പരിസ്ഥിതി ശാസ്ത്ര സാഹിത്യത്തിലെ ഒരു നാഴികക്കല്ലാണ് റേച്ചൽ കാഴ്സൻ എഴുതി 1962ൽ പ്രസിദ്ധീകരിക്കപ്പെട്ട 'നിശ്ശബ്ദ വസന്തം.' മനുഷ്യന്റെ വിവേചനരഹിതമായ പ്രകൃതി ചൂഷണം ഭൂമിയെ എങ്ങനെ നിശ്ശബ്ദമാക്കുന്നു എന്ന് ഈ പുസ്തകം ലളിതമായി വിവരിക്കുന്നു. ആധുനിക പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിച്ച കൃതിയാണിത്. പരിസ്ഥിതിസ്നേഹികളുടെ ബൈബിൾ എന്നറിയപ്പെടുന്ന ഈ പുസ്തകം കീടനാശിനികളുടെ, പ്രത്യേകിച്ച് ഡി ഡി ടി പോലുള്ള രാസവസ്തുക്കളുടെ അമിതമായ ഉപയോഗം പ്രകൃതിയിൽ വരുത്തുന്ന നാശനഷ്ടങ്ങൾ കാണിച്ചുതരുന്നു. പക്ഷികളുടെയും പ്രാണികളുടെയും കളകൂജനങ്ങൾ ഇല്ലാത്ത, ജീവനറ്റ ഒരു വസന്തക്കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലിലൂടെയാണ് പുസ്തകം ആരംഭിക്കുന്നത്. രാസവസ്തുക്കൾ മണ്ണിലും വെള്ളത്തിലും കലർന്ന് സസ്യങ്ങളിലൂടെയും മൃഗങ്ങളിലൂടെയും ഒടുവിൽ മനുഷ്യരിലും എത്തി ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നത് കാഴ്സൻ ശാസത്രീയമായി തെളിയിക്കുന്നു.
രാസവസ്തുക്കൾ നിരന്തരം ഉപയോഗിക്കുമ്പോൾ കീടങ്ങൾ അവയ്ക്കെതിരെ പ്രതിരോധശേഷി കൈവരിക്കുകയും പിന്നീട് കൂടുതൽ വീര്യമേറിയ വിഷം ഉപയോഗിക്കേണ്ടിവരികയും ചെയ്യുന്ന ദുരന്തവലയം കഴ്സൺ ചൂണ്ടിക്കാട്ടുന്നു. രാസവസ്തുക്കൾക്ക് പകരം പ്രകൃതിദത്തമായ കീടാനിയന്ത്രണമാർഗ്ഗങ്ങളും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കണമെന്ന് ഈ പുസ്തകം ആവശ്യപ്പെടുന്നു.
കീടനാശിനികൾ ലക്ഷ്യമിടുന്ന പ്രാണികളെ മാത്രമല്ല നശിപ്പിക്കുന്നത്, മറിച്ച് അവ പ്രകൃതിയിലെ 'ജൈവ സഞ്ചിതീകരണം' എന്ന പ്രതിഭാസത്തിന് കാരണമാകുന്നു എന്ന് കാഴ്സൻ സമർത്ഥിക്കുന്നു. മണ്ണിലും ജലാശയങ്ങളിലും കലരുന്ന ഈ രാസവിഷം ഒരിക്കലും പ്രകൃതിയിൽ ലയിച്ചു ചേരുന്നില്ല. അവ സസ്യങ്ങളിലൂടെ ചെറുകീടങ്ങളിലേക്കും തുടർന്ന് മത്സ്യങ്ങൾ, പക്ഷികൾ തുടങ്ങിയ ജീവികളിലേക്കും പടരുന്നു. ഇങ്ങനെ ഭക്ഷ്യശൃംഖലയുടെ മുകളിലേക്ക് പോകുന്തോറും ഈ വിഷത്തിന്റെ സാന്ദ്രത മാരകമായ അളവിൽ വർദ്ധിക്കുന്നു. ഇത് പക്ഷികളുടെ മുട്ടത്തോടുകൾ നേർത്തതാകാനും അവ വിരിയുംമുമ്പുതന്നെ പൊട്ടിപ്പോകാനും കാരണമായി. അമേരിക്കയുടെ ദേശീയ പക്ഷിയായ ബാൾഡ് ഈഗിൾ ഉൾപ്പെടെയുള്ള നിരവധി പക്ഷിവർഗ്ഗങ്ങൾ വംശനാശത്തിന്റെ വക്കിലെത്താൻ കാരണം ഇതായിരുന്നു.
