ശ്രീനാരായണഗുരു എന്ന വിമർശനാത്മക ബുദ്ധിജീവി

Book Review

ശ്രീനാരായണഗുരു എന്ന വിമർശനാത്മക ബുദ്ധിജീവി


ജീവിതത്തിലുടനീളം സ്വയം നവീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്ത ഒരാളായിരുന്നു ശ്രീനാരായണഗുരു. ഈ പ്രക്രിയയെ അതിന്റെ ഭൗതികവും ആശയപരവുമായ പശ്ചാത്തലത്തിൽ വിശദീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ബിനീഷ് പുതുപ്പണം രചിച്ച ‘ഗുരുവിന്റെ സ്ത്രീഭാവനകൾ’.

ദൈവദശകത്തിൽ പൊതുവെ നമ്മൾ ശ്രദ്ധിക്കാത്ത അടരുകൾ, ഗുരുവിന്റെ സ്ത്രീ വീക്ഷണങ്ങൾ, ഗുരുവിന്റെ ആധുനികത തുടങ്ങിയ പതിനഞ്ച് ലേഖനങ്ങളാണ് പുസ്‌തകത്തിലുള്ളത്. കേവലം ഒരു നവോത്ഥാനനായകൻ എന്നതിലുപരി കേരള ആധുനികതയെ തന്നെ രൂപപ്പെടുത്തിയ ഒരു ചിന്തകനായും കവിയായും ഗുരുവിനെ അടയാളപ്പെടുത്താൻ ഈ പുസ്‌തകത്തിന് കഴിയുന്നുണ്ട്. സ്വന്തം ആശയാടിത്തറയിൽ നിന്നും വേർപെടുത്തി വർഗീയതയുടെയും പ്രതിലോമരാഷ്ട്രീയത്തിന്റെയും വക്താവും പ്രയോക്താവുമായി ഗുരുവിനെ മാറ്റാനുള്ള ശ്രമം നടക്കുന്ന ഇക്കാലത്ത് നിർബന്ധമായും ചർച്ചചെയ്യപ്പെടേണ്ട ഒരു പുസ്‌തകമാണിത്.

പുസ്‌തകത്തിലെ ആദ്യ ലേഖനം ദൈവദശകത്തെ കുറിച്ചാണ്. ഒരു ദാർശനിക പ്രാർത്ഥനയായ ദൈവദശകത്തെ കുറിച്ചുള്ള പൊതുചർച്ചകളിൽ ഇടം നേടാത്ത ചിന്തകൾ അവതരിപ്പിക്കാൻ എഴുത്തുകാരന് കഴിയുന്നുണ്ട്. അന്തർലീനവും സാർവത്രികവുമായ തത്വമാണ് ദൈവികതയെക്കുറിച്ചുള്ള ഗുരുവിന്റെ സങ്കൽപം. പുതുക്കലും നിത്യജാഗ്രതയും ഗുരുവിന്റെ പ്രത്യേകതകളാണ് എന്ന് പുസ്‌കത്തിന്റെ തുടക്കത്തിൽ തന്നെ പറയുന്നു. തന്റെ ആദ്യകൃതികളിൽ വിവിധ ദേവി-ദേവന്മാരെ പ്രകീർത്തിക്കുന്ന അദ്ദേഹം ദൈവദശകത്തിൽ 'ദൈവമേ' എന്ന പ്രയോഗത്തിൽ എത്തുന്നത് ഇതിന്റെ ഏറ്റവും ലളിതമായ ഉദാഹരണമാണ്. ഗുരുവിന്റെ ദൈവത്തിന് മതമില്ല. അവനവൻ്റെ ഉള്ളിലെ ആത്മബോധം തന്നെയാണ്, അഥവാ ആത്മവും അപരവും ഒന്നുതന്നെ എന്ന ഏകതാസങ്കല്പമാണ് ഗുരുവിന് ദൈവം.


Related Articles