പലായനത്തിൻ്റെ തിരുമുറിവുകൾ

Book Review

പലായനത്തിൻ്റെ തിരുമുറിവുകൾ


പുറത്തേക്ക് കുതറിച്ചാടാൻ കഴിയാതെ ഉള്ളിൽ കുരുങ്ങിക്കിടക്കുന്ന ഒരു വലിയ നിലവിളിയാണ് 'ഡയാസ്പൊറ'യിലെ സ്ലോമോ മുത്ത. മുറിഞ്ഞവേരുകൾക്ക് മുകളിൽ, പടരാൻ ആകാശമില്ലാതെ നില്ക്കുന്ന വന്മരം. ബാപ്പുച്ചയുടെ, ഉമ്മയുടെ, തിമോരയുടെ, ഇസഹായുടെ ഓർമ്മകൾ ചേർന്നുകിടക്കുന്ന മണ്ണിൽ നിന്ന് കാലടർത്താൻ കഴിയാതെ വേവുന്ന ജൂതൻ .....

കൊച്ചിയിലെ യഹൂദജീവിതത്തിൻ്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മട്ടാഞ്ചേരി ബസാറിനോട് ചേർന്നുള്ള തെരുവുകളിലെല്ലാം യഹൂദൻമാർ ധാരാളമുണ്ടായിരുന്നു. അവരിൽ ഏറെപ്പേരും പലഘട്ടങ്ങളിലായി വാഗ്ദത്തഭൂമിയായ ഇസ്രയേലിലേക്ക് മടങ്ങിപ്പോയി. അവരുടെ അവസാനത്തെ കണ്ണിയായി സങ്കല്പിക്കപ്പെടുന്ന സോളമൻഹലേഗ്വാ എന്ന സ്ലോമോമുത്ത, വാഗ്ദത്തഭൂമിയുടെ പിൻവിളിയിൽ ധർമ്മസങ്കടങ്ങളുടെ ആൾരൂപമായി നില്ക്കുന്ന സങ്കടസന്ധി അതിൻ്റെ എല്ലാ തീവ്രതയോടെയും, നമ്മുടെ ഹൃദയം മുറിപ്പെടുത്തിക്കൊണ്ട് ശ്രീ.സുരേഷ് കുമാർ വി. എഴുതിവച്ചിട്ടുണ്ട്. കടലിൻ്റെ ആഴങ്ങളിൽ ആവിർഭവിച്ച് കരയുടെ മാറിൽ അഭയം തേടാൻ നിരന്തരം വെമ്പൽ കൊള്ളുന്ന തിരപോലെ, പഴയ നാളുകളുടെ മധുരവും ചവർപ്പും കയ്പും സ്ലോമോയെ തേടി വന്നുകൊണ്ടിരുന്നു. നോവൽ വായിച്ചു പോകുംതോറും മുത്തയുടെ സംഘർഷങ്ങളും സന്താപങ്ങളും ഹൃദയസ്പന്ദനങ്ങളും നമ്മുടേതും കൂടിയാകുന്നു. ആർക്കും പിടികൊടുക്കാതിരിക്കാൻ സ്വന്തം ഹൃദയം വലിച്ചുപറിച്ചുകൊണ്ടോടേണ്ടുന്ന നിസ്സഹായതയിൽ ആ മുഖം ദീനമായിരിക്കുന്നത് നമ്മൾ കാണുന്നു. മുത്തയ്ക്ക് ഇവിടെ നിന്ന് പോകാനാകുന്നില്ല; അവിടെ നിന്നുള്ള വിളിയെ ചെറുക്കാനുമാകുന്നില്ല. വിളിക്കുന്നത് മക്കളാണ്. അവർക്ക് അതിന് ന്യായങ്ങളുമുണ്ട്. ഇസ്രായേലിലേക്ക് തിരിച്ചുവിളിച്ചു കൊണ്ട് മക്കൾ പറയുന്നത് തനിക്ക് മനസ്സിലാകാത്ത വേറെയേതോ ഭാഷയാണെന്ന് മുത്തയ്ക്ക് ചിലപ്പോൾ തോന്നും. 'ഈ ഇടുങ്ങിയ തെരുവുകൾ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളാണ്, മുറിച്ചിട്ടു പോകാൻ വയ്യ' എന്ന് കരുതുന്ന മുത്തയ്ക്ക് അവരുടെ ഭാഷ മനസ്സിലാകുന്നതെങ്ങനെ! 'എന്നെങ്കിലും കൊച്ചി വിട്ടുപോയാൽ ഞങ്ങടെ നാക്ക് അണ്ണാക്കിൽ ഒട്ടിപ്പോട്ടെ' എന്നു പറഞ്ഞ ബാപ്പുച്ചയുടെ മകന്,

'എനിക്ക് ചുറ്റും കാണുന്നതല്ല കൊച്ചി..എൻ്റെയുള്ളിലുള്ളതാണ്. ഞാ ഇവ്ടം വിട്ട് എങ്ങോട്ടൂല്ല' എന്നേ പറയാനാകൂ.


Related Articles