സ്ത്രീയനുഭവങ്ങളുടെ സൃഷ്ടിപരവും ദാർശനികവുമായ സാധ്യതകൾ തുറന്നിടുന്ന കവിതകളാണ് ആതിരയുടേത്. 'എന്നുടെ ഒച്ച വേറിട്ടു കേട്ടുവോ' എന്ന വരിയെ ഓർമിപ്പിക്കുന്ന വിധത്തിൽ പുതുമയുള്ള കവിതകളാണവ. പെൺപരിപ്രേക്ഷ്യത്തിലുള്ള ജീവിതാനുഭവങ്ങൾ 'മീനേ മീൻമണമേ'എന്ന കാവ്യസമാഹാരത്തിൽ ഉടനീളം കാണാം. പെണ്ണനുഭവങ്ങളെ ആദർശവൽക്കരിക്കുന്ന മുഖംമൂടികളെ ഉപേക്ഷിച്ച് തുറന്നെഴുത്തിന്റെ ലോകങ്ങളാണ് ആതിരയുടെ രചനകൾ വെളിപ്പെടുത്തുന്നത്.
വീടും അടുക്കളയും പെണ്ണിൻ്റെ സർഗാത്മകതയെയും സ്വാതന്ത്ര്യത്തെയും ഞെരുക്കുന്ന ഇടമായി മലയാളത്തിലെ സ്ത്രീകവിതകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്, അടുക്കള ബിംബങ്ങളിലൂടെ പെൺജീവിതത്തിന്റെ വേവും നോവും ആവിഷ്കരിക്കപ്പെടുന്നു. ഓരോ സ്ത്രീയും തൊഴിലിടത്തിലേക്കോ ഓഫീസിലേക്കോ പോകുമ്പോഴും കൂടെ തൻ്റെ വീടിനെയും ചുമക്കുന്നു എന്ന് പറയാറുണ്ട്. 'ഓർമ്മവീട്' എന്ന കവിത അത്തരം ചിന്തകളെ പ്രശ്നവത്കരിക്കുന്നു.
''വീട്ടിൽ നിന്നുമിറങ്ങുമ്പോൾ
അമ്മയ്ക്കൊപ്പം
വീടുമിറങ്ങിവരാറുണ്ടായിരുന്നു.
ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ,
ബസ്സിലിരിക്കുമ്പോൾ,
ബസ്സിറങ്ങി നടക്കുമ്പോൾ
ഇറങ്ങി വന്ന വീടിനെക്കുറിച്ച്
കൂടെ വന്ന വീട് ഓർമിപ്പിച്ചുകൊണ്ടായിരുന്നു.’’
