ഒരു കാവ്യസമാഹാരത്തെ അതിന്റെ കാലത്തോടും ചരിത്രത്തോടും ശരീരത്തോടും ചേർത്തുവെച്ചു വായിക്കുക എന്നത് സാഹിത്യപഠനത്തിന്റെ ഏറ്റവും സാഹസികമായ ഒരു സാധ്യതയാണ്. ടി.കെ സന്തോഷ്കുമാറിന്റെ 'പച്ചയ്ക്ക് മുറിച്ചത്' എന്ന സമാഹാരം ഈ സാഹസത്തിന് സ്വയം വഴിതുറന്നിടുന്ന ഒരു കൃതിയാണ്. 'എത്രത്തോളം' (2004), 'കാമറ' (2012) എന്നീ സമാഹാരങ്ങൾക്കു ശേഷം, 15 വർഷത്തോളം നീണ്ട കവിതയുടെ മൗനത്തിന് അദ്ദേഹം വിരാമമിടുന്നത് ജീവിതത്തിന്റെ വിറങ്ങലിപ്പിക്കുന്ന ഒരു ഘട്ടത്തിലാണ്. ജീവിതം പാകമാകുംമുമ്പേ മുറിഞ്ഞുപോകുന്നു എന്ന ഞെട്ടലിൽനിന്നുണ്ടായ അതിജീവനത്തിന്റെ ആലോചനകളാണ് ഈ കവിതാപുസ്തകത്തിന്റെ കാതൽ. 2023-ന്റെ ഒടുവിൽ നേരിടേണ്ടിവന്ന ശസ്ത്രക്രിയയും, മരണത്തിന്റെയരികിലൂടെ കടന്നുപോയ പത്തുദിവസത്തെ ആശുപത്രിവാസവുമാണ് അദ്ദേഹത്തെ വീണ്ടും കവിതയിലേക്ക് നയിച്ചത്. ആ വേദനയിൽനിന്ന് പിറന്ന 'അപ്പോൾ നിന്നെ കണ്ടേൻ' എന്ന കവിതയും, തുടർന്നെഴുതിയ ശീർഷകകവിതയുമാണ് ഈ പുനർജനിയുടെ പ്രചോദനങ്ങൾ.
"പൂർണ്ണതയിലല്ല, വിരഹസിന്ദൂരത്തിലാണ് കവിത"എന്ന കവിവാക്യം ഈ കവിതകളുടെ ആകെത്തുകയാണ്. നഷ്ടങ്ങളും ആഘാതങ്ങളും സർഗ്ഗാത്മകമായ വീണ്ടെടുപ്പുകളായി മാറുന്നു എന്ന തിരിച്ചറിവാണിത്. ജീവിതത്തിലെ വലിയ ദുരന്തങ്ങൾ ഭാഷയിലേക്ക് പുനർജനിക്കുമ്പോൾ അതിജീവനസാക്ഷ്യങ്ങളാകുന്നുവെന്ന് സന്തോഷ്കുമാറിന്റെ കവിതകൾ അടിവരയിടുന്നു. അതുകൊണ്ടുതന്നെയാകാം രോഗശയ്യയിലും യുദ്ധത്തിലും ജാതിയിലും വിസ്മൃതിയിലുമകപ്പെട്ടുപോകുന്ന, വിധിയും വിലക്കുകളും തീർത്ത ആന്തരത്തടവറയ്ക്കുള്ളിലാക്കപ്പെട്ട മനുഷ്യരെയാണ് ‘പച്ചയ്ക്ക് മുറിച്ചത്’ എന്ന കാവ്യസമാഹാരത്തിലധികവും കാണാനാവുക. കേരളീയസാമൂഹികജീവിതത്തിന്റെ മാറുന്ന മുഖം ഒരു നിരീക്ഷകന്റെ കണിശതയോടെ അവതരിപ്പിക്കുമ്പോഴും, വ്യക്തിഗതമായ ഓർമ്മയും പുരാവൃത്തവും ചരിത്രവും ഈ കവിതകളിൽ കൂടിക്കലരുന്നു.
ഇരുപതു വരികളിൽ താഴെ മാത്രമൊതുങ്ങുന്ന ലളിതമായൊരു രചനയാണെങ്കിലും, ജീവിതത്തിനും മരണത്തിനുമിടയിലെ നടുക്കുന്ന അനുഭവം മുഴുവൻ 'പച്ചയ്ക്ക് മുറിച്ചത്' എന്ന ശീർഷകകവിതയിൽ ആവാഹിക്കപ്പെടുന്നുണ്ട്. സമൂഹം അടിച്ചേൽപ്പിക്കുന്ന കൃത്രിമമായ അളവുകളിലേക്ക് സ്വന്തം ജീവിതത്തെയും ശരീരത്തെയും സ്വത്വത്തെയും ബലമായി ചുരുക്കേണ്ടിവരുന്ന മനുഷ്യന്റെ നിസ്സഹായതയാണ് ഉളളുപൊള്ളിക്കുംമട്ടിൽ കവി ആവിഷ്കരിക്കുന്നത്. സ്വാഭാവികമാംവിധം പഴുത്തു പാകമായി കൊഴിയാനനുവദിക്കാതെ, ജീവനെ പച്ചയ്ക്ക് വെട്ടിമുറിക്കുമ്പോൾ ചോര പൊടിയുന്നത് വ്യവസ്ഥിതിക്ക് വിധേയപ്പെടുന്ന മനുഷ്യജീവിതത്തിന്റെ നേർചിത്രമാണ്. ആശുപത്രിവാസവും രോഗാനുഭവവും തന്ന ശാരീരികമുറിവുകളെ ഒരുവശത്ത് അടയാളപ്പെടുത്തുമ്പോൾത്തന്നെ, സമകാലികലോകം മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന അധികാരക്കടന്നുകയറ്റങ്ങളുടെയും നീതികേടുകളുടെയും രൂപകമായി ഈ 'പച്ചയ്ക്ക് മുറിക്കൽ' മാറുന്നു.
