ഒരാൾ എന്തിനാണ് അയാളുടെ ജീവിതം എഴുതിവെക്കുന്നത്? അതും, ആരും അറിയരുതെന്ന് മനസ്സിലുറപ്പിച്ചത് ഒരാൾ എന്തിനാണ് രേഖപ്പെടുത്തുന്നത്? ജീവിതത്തിൻ്റെ ദുഃഖങ്ങളെ മനസ്സിൽ നിന്ന് ഇറക്കിവെക്കാൻ എന്നുമാത്രമെന്ന് ചിലർ പറയും. ജീവിതത്തെ മാറിനിന്ന് വിശകലനം ചെയ്യാൻ എന്നുമാവാം ഉത്തരം. ജിവിച്ചുപോന്ന അനുഭവത്തിൽ മനസ്സിലാക്കാൻ പറ്റാത്ത പലതും കണ്ടെന്നുവരാം. നമുക്കുതന്നെ നമ്മളെ മനസ്സിലാവാത്ത അവസരങ്ങൾ ഉണ്ടാവുമല്ലോ.
അടിസ്ഥാനപരമായി ജീവിതത്തിന് ദുഃഖങ്ങളുടേതായ ഒരു തലമുണ്ട്. അത് ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. അതിൻ്റെ തീവ്രതയും. ഇങ്ങനെ മനുഷ്യരുടെ ജീവിതദു:ഖങ്ങളെ അടയാളപ്പെടുത്താൻ കൂടിയുള്ളതാണ് നോവലുകൾ. വൈകാരിക ആഴങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യജീവിതത്തിൻ്റെ നിഗൂഢതകളെ നോവലിസ്റ്റുകൾ അനാവരണം ചെയ്യുന്നു. ഇ. സന്തോഷ് കുമാറിൻ്റെ പുതിയ നോവലായ ‘തപോമയിയുടെ അച്ഛൻ’ എന്ന കൃതി വായിക്കുമ്പോൾ നോവലിൻ്റെ ഈ ദൗത്യം മനസ്സിലേക്കു വന്നു.
ഇത് ഗോപാൽ ബറുവ എന്ന ഒരു മനുഷ്യൻ്റെയും അയാളുടെ കൂടെ സഞ്ചരിക്കാൻ വിധിക്കപ്പെട്ട മറ്റുചില മനുഷ്യരുടെയും ജീവിതത്തിൻ്റെ ദു:ഖങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന മികച്ചൊരു നോവലാണ്. ബറുവ തപോമയിയുടെ അച്ഛനാണ്. തപോമയിയുടെ സുഹൃത്തായ ഒരാളിൻ്റെ അന്വേഷണത്തിലൂടെയാണ് നോവലിലെ ആഖ്യാനം മുന്നേറുന്നത്. ആ ആഖ്യാതാവിൻ്റെ കാഴ്ച്ചയിലൂടെയാണ് നമ്മൾ ഗോപാൽ ബറുവയുടെ ജീവിതത്തെ അറിയുന്നത്. അയാൾ സഞ്ചരിച്ച വഴികളെയും. ഗോപാൽ ബറുവ വിചിത്രമായ ഒരു ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ഒരാളാണ്. അയാൾ നിഗൂഢഭാഷ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം നേടിയിരുന്നു. ആ ഭാഷാ പ്രേമമാണ് ആഖ്യാതാവിനെയും അദ്ദേഹത്തെയും തമ്മിലടുപ്പിക്കുന്നത്. അയാളിഷ്ടപ്പെട്ട ഭാഷയേക്കാൾ നിഗൂഢമായിരുന്നു അയാളുടെ ജീവിതം. ഇതുരണ്ടും വായിച്ചെടുക്കുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. വിട്ടുപോയതും എത്തിപ്പിടിച്ചതുമായ ജീവിതം എന്നൊരു പ്രയോഗം ബറുവയുടെ ഡയറിയിൽ വായിക്കാം. നോവൽ ചെയ്യുന്നത് അതാണ് കഥാപാത്രത്തിൻ്റെ ജീവിതത്തിൽ വിട്ടുപോയതും എത്തിപ്പിടിച്ചതുമായവ കണ്ടെത്തുന്നു. അത് നോവലിൻ്റെ ധർമ്മമാണ്. അത് നിർവ്വഹിക്കുമ്പോഴാണ് നോവൽ ജീവിതത്തെക്കാൾ സമഗ്രമാവുന്നത്.
