കാന്തല്‍; വായനക്കാരുടെ ഉള്ളു പൊള്ളിക്കുന്ന, വിമ്മിഷ്ടപ്പെടുത്തുന്ന നോവല്‍

Book Review

കാന്തല്‍; വായനക്കാരുടെ ഉള്ളു പൊള്ളിക്കുന്ന, വിമ്മിഷ്ടപ്പെടുത്തുന്ന നോവല്‍


സി എസ് ചന്ദ്രിക മലയാള വായനക്കാര്‍ക്ക് പരിചിതയായത് കഥകളിലൂടെയും 'പിറ' എന്ന ആദ്യ നോവലിലൂടേയും മാത്രമല്ല. അക്കാലത്ത് പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീപക്ഷ നിലപാടുകളിലൂടെയുമാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചന്ദ്രികയുടെ ആദ്യത്തെ നോവല്‍ വായനക്കാരുടെ മുന്നിലെത്തിയത്. ഇപ്പോള്‍, നമ്മുടെ മുന്നിലുള്ള രണ്ടാമത്തെ നോവല്‍ ‘കാന്തല്‍’ എഴുതപ്പെടുന്നതിനിടയ്ക്കുള്ള രണ്ട് പതിറ്റാണ്ടുകാലത്തിനിടയിലുള്ള ഈ എഴുത്തുകാരിയുടെ സര്‍ഗ്ഗാത്മകജീവിതത്തെ സാര്‍ത്ഥകമാക്കുന്നത് വര്‍ത്തമാനകാല സാമൂഹികസമസ്യകളോടും, വിശേഷിച്ചും സത്രീകളുടെ സാമൂഹികനിലയെക്കുറിച്ചുമുള്ള ആഴത്തിലുള്ള അന്വേഷണകൗതുകമാണ്. സാഹിത്യകാരിയെന്ന നിലയിലുള്ള സര്‍ഗ്ഗാത്മകപ്രവര്‍ത്തനവും സ്ത്രീപക്ഷ നിലപാടുള്ള ഒരു സാമൂഹിക ചിന്തയുടെ ബൗദ്ധികജീവിതവും സമന്വയിപ്പിക്കുന്നതില്‍ സാറാ ജോസഫിനെപ്പോലെ സവിശേഷമായ താല്‍പ്പര്യം പ്രകടിപ്പിച്ച അപൂര്‍വ്വം എഴുത്തുകാരിലൊരാളാണ് സി.എസ്. ചന്ദ്രിക. ചന്ദ്രികയുടെ കാന്തല്‍ എന്ന ഈ പുതിയ നോവല്‍ വാസ്തവത്തില്‍ ആ രണ്ട് പ്രവര്‍ത്തനങ്ങളുടെയും അവിഭാജ്യതയുടെ പ്രതിഫലമാണെന്നും പറയാം. കോവിഡ് പോലൊരു മഹാമാരി മനുഷ്യരാശിയെ സ്തബ്ധമാക്കിയ ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് ലോകത്തില്‍ സാമൂഹിക-വൈയക്തിക തലങ്ങളില്‍ സ്ത്രീകള്‍ അതിജീവിക്കാന്‍ നടത്തുന്ന പലതരം കുതറലുകളെയും അതിന്റെ സംഘര്‍ഷങ്ങളെയും ഒരു കല്‍പ്പിത കഥാഖ്യാനത്തിന്റെ രൂപഘടനയിലേക്ക് ആവാഹിക്കുന്നത്. പഴയതും പുതിയതുമായ യഥാര്‍ത്ഥസംഭവങ്ങളെ ഒരു ഡോക്യുമെന്ററി നോവലിന്റെ ഛായയില്‍ പകര്‍ത്തുമ്പോഴും അതിന്റെ ഈഴവും അനേക മാനങ്ങളും വായനക്കാരിലേക്ക് പകരാന്‍ കഴിയുന്നുവെന്നതാണ് ആത്മകഥാപരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നോവലിന്റെ സവിശേഷത. വ്യക്തിയുടെയും സമൂഹത്തിന്റെയും വേര്‍പെടുത്താനാവാത്ത പാരസ്പര്യത്തിന്റെയോ വിച്ഛേദത്തിന്റെയോ കഥതന്നെയാണല്ലോ ഏത് മികച്ച ആത്മകഥയും. മറ്റൊരു രീതിയില്‍പ്പറഞ്ഞാല്‍ വൈയക്തികാനുഭവങ്ങളുടെ സാമൂഹികചരിത്രത്തെ ആവിഷ്‌കരിക്കുവാനാണ് കാന്തല്‍ ഉദ്യമിക്കുന്നത്.

