ശരീരത്തിലെ മുറിവുകൾ തുന്നുന്നവർക്ക് മനുഷ്യരുടെ ചരിത്രവും തുന്നിച്ചേർക്കാനാവുമോ? എം ആര്‍ വിഷ്ണുപ്രസാദിന്റെ മത്തിയാസ് എന്ന നോവല്‍ വായിച്ചപ്പോൾ മനസ്സിൽ മുഴങ്ങിയ ചോദ്യമായിരുന്നു അത്. പച്ചമാംസം കീറി, അസ്ഥികളുടെ ഉള്ളില്‍ കടന്ന്, വേദനയുടെ ഭാഷ പഠിച്ചിരുന്ന ഒരു വംശത്തിന്റെ കഥയാണ് മത്തിയാസ്. എന്നാൽ ഇത് ശരീരം കീറിമുറിക്കുന്ന ഒരു വൈദ്യന്റെ യാത്ര മാത്രമല്ല; മനുഷ്യശരീരത്തിന്‍റെയും, ചരിത്രത്തിന്‍റെയും, വിപ്ലവത്തിന്‍റെയും ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അതിശയകരമായ സഞ്ചാരം കൂടിയാണ്.
ക്ഷുരകവൈദ്യനായ അപ്പന്റെ മരണശേഷം, അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം നിറവേറ്റാൻ, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ട്രിയര്‍ നഗരത്തില്‍ നിന്ന് ബെര്‍ലിനിലേക്ക് മത്തിയാസ് എന്ന മനുഷ്യന്‍ നടത്തുന്ന യാത്രയാണ് നോവലിന്റെ ഉള്ളടക്കം. മകനും തന്നെപോലെ ശരീരം കീറിപഠിക്കുന്ന ഒരു കീറ്റുവൈദ്യനാകണമെന്നായിരുന്നു മത്തിയാസിന്റെ അപ്പന്റെ ആഗ്രഹം. ഈ യാത്രയില്‍ മത്തിയാസിനൊപ്പം അയാളുടെ അനന്തരവന്‍ പോപ്പോയും അണിചേരുന്നു. മരിച്ചുപോയ അപ്പനും ഈ യാത്രയില്‍ മത്തിയാസിനൊപ്പം ചേരുന്നുവെന്നതാണ് ഈ നോവലിലെ അനേകം അത്ഭുതങ്ങളില്‍ ഒന്ന്. മനുഷ്യചിന്തയെ മാറ്റിമറിച്ച കാള്‍ മാര്‍ക്സിന്റെ കൗമാരജീവിതവും അസാധാരണമായ ഭാവനയോടെ ഈ നോവലില്‍ വിഷയമാകുന്നുണ്ട്. മത്തിയാസിന്‍റെ യാത്ര കേവലമൊരു ദേശാടനമല്ല; ജീവിതത്തിനും മരണത്തിനുമിടയിൽ നിലകൊള്ളുന്ന മനുഷ്യന്‍റെ അറിവിലേക്കുള്ള തീർത്ഥാടനമാണ്.
നായകകഥാപാത്രത്തിന്റെ യാത്രയായി മാത്രം ഈ നോവലിനെ വായിക്കാന്‍ കഴിയില്ല. അധികാരത്തിന്റെ കയ്യേറ്റങ്ങൾ, ആശയസംഘർഷങ്ങൾ, രാജഭരണത്തിന്റെ ദുഷ്ടതകള്‍, പൗരോഹിത്യത്തിന്റെ ദുരവസ്ഥ, പുതുലോകം സ്വപ്നം കാണുന്ന യുവതയുടെ വിപ്ലവവീര്യം തുടങ്ങി അന്നത്തെ സമൂഹം അനുഭവിച്ചതെല്ലാം നോവലില്‍ ആവിഷകരിക്കപ്പെടുമ്പോള്‍ അതൊരു സമൂഹത്തിന്റെ കഥയായിമാറുന്നു. മുറിവേറ്റ ഒരു സമൂഹം ചരിത്രത്തിലൂടെ നടന്നു നീങ്ങുന്നത് പോലെ തോന്നും. അതുകൊണ്ട് മത്തിയാസിന്റെ യാത്ര വ്യക്തിപരമായൊരു അന്വേഷണമല്ല; മറിച്ച് കാലഘട്ടത്തിന്റെ ആത്മാവിനെ സ്പർശിക്കുന്ന ഒരു പദയാത്ര പോലെ തോന്നാനിടയുണ്ട്.
