കവിതകൾ എഴുതുന്ന, വായിക്കുന്ന മനുഷ്യരെ കാണുമ്പോൾ ഉള്ളു നിറഞ്ഞൊരു സന്തോഷം തോന്നാറുണ്ടെനിക്ക്. അത് സ്ത്രീകൾ കൂടിയാകുമ്പോൾ പിന്നെ പറയേണ്ട. എനിക്ക് മനസ്സിലാകുന്ന പോലെ പിന്നാർക്കാ മനസ്സിലാകുക എന്ന് ചേർത്തു പിടിച്ച് പറയാൻ തോന്നും. ആതിര ആറിന്റെ 'മീനേ മീൻ മണമേ'എന്ന പുസ്തകം കൈയിലെടുക്കുമ്പോ അത്തരമൊരു വായനാനുഭവമാണ് എന്നെ സ്പർശിച്ചു പോവുന്നത്.
"അതേ കടൽ" എന്ന ആദ്യ കവിത മുതൽ അവസാനം വരെ നെഞ്ചിനകത്തൊരു പിടച്ചിലോടെയല്ലാതെ അവയെ വായിച്ചു തീർക്കാൻ കഴിയില്ല. ഉള്ളിലെ കടല് വറ്റുന്നതും ഉടുതുണിയില്ലാതെ ഉപ്പട്ടിയിലേക്ക് ഇറങ്ങുന്നതുമായ ഒരു പെണ്ണ് എന്റെയുള്ളിലും ഉള്ളതാണെന്ന് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു. ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും ആതിര തന്നെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഒരുവളുടെ കുട്ടിക്കാലം മുതൽ തുടങ്ങുന്ന പലതരം മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ, നിരാശകളുടെയെല്ലാം സമ്മിശ്രമായ കൂടിച്ചേരലുകളാണ് ഇതിലെ ഓരോ കവിതകളും.
"ഉപ്പുമഴ"യിലെ പെറ്റിക്കോട്ടിട്ട പെൺകുട്ടി പറഞ്ഞു തരുന്ന സൂത്രവാക്യങ്ങൾ ചൂണ്ടുന്നത് അവൾ നിറം കൊടുത്ത ലോകത്തേക്കാണ്. സ്നേഹത്തിന് അവൾ നൽകുന്ന മണം മീൻ ചൂരിന്റെതാണ്. പ്രേമത്തിലും, മനുഷ്യരിലുമുള്ള സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ലോ ബാറ്ററി ആയ ഒരു പവർബാങ്കുമായി അവസാനം അവൾ ഇല്ലാതാകുമ്പോ, 'മരിച്ചവളുടെ മുറി' നമ്മളെ ഭയപെടുത്തുന്നു. ഒരുവളെ അറിയാൻ അവൾ മരിക്കേണ്ടിയിരിക്കുന്നു എന്നത് ഉള്ളു പൊള്ളിക്കുന്നു. അത്രമേൽ തീവ്രമായ ജീവിതമെഴുത്താണ് ഇതിലെ കവിതകൾ ഓരോന്നും.