ഫെമിനിസ്റ്റുകളെന്ന് വിളിക്കപ്പെട്ട സ്ത്രീകളെ പരിഹസിച്ചിരുന്ന ഒരു യാഥാസ്ഥിതിക സമൂഹത്തില്‍ അക്കാദമികമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ ചുറ്റിലുമുള്ള സ്ത്രീകളുടെ ജീവിതാനുഭവങ്ങളെയും സഹനങ്ങളെയും പ്രതിരോധശ്രമങ്ങളെയും ആന്തരികസംഘര്‍ഷങ്ങളെയും സമീപിക്കുവാന്‍ ഉത്സുകയായ ഒരെഴുത്തുകാരിയുടെ വൈയക്തികാനുഭവങ്ങളുടെ സംക്ഷേപമാണ് ഈ നോവല്‍. ഇതില്‍ സമകാലികരായ പല വ്യക്തികളും അവരായിത്തന്നെ കടന്നുവരികയും നോവലിസ്റ്റിന്റെ നിലപാടുകളുമായി സംവദിക്കുകയും ചെയ്യുന്നുണ്ട്.

ഫെമിനിസം എന്നു പറയുന്നത് ഒരു അക്കാദമിക് പഠനവിഷയം മാത്രമല്ല, അത് മനുഷ്യ ജീവിതത്തില്‍ നമ്മുടെ സമൂഹത്തില്‍ സദാ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കേണ്ടുന്ന ഒരു വലിയ ആശയസംഹിതയും വലിയൊരു ദര്‍ശനപദ്ധതിയും സമരമുഖവുമാണ് എന്ന് മലയാളികള്‍ക്ക് വളരെ ലളിതമായി മനസ്സിലാക്കിക്കൊടുക്കുന്നതില്‍ ചന്ദ്രിക എന്ന എഴുത്തുകാരി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. ഈ പ്രവര്‍ത്തനങ്ങളില്‍ ആണ്ടു മുഴുകിയ ഒരാളായിട്ടാണ് ചന്ദ്രികയെ ഞാന്‍, ഒരു മലയാളിയെന്ന നിലയില്‍ ആദ്യമായി തിരിച്ചറിയുന്നതും. സ്വാഭാവികമായും സാഹിത്യത്തിലും മറ്റും താല്പര്യമുള്ള എല്ലാവരേയും പോലെ ഞാനും ചന്ദ്രികയുടെ കഥകള്‍ വായിച്ചിട്ടുണ്ട്. ചന്ദ്രികയുടെ പ്രബന്ധങ്ങള്‍, ലേഖനങ്ങള്‍, അപ്പപ്പോഴുണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ഇതെല്ലാം വായിച്ചിട്ടുണ്ട്. ഇപ്പറഞ്ഞ പ്രവര്‍ത്തനങ്ങളുടെയെല്ലാം അനുഭവങ്ങളിലൂടെ രണ്ടോ മൂന്നോ പതിറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ ഒരു ജീവിത ദര്‍ശനത്തിന്റെ സര്‍ഗ്ഗാത്മകാവിഷ്‌കാരമായിട്ടാണ് ചന്ദ്രികയുടെ പുതിയ നോവലിനെ ഞാന്‍ കാണുന്നതും വിലമതിക്കുന്നതും.  


Related Articles