ജീവിതരതിയുടെ താളപ്രമാണങ്ങള്‍

Book Review

ജീവിതരതിയുടെ താളപ്രമാണങ്ങള്‍


രു കഥ ഉജ്ജ്വലമാകുന്നത് പലപ്പോഴും അതിലെ പ്രമേയം കൊണ്ടാ​വണമെന്നില്ല. കഥ പകരുന്ന വൈകാരികതയും ഭാവാ​ത്മകതയുമാണ് ആദ്യം നമ്മെ തൊടുക. ചൂണ്ടപോലെ കൊളു​ത്തിപ്പിടിക്കുന്ന ജീവിതാവിഷ്‌കാരങ്ങളാണ് അതിനെ ഉള്ളിൽ നിന്ന് വിടാതെ നിര്‍ത്തുക. വാക്കിന്റെ ചുടുകട്ടകള്‍ ചിട്ടയോടെ അടുക്കിയൊരുക്കി പണിക്കുറ തീര്‍ത്ത ഉജ്ജ്വല​ഭാഷാശില്പങ്ങളാണ് കെ.ആര്‍. മീരയുടെ കഥകള്‍. വൈകാരി​കതയും രാഷ്ട്രീയതയും ചാലിച്ചൊരുക്കിയ ചാന്തുകൊണ്ടാണ് ആ കഥകളില്‍ ചുടുവാക്കിന്‍കട്ടകളെ കോര്‍ത്തു ചേർക്കുന്നത്. കെ. സരസ്വതിയമ്മയ്ക്ക് മാധവിക്കുട്ടിയില്‍ പിറന്ന കുഞ്ഞാണ് കെ.ആര്‍. മീരയുടെ കഥാസര്‍ഗം. നർമവും വീറുറ്റ പരിഹാസങ്ങളും നിറഞ്ഞ കഥാവതരണങ്ങളിലൂടെയുള്ള ജാജ്ജ്വല്യമാന​മായ സ്ത്രീസ്വത്വാവിഷ്‌കാരങ്ങള്‍ മല​യാളം ആദ്യം പരിചയപ്പെട്ടത് സരസ്വതിയമ്മയുടെ രചനകളി​ലാണല്ലൊ. ലാവണ്യാത്മകമായ കുറുകിയ ഭാഷയില്‍ നിരങ്കു​ശമായ അവതരണങ്ങള്‍ മാധവി​ക്കുട്ടിയിലും. ഇപ്പറഞ്ഞവ​യെല്ലാം ഒരാളില്‍ച്ചേര്‍ന്നൊത്തു കാണ​​ണമെങ്കില്‍ കെ.ആര്‍. മീരയുടെ കഥകളുണ്ട്. കഥയടരു​കളിലെ മാനവികതയുടെയും ബൗദ്ധികതയുടെയും ഗാഢമുദ്രകളാണ് അതിനെ മികവുറ്റ സാഹിത്യരചനയായി കാലങ്ങ​ളിലേക്ക് കടത്തിനിര്‍ത്തു​ന്നത്.

മോഹമഞ്ഞപോലൊരു കഥ, നോക്കൂ–അത്രയ്ക്ക് അപൂര്‍വ​ത​​യൊന്നും അവകാശപ്പെടാനാവില്ല അതിലെ കഥാതന്തുവിന്. ആകസ്മികമായൊരു രതിയിലേക്ക് എത്തിച്ചേരുന്ന സ്ത്രീ​പുരുഷന്മാരെ പല രചനകളിലും നമ്മള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, അത് മോഹമഞ്ഞ എന്ന കഥാശില്പമായി പിറവിയെടുത്തപ്പോഴോ! അതിലെ അടരുകളും ആവിഷ്‌കാരമാതിരികളും അനിതരരചനാസാധാരണമായി. എം. കൃഷ്ണൻനായര്‍ ആ കഥയുടെ മന്ദവേഗത്തെക്കുറിച്ചു പറഞ്ഞു നിര്‍ത്തി​ക്കളഞ്ഞു. അത് ലൈംഗികതയാല്‍ ബന്ധിക്കപ്പെട്ട ഒരു സ്ത്രീയുടെയും പുരുഷന്റെയും കഥയാണ്, ഏറ്റവും പുറമേയ്ക്കുതന്നെ. വെറു​മൊരു സ്ത്രീയും വെറും പുരുഷനും. ജൈവമനുഷ്യര്‍. സാമീപ്യ​ത്തില്‍ തുടങ്ങി, നോട്ടങ്ങളില്‍ കൊരുത്ത്, വാക്കുകളില്‍ ചേര്‍ന്ന്, സ്പര്‍ശത്തില്‍ ഇഴുകി, ഒരു രതിബന്ധത്തിന്റെ തീവ്രതയിലേക്കു സ്വാഭാവികമായി മൂര്‍ച്ഛിച്ച്, മെല്ലെ വിടര്‍ന്ന്, ഇഴുകിയകന്ന്, ഒരു വേഴ്ചയുടെ മാനുഷികപൂര്‍ണത. ആ രതി​യുടെ വിളംബി​​ത​കാലമാണ് കഥയുടെ മന്ദതാളം. അനാസ​ക്തിയുടെ ന്യൂനോ​ക്തികളില്‍ സമര്‍ഥമായി ഒളിപ്പിച്ച തീവ്രജൈവാസക്തികളുടെ അടിയൊഴുക്കുകളാണ് മോഹമഞ്ഞ​യുടെ പുനര്‍വായനകളെ പുതുവായനകളാക്കി മാറ്റു​ന്നത്.


Related Articles