നിഗൂഢ ഹൃദയഭാഷയുടെ നിർദ്ധാരണം

Book Review

നിഗൂഢ ഹൃദയഭാഷയുടെ നിർദ്ധാരണം


'കുട്ടികൾ ദൈവത്തിന്റേതാണ് ' ( Children belong to God )
'തോണിയിലിരുന്ന് നിങ്ങൾ അയാളെ കണ്ടുവോ? ' ( Did you see him from the boat? )

ദുരൂഹമായ ഗൂഢലിപിയിൽ ഗോപാൽ ബറുവ കുറിച്ചിട്ട തന്റേതല്ലാത്ത ഈ രണ്ടു സന്ദേശങ്ങൾ നിർദ്ധാരണം ചെയ്യപ്പെട്ടാൽ തന്റെ സങ്കീർണമായ ഭൂതകാലം തുറന്നു വായിക്കപ്പെടുമെന്ന് അദ്ദേഹം ഭയന്നിരുന്നു. അതിനാൽത്തന്നെ അത്തരമൊരു ലിപിയിൽ താത്പര്യമുള്ള തപോമയിയുടെ പരിചയക്കാരനായ ഒരാളെ കണ്ടുമുട്ടിയപ്പോൾ വിസ്മയമോ, കുറഞ്ഞപക്ഷം കൗതുകമോ ഉണ്ടായില്ലെന്നുമാത്രമല്ല അദ്ദേഹം അസ്വസ്ഥനാവുകയാണുണ്ടായത്. താനറിയാതെ ചിഹ്നഭാഷ മകൻ തപോമയി മനസ്സിലാക്കിയെടുത്തോ അല്ലെങ്കിൽ എടുക്കുമോ എന്ന് ഗോപാൽ ബറുവ ആശങ്കപ്പെട്ടു.

പരസ്പരം സന്ദേശങ്ങൾ കൈമാറുക എന്നതാണല്ലോ ഭാഷയുടെ പ്രാഥമിക ലക്ഷ്യം. എന്നാൽ തനിക്കുമാത്രം വായിക്കാവുന്ന ഒരു ലിപി കണ്ടുപിടിക്കണമെന്നായിരുന്നു ഗോപാൽദായുടെ ആഗ്രഹം. എന്തെന്നാൽ എല്ലാ മനുഷ്യർക്കും ആന്തരിക ജീവിതത്തെ മറച്ചുപിടിക്കാൻ ഒരു സമ്പ്രദായം കാണുമെന്ന് അദ്ദേഹം പറയുന്നു. ശരിതെറ്റുകൾ നിർണയിക്കാനാവാത്ത ജീവിതത്തെക്കുറിച്ച് എഴുതുമ്പോൾ സ്വയം സമാധാനിക്കാനെന്നോണം അദ്ദേഹത്തിന് നിഗൂഢമായ ചിഹ്നഭാഷ ഉപയോഗിക്കേണ്ടതായി വരുന്നു. വിട്ടുപോയ ദേശങ്ങൾ, മനുഷ്യർ, എത്തിച്ചേർന്ന ഭൂമി, വിട്ടുപോയതും എത്തിപ്പിടിച്ചതുമായ ജീവിതം ഇങ്ങനെ ഓർമ്മവരുന്നതെല്ലാം ആ പ്രച്ഛന്നഭാഷയിൽ തനിക്കുമാത്രം വായിക്കാവുന്ന രീതിയിൽ അദ്ദേഹം കുറിച്ചിട്ടു.


Related Articles