പലായനങ്ങളുടെ പുസ്തകങ്ങളെ കുറിച്ച് ഒരു പുസ്തകം

Book Review

പലായനങ്ങളുടെ പുസ്തകങ്ങളെ കുറിച്ച് ഒരു പുസ്തകം


നിലനിന്നു പോന്ന ആവാസവ്യവസ്ഥയുടെ അപര്യാപ്തതകളെ മറികടക്കാനും കൂടുതൽ വിഭവങ്ങൾ തേടിപ്പിടിക്കാനുമുള്ള പ്രയാണങ്ങൾ ഇല്ലായിരുന്നെങ്കിൽ മനുഷ്യർ ഇന്നത്തേതുപോലെ 'അതിജീവിച്ച' ഒരു വർഗ്ഗമാകുമായിരുന്നില്ല. ജനിതകത്തിലോ സംസ്‌കാരത്തിലോ ഇത്രയും വൈവിധ്യം ആർജ്ജിക്കുമായിരുന്നില്ല. അതിജീവനത്തിന്റെ ആ ദീർഘയാത്രയിൽ പ്രകൃതിക്കു മുന്നിൽ പോലും അവർ കീഴടങ്ങിയില്ല. അതുവരെ പരിചയിച്ച ആവാസവ്യവസ്ഥയുടെ പരിചിതാന്തരീക്ഷത്തെ പിന്നിലുപേക്ഷിച്ചുള്ള അന്വേഷണങ്ങളിലൂടെ, അസാധ്യമെന്ന് ഇന്നു പോലും അനുഭവപ്പെടുന്ന ഇടങ്ങളിലേക്കു വരെ അവർ വ്യാപരിച്ചു. എന്നാൽ ഒരു വർഗ്ഗം എന്ന നിലയിൽ അതിജീവനം ഉറപ്പിക്കപ്പെടുന്നതോടെ നിലവിൽ വരുന്ന സാമൂഹിക നിയമങ്ങൾ 'പ്രയാണം' എന്ന ജൈവികാവശ്യത്തെ 'പലായനം' എന്ന നിസ്സഹായതയാക്കി മാറ്റുന്നുണ്ട്. അതിജീവനം എന്ന ഒരു വ്യക്തിയുടെ/ ഒരു സമൂഹത്തിന്റെ ആവശ്യത്തെ വ്യവസ്ഥാപിത സമൂഹങ്ങൾ സംശയത്തോടെ നിരീക്ഷിക്കുകയും അതിനുള്ള അവകാശങ്ങളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

'ഉയിർഭൂപടങ്ങൾ' എന്ന ആദ്യ പുസ്തകത്തിനു ശേഷം ആണ് രാഹുൽ രാധാകൃഷ്ണൻ തന്റെ രണ്ടാമത്തെ പുസ്തകമായ 'ഒടുവിലത്തെ ആകാശവും കഴിഞ്ഞ് : പലായനങ്ങളുടെ പുസ്തകം' ലേക്ക് എത്തുന്നത്. പലായനം എന്ന പൊതുവായ വിഷയത്തെ അടിസ്ഥാനമാക്കി 2020 ന്റെ തുടക്കം മുതലുള്ള വായനയുടേയും എഴുത്തിന്റെയും സാക്ഷാത്കാരമാണ് ഈ പുസ്തകം. മനുഷ്യരാശിയുടെ വൈവിധ്യപൂർണ്ണമായ രൂപപ്പെടലിന് വഴിവയ്ക്കുകയും എന്നാൽ 'സാംസ്കാരികവത്ക്കരിക്കപ്പെട്ട' ശേഷം മനുഷ്യന്റെ പ്രധാന സ്വത്വവേദനയ്ക്ക് കാരണമായിരിക്കുകയും ചെയ്ത പലായനം എന്ന വിഷയത്തെ സംബന്ധിച്ച് എണ്ണമറ്റ എഴുത്തുകൾ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്നും, പലായനം എന്ന അവസ്ഥയുടെ തന്നെ വ്യത്യസ്തതകൾ വ്യഞ്ജിപ്പിക്കാൻ ഉതകുന്ന പുസ്തകങ്ങൾ സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത് പഠനം നടത്തിയാണ് ഈ പുസ്തകം സാധ്യമാക്കിയിരിക്കുന്നത്.

നാല് ഭാഗങ്ങളായാണ് പുസ്തകം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 'അവസാനമില്ലാത്ത യാത്രകൾ' എന്ന ആദ്യഭാഗത്തിൽ പലായനം, കുടിയേറ്റം, വിഭജനം തുടങ്ങിയ വിഷയങ്ങളെ മലയാള സാഹിത്യം എങ്ങനെ അഭിസംബോധന ചെയ്തു എന്ന് പരിശോധിക്കുന്നു. ഒ വി വിജയന്റെ 'ഗുരുസാഗരം', ആനന്ദിന്റെ 'അപഹരിക്കപ്പെട്ട ദൈവങ്ങൾ', സാറ ജോസഫിന്റെ 'ബുധിനി', ഇ സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛൻ', രാജു കെ വാസുവിന്റെ 'ചാവുതുള്ളൽ', എം കെ കെ എം ന്റെ 'പലായനം' എന്നിവയും പ്രവാസവും കുടിയേറ്റവും ആസ്പദമാക്കി രചിക്കപ്പെട്ട നോവലുകളും ഈ ഭാഗത്തിൽ വിശകലനം ചെയ്യപ്പെടുന്നു. ഇതേ വിഷയങ്ങളുടെ, ഇന്ത്യയെ മുൻനിർത്തിയുള്ള ആലോചനകളാണ് 'ആന്തരിക കുടിയേറ്റങ്ങൾ' എന്ന ഭാഗം. വിവിധ ഇന്ത്യൻ ഭാഷകളിലായി വന്ന ആറ് പുസ്തകങ്ങളാണ് ഈ ഭാഗത്തിൽ അവതരിപ്പിക്കപ്പെടുന്നത്. 'അതിർത്തികളെ ഭേദിച്ചുള്ള പലായനങ്ങൾ ' എന്ന മൂന്നാം ഭാഗം പേര് സൂചിപ്പിക്കും പോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നു. അപരിമേയമായ വിശ്വസാഹിത്യത്തെ വജ്രത്തരികൾ ചികയുന്ന സൂക്ഷ്മതയോടെ നിരീക്ഷിച്ച് തിരഞ്ഞെടുത്ത 11 പുസ്തകങ്ങളാണ് ഈ ഭാഗത്തിൽ വായിക്കപ്പെടുന്നത്.


Related Articles