താനൂരും പരിസരവും എനിക്ക് വളരെ പരിചിതമായ പ്രദേശമാണ്. പല തലമുറകളിലെയും അവിടുത്തുകാരെ കണ്ടിട്ടുണ്ട്. അവരിലൊരാളാണ് സുൾഫി എന്ന എഴുത്തുകാരൻ. ചൊല്ലിൽ ചേല് കാണാൻ സുൾഫിക്കുള്ള കഴിവുകളെക്കുറിച്ച് എനിക്ക് നേരത്തേ അറിവുള്ളതാണ്. പരിചയപ്പെട്ടിട്ട് ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി. സ്വന്തം കണ്ണുകൊണ്ട് കാണാനും സ്വന്തം കാതുകൊണ്ട് കേൾക്കാനും സ്വന്തം വിവേകത്തിന്റെ വെളിച്ചത്തിൽ വഴിയറിയാനുമുള്ള സുൾഫിയുടെ കഴിവാണ് ആദ്യം തൊട്ട് എന്നെ ആകർഷിച്ച ഒരു സ്വഭാവവിശേഷം. അക്ഷരത്തോടുള്ള സുൾഫിയുടെ പ്രതിജ്ഞാബദ്ധതയും എനിക്ക് നേരിട്ട് അറിയാവുന്ന കാര്യംതന്നെ.
പല കഥാപാത്രങ്ങളെ ഉപകരണങ്ങളാക്കി ഒരു നാടിന്റെ കഥ പറയുകയാണ് "സൂഫി' ഈ കൃതിയിൽ. കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടെങ്കിലും മുഖ്യകഥാപാത്രം താനൂർ എന്ന ആവാസദേശമാണ്.
നാട് മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തുന്നുവോ അതോ മറിച്ചാണോ എന്ന് നമുക്ക് തർക്കിക്കാം. ദേശകഥാ ആഖ്യാനങ്ങൾ എന്ന വർഗ്ഗത്തിൽപ്പെട്ട കൃതികളിൽ പൊതുവെ രണ്ടാമത്തെ കാഴ്ചപ്പാടാണ് പ്രകടമാകാറ്. എന്നാൽ അങ്ങനെയല്ല, സത്യത്തിൽ സംഭവിക്കുന്നത് മറിച്ചാണ് എന്ന കഥ സുൾഫി നമുക്ക് കാണിച്ചുതരുന്നു. മരം മണ്ണിനെ അല്ല മണ്ണ് മരങ്ങളെയാണ് രൂപപ്പെടുത്തുന്നത് എന്ന പ്രകൃതിനിയമം നാം പലപ്പോഴും മറന്നുപോകുന്നത് ചരിത്രനിർമ്മിതിയിൽ മനുഷ്യന് നല്കപ്പെടുന്ന അമിതമായ പ്രാമുഖ്യം കാരണമാണ്. ശരിയാണ്, മനുഷ്യരായ നാംതന്നെയാണ് കഥ പറയുന്നതും കേൾക്കുന്നതും. പക്ഷേ, കഥ മനുഷ്യകേന്ദ്രീകൃതമാകുമ്പോൾ അത് ഏറക്കുറെ കഥയില്ലായ്മയായി മാറുന്നു. കാരണം, ജനിച്ചു ജീവിച്ചു മരിച്ചു എന്ന കഥയല്ലേ ആർക്കും പറയാനുള്ളൂ! ആർ ജനിച്ച് ജീവിച്ചു മരിച്ചാലും ഭൂമിക്ക് അതുകൊണ്ട് ഒരു ഭാവമാറ്റവും വരാനില്ല. പക്ഷേ, ഭൂമിയുടെ പശിമ അതിൽ ജനിച്ച് ജീവിച്ച് മരിക്കുന്നവരെ പാകപ്പെടുത്തുന്നു. ഇങ്ങനെയാണ് ദർശനങ്ങൾ ഉൾപ്പെടെ എല്ലാറ്റിനും പുതിയ ആവിഷ്കാരങ്ങൾ നമുക്ക് കിട്ടുന്നത്.
