'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി' എന്ന് പൊയ്കയിൽ അപ്പച്ചൻ പാടുമ്പോൾ ദളിത്ചരിത്രത്തിൻ്റെ ഇല്ലായ്മകളെയല്ല സൂചിപ്പിക്കുന്നത്. ചരിത്രകൃതികളിൽ ദളിത് ജീവിതം ആഖ്യാനം ചെയ്യപ്പെടാതിരുന്നതിന് എതിരായ പ്രതിഷേധജ്വാലയാണ് മുഴങ്ങുന്നത്. വരേണ്യർക്കു മാത്രമല്ല ദളിതർക്കും ചരിത്രമുണ്ട്. ചരിത്രത്തിലെന്ന പോലെ സാഹിത്യത്തിലും ദളിത് പ്രതിനിധാനങ്ങൾ അഭാവങ്ങളിലൂടെയാണ് പരിശോധിക്കപ്പെടേണ്ടത്. അപ്പച്ചൻ ഉയർത്തിയ വിലാപത്തിന്റെ പൂർത്തീകരണശ്രമങ്ങളായി രേണുകുമാറിന്റെ കവിതകൾ വായിക്കാനാവും. ചരിത്രത്തിലും സാഹിത്യത്തിലും അടയാളപ്പെടുത്താതെ പോയ കീഴാളജീവിതങ്ങളെ സ്വന്തം രചനകളിലൂടെ അദ്ദേഹം വീണ്ടെടുക്കുന്നു.
'എൻ്റെ നടപ്പിൽ
എനിക്കു മുമ്പേ
നടന്നവരുടെ നടപ്പുണ്ട്.
എനിക്കുശേഷം
നിന്നിലൂടെ
എൻ്റെ നടപ്പും
നടക്കുമായിരിക്കും.’ (തഴമ്പുകൾ)
ചരിത്രവഴികൾ ആരെങ്കിലും ഒറ്റയ്ക്ക് നടന്നു സൃഷ്ടിച്ചവയല്ല. തനിക്ക് മുമ്പേ നടന്നവരും തനിക്ക് ശേഷം നടക്കാനിരിക്കുന്നവരും തെളിയിച്ചെടുക്കുന്ന വഴികളാണവ എന്ന ബോധ്യം ചരിത്രത്തിൻ്റെ അധീശസങ്കൽപ്പങ്ങളെ നിരാകരിക്കുന്നു. ചരിത്രത്തിൽ രാജാക്കന്മാർക്കും വരേണ്യസമൂഹങ്ങൾക്കും മാത്രമല്ല സ്ഥാനമുള്ളത്. ലോകവും ജനസമൂഹവും മുഴുവനുമുണ്ടവിടെ.അതൊരു കൂട്ടായ നടത്തമാണെന്ന് കവി വ്യക്തമാക്കുന്നു.
