നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട നിരവധി ജീവിതങ്ങളിൽ ഒന്ന് മാത്രമാണ് നന്ദന്റെയും ആയിഷയുടെയും. മനോഹരമായി പ്രണയിച്ച, പ്രണയിക്കപ്പെട്ട മനുഷ്യർ, പക്ഷേ...
മലയാള സാഹിത്യത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഒരു മേഖലയാണ് അപ്മാർക്കറ്റ് ഫിക്ഷൻ. പലപ്പോഴും എന്താണ് ഈ വിഭാഗമെന്ന തിരിച്ചറിവില്ലായ്മ ഇത്തരം കൃതികൾ നിശിതമായി വിമർശിക്കപ്പെടാൻ കാരണമാകാറുണ്ട്. അങ്ങനെയിരിക്കെ എന്താണ് അപ്മാർക്കറ്റ് ഫിക്ഷൻ എന്ന് അറിയേണ്ടിയിരിക്കുന്നു. ഉയർന്ന വായനാസ്വാദനവും സാഹിത്യഗുണവും ഒരുപോലെ സംയോജിപ്പിക്കുന്ന സാഹിത്യരൂപമാണ് അപ്മാർക്കറ്റ് ഫിക്ഷൻ (Upmarket Fiction). ഇത് ജനപ്രിയ ഫിക്ഷന്റെയും ഗൗരവമേറിയ സാഹിത്യ ഫിക്ഷന്റെയും ഇടയിലുള്ള ഒരു മേഖലയായി കണക്കാക്കപ്പെടുന്നു. സാധാരണ വായനക്കാരെ ആകർഷിക്കുന്ന കഥാസന്ദർഭങ്ങളും സസ്പെൻസും വികാരഭരിതമായ അനുഭവങ്ങളും ഇതിലുണ്ടാകുമ്പോൾ, അതോടൊപ്പം ഭാഷയുടെ സൗന്ദര്യവും കഥാപാത്രങ്ങളുടെ ആഴത്തിലുള്ള മനശ്ശാസ്ത്രപരമായ അവതരണവും സാമൂഹിക-സാംസ്കാരിക വിഷയങ്ങളിലുള്ള ചിന്തനവും ഉൾക്കൊള്ളുന്നു. അതിനാൽ അപ്മാർക്കറ്റ് ഫിക്ഷൻ വ്യാപകമായി വായിക്കപ്പെടുന്നതിനോടൊപ്പം സാഹിത്യപരമായ മൂല്യവും നിലനിർത്തുന്ന ഒരു രചനാശൈലിയായി ഇന്ന് പ്രസാധനലോകത്തും അക്കാദമിക ചർച്ചകളിലും ശ്രദ്ധ നേടുന്നുണ്ട്.
അത്തരത്തിൽ അപ്മാർക്കറ്റ് ഫിക്ഷൻ വിഭാഗത്തിൽ വരുന്ന നോവൽ ആണ് ജിസ്മ ഫൈസ് എഴുതിയ 'എന്റെ അരുമയായ പക്ഷിക്ക്'. കേവലമൊരു പ്രണയകഥ എന്നതിനപ്പുറത്തേക്ക് വളരെ വൈകാരികവും സങ്കീർണവുമായ ജീവിതങ്ങളെ മനോഹരമായി വരച്ചിടാൻ ഈ നോവലിന് സാധിക്കുന്നുണ്ട്. ജീവിതത്തിൽ സംഭവിച്ച എല്ലാ യാഥാർഥ്യങ്ങളോടും പൊരുത്തപ്പെട്ട് ജീവിക്കുന്ന എഴുത്തുകാരനായ നന്ദൻ, ചിത്രകാരിയായ ആയിഷ, അവരുടെ വീണ്ടുമുള്ള കണ്ടുമുട്ടൽ, അവർക്കായി പ്രകൃതി ഒരുക്കിയ വിധി, അതിലേക്ക് യാത്ര ചെയ്യേണ്ടി വന്ന കൂട്ടുജീവനുകൾ, അങ്ങനെ പോകുന്നു എന്റെ അരുമയായ പക്ഷിക്ക്. പ്രണയത്തിന്റെയും നിസ്സഹായതയുടെയും വിരഹത്തിന്റെയും സ്നേഹത്തിന്റെയും ഒക്കെ വല്ലാത്തൊരു കൂടൊരുക്കുന്നുണ്ട് അരുമയായ പക്ഷി.
