പല ലെയറുകളുള്ള ഒരു ആത്മകഥയാണ് മാർക്സിസ്റ്റ് സൈദ്ധാന്തികൻ ഡോ. പി.കെ. പോക്കർ രചിച്ച എരിക്കിൻ തീ. ഒരു ആത്മകഥയിൽ സ്വഭാവികമായി കടന്നുവരുന്ന വ്യക്തിജീവിതപരമായ അനുഭവങ്ങളുടെ ലെയർ ആണ് ആദ്യത്തേത്. ഇതിൽ ഓർക്കാടേരി പോലെ ഒരു പ്രദേശവും അവിടെ എഴുത്തുകാരൻ ജീവിച്ച കുട്ടിക്കാലവും തലശ്ശേരി ബ്രണ്ണൻ കോളേജിലെയും കോഴിക്കോട് യൂണിവേഴ്സിറ്റിയിലെയും ചൈനയിലെയും ഇറ്റലിയിലെയുമൊക്ക അനുഭവങ്ങളും നിറഞ്ഞുനിൽക്കുന്നു.
അടുത്തത് സൈദ്ധാന്തികവും തത്ത്വചിന്താപരവുമായ ലയറാണ്. ഈ രണ്ട് അടരുകളും വിഘടിച്ചു നിൽക്കുന്നില്ലെന്നതാണ് ഈ ആത്മകഥയുടെ സവിശേഷത. വ്യക്തിപരമായ അനുഭവങ്ങളെ തത്ത്വചിന്താപരമായി വിശകലനം ചെയ്തുകൊണ്ടാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ സ്വന്തം ജീവിതാനുഭവങ്ങളെ തത്ത്വചിന്താപരമായി വിലയിരുത്തുന്നതിന്റെ ആവശ്യകതയെ പറ്റി ഊന്നിപ്പറഞ്ഞിട്ടുള്ളത് ഇടതുപക്ഷ ബ്ലാക്ക് ഫെമിനിസ്റ്റ് ചിന്തകയായ ബെൽ ഹുക്സാണ്.
ഈ ഇന്റർസക്ഷനാലിറ്റി വ്യക്തമാകുന്നത് ഒരു പക്ഷേ 'ഒരു അമുസ്ലിം പേര്' എന്ന ആദ്യത്തെ അധ്യായത്തിൽ തന്നെ ആയിരിക്കും. പ എന്ന അക്ഷരം അറബിയിൽ ഇല്ലാത്തതുകൊണ്ടുതന്നെ കേരളത്തിനു പുറത്ത് ഇത് പൊതുവെ ഒരു മുസ്ലിം പേരായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഇതൊരു മുസ്ലിം പേരാണെന്ന് തീർച്ചയായിട്ടും അറിയാം. കുട്ടിക്കാലത്ത് ഒരുതരം നെയിം ഷെയിമിങ് നേരിടേണ്ടി വന്നതിനെ പറ്റിയും പുസ്തകത്തിൽ പറയുന്നുണ്ട്.
