ഭാഷയുടെയും ഭാവനയുടെയും ഏറ്റവും അനുയോജ്യമായ അനുപാതത്തില്‍ മലയാളിക്ക് അപരിചിതമായ ഒരു ചരിത്രത്തെ പൊലിപ്പിച്ചപ്പോള്‍ സംഭവിച്ച നോവലാണ് എം ആര് വിഷ്ണുപ്രസാദിന്റെ ‘മത്തിയാസ്’. ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി നോവല്‍മത്സരത്തില്‍ പ്രത്യേക പുരസ്കാരം നേടിയ ഈ കൃതി, ക്ഷുരകവൈദ്യനായ മത്തിയാസ് എന്ന മുപ്പത്തിയെട്ടുകാരന്റെ സ്വയം കണ്ടെത്തലിന്റെ വഴികളിലൂടെയാണ് വികസിക്കുന്നത്. ശരീരശസ്ത്രക്രിയയുടെ, എഴുത്തുകാരന്റെ ഭാഷയില്‍ കീറ്റുവിദ്യയുടെ ആദ്യരൂപത്തെക്കുറിച്ച് സമഗ്രമായി അവതരിപ്പിക്കുമ്പോള്‍ത്തന്നെ, വിരസമായേക്കാവുന്ന അത്തരമൊരു വിഷയത്തിന് ഭാഷയുടെ അപാരമായ പുതുമയും ഇണക്കവും ചേര്‍ത്ത് ബലപ്പെടുത്തി സൗന്ദര്യവല്ക്കരിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. അപ്പന്റെ തൊഴിലില്‍ യാതൊരു താത്പര്യവും ഇല്ലാതിരുന്ന മത്തിയാസ്, അദ്ദേഹത്തിന്റെ മരണശേഷം തന്റെ വഴിയും അതേ തൊഴിലിന്റെ തുടര്‍ച്ചയാണെന്ന് തിരിച്ചറിയുന്നതും അതിലേക്കെത്തിപ്പെടാനുള്ള പ്രയാസങ്ങളും വെല്ലുവിളികളുമെല്ലാം ഓരോ വായനക്കാരിലേക്കും ആഞ്ഞുപതിക്കുന്ന ടോര്ച്ചുവെട്ടംപോലെ തെളിഞ്ഞു നില്‍ക്കുന്നതാണ്. മനുഷ്യശരീരത്തിന്റെ രഹസ്യം പഠിക്കാന്‍ ശവങ്ങള് കീറുമ്പോഴുള്ള അറപ്പും വെറുപ്പും പേടിയും അപകര്‍ഷതയുമെല്ലാം അതിജീവിച്ച് ധൈര്യവും ഉറപ്പുമുള്ള ഒരാളായി പരിവര്‍ത്തനപ്പെടുന്ന മത്തിയാസ് എന്ന പച്ചമനുഷ്യന്റെ ഉള്ളുബോധത്തില് നിറയുന്നത് അറിവുതേടുന്ന മനുഷ്യന്റെ എക്കാലത്തെയും വിപ്ലവംതന്നെയാണ്.
വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കഥാപരിസരത്തെ സൂക്ഷ്മമായി പരിചരിക്കുമ്പോഴും ചരിത്ര സംഭവങ്ങളുടെ വ്യക്തമായ അടയാളപ്പെടുത്തലുകള്‍ അടിയൊഴുക്കുപോലെ ഈ കൃതിയില്‍ തെളിഞ്ഞുകിടക്കുന്നു. ചരിത്രവും ഭാവനയും തമ്മിലുള്ള ബന്ധം പാളിപ്പോയാല്‍ ആഖ്യാനം മുഴുവനായും തകര്‍ന്നു പോകാവുന്നതും പൊള്ളവാക്കുകളാല് കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്തതുമാണ്. ഗവേഷണസ്വഭാവത്തോടെ പ്രതിപാദ്യവിഷയത്തെ നോവലിസ്റ്റ് ആഴത്തില്‍ പഠിച്ചിട്ടുണ്ടെങ്കിലും അതിന്റെ വച്ചുകെട്ടലുകളോ അമിതാഖ്യാനമോ നോവലിന്റെ ഒരു ഭാഗത്തും മുഴച്ചു നില്ക്കുന്നുമില്ല. മത്തിയാസിന്റെ നോവലിസ്റ്റ് പ്രാഥമികമായും കവിയാകയാല്‍, സര്‍ഗാത്മക പ്രധാനമായ കാവ്യഭാഷതന്നെയാണ് നോവലിന്റെ കടക്കോല്‍. ആകാശം കിള്ളി, പിന്നെയും പറന്നു പോകുന്ന സങ്കല്പങ്ങള്ക്കൊപ്പം ഒരു കവിക്ക് മാത്രം സാധ്യമാവുന്ന ഭാഷയില്‍ സൃഷ്ടിച്ചിരിക്കുന്ന ഉപമകളും പ്രതീകങ്ങളും നോവലില്‍ അനവധിയാണ്. എഴുത്തുവഴിയില്‍ കവിതയും നോവലും, പ്രത്യക്ഷത്തില്‍ എണ്ണയും വെള്ളവുംപോലെ പൊരുത്തപ്പെടാത്തവയാണ്. ക്രാഫ്റ്റിലോ ഭാഷയിലോ അങ്ങനെയൊരു ഒത്തുപോകലിന്റെ ആവശ്യമില്ലതാനും. എന്നാല്‍ കവിതയുടെ കൈയുളി കൊണ്ട് മനോഹരമായി ചെത്തിയെടുത്ത, ആര്‍ക്കും ധൈര്യമായി എടുത്തുകൊണ്ടുപോയി ഷോക്കേസ് ചെയ്യാവുന്ന ചിത്രപ്പണികളുള്ള നോവലാണ് ‘മത്തിയാസ്’.
