ക് ജനതാ ബുക്‌സ് 1957 ജൂലൈയിൽ പ്രസിദ്ധീകരിച്ച ഏഴു കഥകളുടെ സമാഹാരമായ ‘കണ്ണേ മടങ്ങുക', ‘കടപ്പാക്കട സ്‌പോർട്‌സ് ആന്റ് റീഡിങ് റൂം' 1958–ൽ പ്രസിദ്ധീകരിച്ച ആറു കഥകളടങ്ങിയ ബൂർഷ്വാ സ്‌നേഹിതൻ, കറന്റ് ബുക്‌സ് തൃശ്ശൂർ 1970 ജൂലൈയിൽ പുറത്തിറക്കിയ നാലു കഥകളടങ്ങിയ സത്യാന്വേഷണം, സാഹിത്യപ്രവർത്തക സഹകരണസംഘം 1972–ൽ പ്രസിദ്ധീകരിച്ച പന്ത്രണ്ടു കഥകളുടെ സമാഹാരമായ, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മുനി, 1981–ൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രകാശിപ്പിച്ച 23 കഥകളുടെ സമാഹാരമായ ‘നട്ടെല്ലികളുടെ ജീവിതം എന്നിവ കൂടാതെ പട്ടത്തുവിളയുടെ മരണാനന്തരം, 1991–ൽ കോഴിക്കോട് ബോധി ബുക്‌സ് പ്രസിദ്ധീകരിച്ച പന്ത്രണ്ട് കഥകളുടെ സമാഹാരമായ ബലി എന്നിങ്ങനെ ആറ് കഥാസമാഹാരങ്ങളിലായാണ് അദ്ദേഹത്തിന്റെ കഥകൾ സമാഹരിച്ചിട്ടുള്ളത്. പട്ടത്തുവിള ജീവിച്ചിരിക്കുമ്പോൾത്തന്നെ 1984 ജൂലൈയിൽ ശിഖ പ്രസിദ്ധീകരിച്ച കഥ: പട്ടത്തുവിള എന്ന സമാഹാരത്തിൽ തിരഞ്ഞെടുത്ത നാല്പതു കഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽത്തന്നെ അതുവരെ മറ്റ് സമാഹാരങ്ങളിൽ ഉൾപ്പെടാത്ത ‘പിൽസ്', ‘നോർമൽ അല്ലാത്തവർ', ‘സോഷ്യൽ സർവ്വീസ് ജൂനിയർ വിങ്', ‘സങ്കരവർഗ്ഗം', ‘ചരമവാർഷികം' എന്നീ അഞ്ച് കഥകൾകൂടി ഉൾപ്പെടുത്തിയിരുന്നു. അപ്പോൾപോലും പട്ടത്തുവിളയുടെ ‘ഗവേഷകൻ', ‘വരാന്തയിൽനിന്നുള്ള കാഴ്ച' എന്നീ രണ്ട് കഥകൾ ഈ സമാഹാരങ്ങളിലൊന്നുംതന്നെ ഉൾപ്പെടുത്തിക്കാണുന്നില്ല. പിന്നീട് ‘പ്രതികഥകൾ–വിമർശം' എന്ന പേരിൽ, ഇവയിൽനിന്നെല്ലാമുള്ള പത്ത് കഥകൾ തിരഞ്ഞെടുത്ത് 2003–ൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പട്ടത്തുവിളയുടെ ഒരു സമഗ്ര കഥാസമാഹാരം 1999–ൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പട്ടത്തുവിളയുടെ കഥകളാണ്. ഇതിൽ ഗവേഷകനും വരാന്തയിൽ നിന്നുള്ള കാഴ്ചയും ഒഴികെയുള്ള കണ്ടെടുത്ത ബാക്കി എഴുപതു കഥകളും പട്ടത്തുവിളയുടെ ജീവിതപങ്കാളി സാറ കരുണാകരന്റെ ഓർമ്മക്കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
