ഒരു തമിഴന്റെ മലയാള ജീവിതം

Book Review

ഒരു തമിഴന്റെ മലയാള ജീവിതം


'1990 ആഗസ്ത് 16 ആം തീയതി നേരം പുലർന്നപ്പോൾ ഞാൻ മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി...'

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പട്ടുക്കോട്ടെയിലെ കല്യാണ ഓടൈ ഗ്രാമത്തിൽ 1975 ൽ ജനിച്ച് പതിനഞ്ചാം വയസ്സ് മുതൽ കേരളത്തിൽ വളർന്നു വലുതായ ഇളങ്കോ ഓടൈയുടെ ജീവിത കഥയായ മലയാളത്തമിഴൻ തുടങ്ങുന്നത് ഇങ്ങനെയാണ്. 1990 ലെ ആ പ്രഭാതം തൊട്ടു പിന്നെ വായനക്കാരുടെ യാത്ര കേരളത്തിലും തമിഴ്നാട്ടിലുമായി സ്റ്റേഷൻ മാറി മാറി ഓടിക്കൊണ്ടിരിക്കും. അന്ന് ട്രെയിനിറങ്ങി കേരളത്തിൽ വന്ന ആ പതിനഞ്ചു വയസ്സുകാരൻ പഠിച്ച ആദ്യ വാക്ക് 'എവിടെ'എന്നായിരുന്നു. ആ ഒരു വാക്കിൽ നിന്നും ആദ്യ പുസ്തകമായ 'സ്ത്രീയും', 'മലയാളത്തമിഴനും' എഴുതിയതിലേക്ക് അദ്ദേഹത്തിന്റെ മലയാളം വളർന്നു. അതിന്റെ നേർസാക്ഷ്യമാണ് ഈ വായന നമുക്ക് സമ്മാനിക്കുന്നത്. കൂടാതെ 'പ്രീതം'എന്ന മറാത്തി സിനിമയുടെ തിരക്കഥ എഴുതിയത് മലയാളത്തിൽ ആയിരുന്നു എന്നത് കൗതുകകരമായ വസ്തുതയാണ്. അതിനിടയിൽ സ്വന്തം ഭാഷയിൽ നിരവധി കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഇതൊന്നും ഒന്നോ രണ്ടോ മാസങ്ങളോ വർഷങ്ങളോ കൊണ്ട് നേടിയെടുത്തതല്ല. തന്റെ ആയുസ്സിന്റെ സിംഹഭാഗവും കേരളത്തിൽ ജീവിച്ചതിന്റെ അനുഭവത്താൽ സ്വായത്തമാക്കിയതാണ്. ആരെയും ആകർഷിക്കുന്ന നിഷ്കളങ്കത ഈ എഴുത്തിലുണ്ട്. സ്വന്തം ജീവിതാനുഭവങ്ങൾ എഴുതുമ്പോൾ ഉണ്ടായേക്കാവുന്ന അതി വൈകാരികതയോ ആത്മപ്രശംസയുടെ ഏച്ചുകെട്ടലുകളോ നമുക്കിവിടെ കാണാൻ സാധിക്കില്ല.

കേരളത്തിലും തമിഴ്നാട്ടിലുമായി മനസ്സും ശരീരവും വീതം വെച്ചുകൊണ്ട് ജീവിച്ച നാളുകളെ കുറിച്ച് അതിശയോക്തിയില്ലാതെ സ്വതസിദ്ധമായ ഒഴുക്കോടെ പറഞ്ഞു പോവുകയാണ്. ഭാഷ അറിയാത്ത നാട്ടിൽ എത്തിപ്പെടുന്ന ഒരാൾക്കുണ്ടാകുന്ന അനുഭവങ്ങൾ ഇവിടെയും കാണാം. പറ്റിക്കപ്പെട്ടും വേദനിച്ചും പ്രയാസപ്പെട്ടും ഒക്കെ തന്നെയാണ് ആദ്യകാലങ്ങളിൽ ദിവസങ്ങൾ മുന്നോട്ടു പോയത്. അതിനിടയിലും തന്നെയിവിടെ പിടിച്ചുനിർത്തിയ സ്നേഹപാശങ്ങളെ അത്രയും തെളിമയോടെ ഓർത്തുപറയുന്നുണ്ട്. അല്ലെങ്കിലും സ്നേഹത്തിന്റെയും കനിവിന്റെയും നൂലിഴ ഇല്ലാതെ ഒരു പതിനഞ്ചുകാരൻ എങ്ങനെയാണൊരു അന്യദേശത്ത് വേരുറപ്പിക്കുക? മാറ്റി നട്ട ഒരു ചെടി പുതിയ മണ്ണിനോടും കാറ്റിനോടും കാലാവസ്ഥയോടും പൊരുതിയും പൊരുത്തപ്പെട്ടും വേരുറപ്പിച്ചു വളരുന്നത് പോലെ ഇളങ്കോ പതിയെപ്പതിയെ കേരളത്തിൽ വേരുറപ്പിക്കുകയായിരുന്നു. വേരുറപ്പിക്കാനുള്ള ആ ഓട്ടത്തിനിടയിൽ നേരിട്ട ഒരുപാട് അനുഭവങ്ങളാണ് 'മലയാളത്തമിഴൻ' എന്ന ഈ പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നത്.


Related Articles