നന്മയുടെ പുസ്തകം

Book Review

നന്മയുടെ പുസ്തകം


ചില പുസ്തകങ്ങളുടെ വിഷയത്തില്‍ത്തന്നെയുണ്ടാവും അവയുടെ ജാതകത്തിന്റെ സൂചനകള്‍. ഏതാനും പേജുകള്‍ വായിച്ചു കഴിയുമ്പോഴേക്കുതന്നെ ആ പുസ്തകത്തിന്റെ ആയുര്‍രേഖകളൊക്കെ തെളിഞ്ഞുവരും. മറ്റു ചില പുസ്തകങ്ങള്‍ ഒരാവര്‍ത്തി വായിച്ചു തീര്‍ത്താലും അവയ്‌ക്കൊരു ജാതകം ഉണ്ടോ എന്നുപോലും തെളിയുകയുമില്ല. ഇതില്‍ ആദ്യത്തെ ഗണത്തില്‍പെടുന്നതാണ് ഈ പുസ്തകം. മലയാളത്തിലെ നന്മയുടെ പുസ്തകമാണിത്. ഞാന്‍ ഇതുവരെ നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത ഒരാളുടെ പുസ്തകത്തിനെഴുതുന്ന മുഖക്കുറിപ്പാണിത്. ശ്രീ ഷെരീഫ് നെടുമങ്ങാടിനെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ലെങ്കിലും അദ്ദേഹവുമായി ഫോണില്‍ പല തവണ സംസാരിച്ചിട്ടുണ്ട്. കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം ഈ പുസ്തകത്തില്‍ വന്നിട്ടുള്ള പല കാര്യങ്ങളെയും പറ്റി തന്നെയായിരുന്നു.

മറ്റു വാരികകളില്‍ വരാത്ത തരം ഫീച്ചറുകളും പംക്തികളും എഴുതാന്‍ കഴിവുള്ളവരെ തേടിപ്പിടിക്കുന്നതില്‍ ഒരു ഉസ്താദാണ്, മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപച്ചുമതലയുള്ള കെ. എ. ഫ്രാന്‍സിസ്. അങ്ങനെ ഫ്രാന്‍സിസിന്റെ വലയില്‍ വീണയാളാണ് ഷെരീഫ്.

ക്ഷേമപദ്ധതികള്‍ ഇല്ലെന്നതല്ല നമ്മുടെ നാടിന്റെ ദുരോഗ്യം; അതുകൊണ്ട് രക്ഷപ്പെടേണ്ടവര്‍ അതേപ്പറ്റി അറിയുന്നില്ലെന്നതാണ്. ഇതില്‍ പറയുന്ന എല്ലാ പദ്ധതികളെപ്പറ്റിയും അറിവുള്ള ഒരു ഉദ്യോഗസ്ഥനോ ഭരണാധികാരിയോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ട കോടിക്കണക്കിനു രൂപ ഇങ്ങനെ പാഴാവുന്നുവെന്ന കണ്ട ഫ്രാന്‍സിസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആഴ്ചപ്പതിപ്പില്‍ എഴുതിച്ചു തുടങ്ങിയ പംക്തിയാണ് 'അറിയാത്തതും അറിയേണ്ടതും.' അതു വായിച്ചു തുടങ്ങിയപ്പോള്‍ അഭിനന്ദിക്കാനാണ് അന്ന് മലയാള മനോരമയിലുണ്ടായിരുന്ന ഞാന്‍ ഷെരീഫിന് ആദ്യം ഒരു കത്തയച്ചത്.


Related Articles