മനുഷ്യൻ സ്വതവേ നന്മയുള്ളവനാണെന്നത് കാലങ്ങളായി നാം കൊണ്ടുനടക്കുന്ന ഒരു മിഥ്യാധാരണ മാത്രമാണോ? വില്യം ഗോൾഡിങ്ങിന്റെ വിഖ്യാതമായ 'ലോർഡ് ഓഫ് ദി ഫ്ലൈസ്' (Lord of the Flies) അല്ലെങ്കിൽ സരമാഗോയുടെ 'ബ്ലൈൻഡ്നെസ്സ്' (Blindness) തുടങ്ങിയ കൃതികൾ മനുഷ്യന്റെ നന്മയെക്കുറിച്ച് നാം പുലർത്തുന്ന ഈ വിശ്വാസങ്ങളെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നുണ്ട്. സദാചാരത്തിന്റെയും നിയമത്തിന്റെയും നേരിയ മേലങ്കികൾ അഴിഞ്ഞുവീഴുമ്പോൾ പുറത്തുവരുന്ന മനുഷ്യനിലെ ആദിമമായ മൃഗീയതയെയാണ് ഈ കൃതികൾ കാട്ടിത്തന്നത്. കൃത്യമായി ഇതേ ദാർശനിക ഭൂമികയിൽ നിന്നുകൊണ്ട് സമകാലിക മലയാള സാഹിത്യത്തിൽ മനുഷ്യപ്രകൃതിയുടെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശുന്ന ഒരു നോവലാണ് മജീദ് സെയ്ദിന്റെ 'കരു' എന്ന നോവൽ.
ഒട്ടും സുഖകരമല്ലാത്ത ഒരു യാഥാർത്ഥ്യത്തിലേക്കാണ് എഴുത്തുകാരൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പൊക്കിൾക്കൊടിയിലൂടെ അമ്മയുടെ ചോര ഊറ്റിക്കുടിച്ചാണ് ഓരോ ജനനവും സംഭവിക്കുന്നതെന്നും ജീവന്റെ ആരംഭത്തിൽ തന്നെ മനുഷ്യൻ ഒരു പരാദമാണെന്നുമുള്ള നോവലിന്റെ നിരീക്ഷണം നമ്മെ അസ്വസ്ഥമാക്കും. ഹിംസ മനുഷ്യന്റെ ചോരയിൽ അലിഞ്ഞുചേർന്നതാണെന്നും അതിന്റെ മറുപിറവിയാണ് ചതിയെന്നും നോവൽ സമർത്ഥിക്കുന്നു. സ്നേഹം, ദയ, സൗഹൃദം തുടങ്ങിയ സകല മാനുഷിക മൂല്യങ്ങളും ഏതു നിമിഷവും അഴിഞ്ഞുവീഴാവുന്ന വെറും മേലങ്കികൾ മാത്രമാണെന്ന സത്യം മലയാളത്തിൽ ഇത്രത്തോളം നിർദ്ദയമായി മറ്റൊരു കൃതിയും വിളിച്ചുപറഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
ആനന്ദിന്റെ 'ആൾക്കൂട്ടം', 'മരുഭൂമികൾ ഉണ്ടാകുന്നത്'’ പോലുള്ള നോവലുകളിൽ മനുഷ്യർ എപ്പോഴും വലിയ അധികാരഘടനകളുടെ ഇരകളോ വേട്ടക്കാരോ ആണ്. 'കരു'വിലും ഇതേ രാഷ്‌ട്രീയം ആവർത്തിക്കപ്പെടുന്നുണ്ട്. ചതുരംഗപ്പലകയിലെ കരുക്കളെപ്പോലെയാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. വായനക്കാരനെയും ഒരു കരുവാക്കി മാറ്റുന്ന ആഖ്യാനതന്ത്രമാണ് മജീദ് സെയ്ദ് സ്വീകരിച്ചിരിക്കുന്നത്. ഒരു നിമിഷം വേട്ടക്കാരനായി കുതിക്കുന്നവൻ അടുത്ത നിമിഷം ഇരയായി ഓടേണ്ടി വരുന്നു. മൂന്ന് വ്യത്യസ്ത 'കാല'ങ്ങളിലൂടെയാണ് നോവൽ വികസിക്കുന്നത്. സമകാലിക ഇന്ത്യയുടെ സങ്കീർണ്ണമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ കാലം ജാതിയുടെയും വർണ്ണത്തിന്റെയും പേരിൽ നടക്കുന്ന ഭരണകൂട കൊലകളെ അതിശക്തമായി വരച്ചുകാട്ടുന്നു. വെളുത്ത ദൈവങ്ങൾ കറുത്തവരെ വേട്ടയാടുന്ന വർണ്ണവെറിയുടെ ഫാസിസ്റ്റ് കാലത്തെ പ്രതിനിധീകരിക്കുന്ന 'കരുണാകര പ്രഭു' എന്ന കഥാപാത്രം ആധുനിക ഇന്ത്യയുടെ അധികാരഗർവ്വിന്റെ അക്ഷരാർത്ഥത്തിലുള്ള മുഖമാണ്.
