മാറ്റിവരയ്ക്കപ്പെടുന്ന ഭൂപടം

Book Review

മാറ്റിവരയ്ക്കപ്പെടുന്ന ഭൂപടം


ചില ജീവിതങ്ങൾ ജീവിച്ചുതീരുന്നത് ആരാലുമറിയാതെ ഒരി​ടത്തും അടയാളപ്പെടുത്താതെയാണ്. ചിലർ ജീവിച്ചുപോകുന്ന വഴികളാണ് ചിലപ്പോൾ, അല്ലെങ്കിൽ ഒരു പരിധിവരെ മറ്റുള്ളവർക്ക് ഉപാധിയാകുന്നത്. ചിലരുടെ ജീവിതങ്ങൾ വെറുതേയല്ലാതെ ഓർമ്മ​യിൽനിന്നും അനുഭവത്തിൽനിന്നും കേട്ടുകേൾവിയിൽ നിന്നും എപ്പോഴെങ്കിലും പറയണമെന്നുകരുതി പറഞ്ഞുകൊണ്ടിരിക്കും. മനുഷ്യരുടെ കഥയെപ്പോഴും എന്തെങ്കിലും പുതുതായി പറയാൻ ബാക്കിവയ്ക്കുമെന്ന് ചരിത്രം പറയുന്നു.

പുഷ്പമ്മയുടെ ‘മുടി’യും കഥപറയുകയാണ്. ജീവിച്ചുപോന്ന ഗ്രാമങ്ങളിൽനിന്നും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് കാടിന്റെ ഇരുളിൽ വെളിച്ചം പൊഴിച്ച് പുതിയ തോട്ടങ്ങൾ നിർമ്മിക്കുന്ന മനുഷ്യൻ ജീവിതത്തിന്റെ നിലനില്പിനായി പ്രകൃതിയോടും വന്യ​മൃഗങ്ങളോടും എത്രമാത്രം അടരാടുന്നുവെന്നത് വേദനയാക്കുന്നുണ്ട് ‘മുടി’ എന്ന നോവൽ. ചരിത്രവും ഭൂമിശാസ്ത്രവും പകർത്തു​ന്നതാണ് പലപ്പോഴും മനുഷ്യജീവിതം. പ്രകൃതിയും അതിലെ ജീവജാലങ്ങളും മണ്ണിൽ മറഞ്ഞുകിടക്കുന്ന അനവധി നിധിപേടക​ങ്ങളും മനുഷ്യരിൽ ഇനിയും പലതും ഒളിഞ്ഞിരിപ്പുണ്ടെന്നടയാള പ്പെടു​ത്തുന്നു.

ആവർത്തിച്ചുവരുന്ന മനുഷ്യാവസ്ഥകൾ ഭൂമിയിൽനിന്നും പലതും ഖനനംചെയ്‌തെടുക്കുന്നതുപോലെ കണ്ടതും അനുഭവിച്ചതും തുറന്നുവയ്ക്കുന്നതുംകൂടിയാവുന്നു വാക്കുകൾകൊണ്ടൊ​രു​ക്കുന്ന ഓരോ കൃതിയും. ഇനിയും പറഞ്ഞുതീർന്നിട്ടില്ലാത്ത ജീവി​തകഥകൾ നിറഞ്ഞതാണീ ലോകം. ഭൂമിയുടെ ഓരോ അടരു​കളിൽനിന്നും പലപ്പോഴായി കാലം പുറത്തേക്കെത്തിക്കുന്ന പുരാ​വൃത്തങ്ങൾ അത്ഭുതങ്ങളുടെ പുതിയ ആഖ്യായികകൾ തീർക്കുന്നുണ്ട്. മനുഷ്യകണ്ണുകൾക്ക് ദിശയറിയാത്ത, മൃഗങ്ങളുടെ ആവാസ​കേന്ദ്രമായ ഇരുണ്ട വനാന്തരങ്ങളിൽ ജീവിതത്തിന്റെ അടിസ്ഥാന നിർമിതികൾക്കായി ജനങ്ങൾ നടത്തുന്ന അത്ഭുതസഞ്ചാരം കൂടിയാവുന്നു ‘മുടി.’ മനുഷ്യൻ നടത്തിയ യാത്രകളൊക്കെ ജീവിതം തേടിയായിരുന്നു. കാടും മലയും കടലും അവൻ താണ്ടി​യതും അവി​ടങ്ങളിൽ അടിഞ്ഞുപോയതും വിശപ്പിൽനിന്നും രക്ഷ നേടാനായിരുന്നു. ഓരോയിടങ്ങളിലും അവനെ കാത്തിരുന്ന ചതി​യുടെയും പീഡനത്തിന്റെയും ഇരുട്ട് അവനറിഞ്ഞതേയില്ല. കങ്കാണി​​​ കളുടെയും ദല്ലാളുകളുടെയും മുന്നിൽ ഭയത്തിന്റെ പുതപ്പിനാൽ മൂടി അവൻ എത്തിച്ചേർന്നതു ജീവിതത്തിൽ പുതിയ വെളിച്ചമുണ്ടാവും എന്നു കരുതിത്തന്നെയുമാണ്. എന്നാൽ അവന്റെ ശിഷ്ട ജീവിതം അടിമപാളയത്തിലാവുമെന്ന് അവൻപോലും തിരിച്ചറി​യാത്ത വ്യഥകളുടെ കൃതികൂടിയാവുന്നു മുടി.


Related Articles