'കരിമീൻ' വായിച്ചുമടക്കുമ്പോൾ...

Book Review

'കരിമീൻ' വായിച്ചുമടക്കുമ്പോൾ...


ടുത്തിടെ ഡിസി ബുക്സ് പുറത്തിറക്കിയ കഥകളുടെ സമാഹാരമാണ് രാജേഷ് കെ നാരായണൻ എഴുതിയ 'കരിമീൻ.' വ്യത്യസ്തമായ പ്രമേയങ്ങളും സവിശേഷമായ പ്രമേയ പരിചരണവും തെളിഞ്ഞ ഭാഷയും ഭാഷയുടെ കൃത്യതയും ഈ കഥകളെ മികവുറ്റതാക്കുന്നു. 'കരിമീൻ', 'ഒസ്യത്ത്', 'നെയ്മ ഫാത്തിമ', 'പോത്ത്', 'ശ്രീനാരായണ ഗുരുവിന്റെ കത്ത്' എന്നിങ്ങനെ വേറിട്ട വായനാനുഭവം പകരുന്ന ഈ കഥകൾ മലയാളഭാവനയുടെ പുതുകാലത്തെ അടയാളപ്പെടുത്തുന്നു.

'കരിമീൻ' എന്ന കഥ വായിച്ചുമടക്കുമ്പോൾ, തമ്മിൽത്തമ്മിൽ കാണാനായി തെളിവെള്ളത്തിൽ മാത്രം ജീവിക്കുകയും അതുകൊണ്ടുതന്നെ നിഷ്പ്രയാസം മനുഷ്യരുടെ ഭക്ഷണമേശയിൽ വിഭവമായി മാറുകയും ചെയ്യുന്ന കരിമീനുകളിൽ നാം നമ്മെ കണ്ടെത്തും. സാംസ്കാരികമായ അധിനിവേശങ്ങൾക്കെതിരെ നാം ഉയർത്തുന്ന പ്രതിരോധങ്ങൾ അമ്പേ തകരുന്ന ശബ്ദമാണ് 'ശ്രീനാരായണ ഗുരുവിന്റെ കത്ത്.' വൈക്കം സത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത, സവർണ്ണ മാടമ്പികൾ കണ്ണുകളിൽ ചുണ്ണാമ്പ് കലക്കി ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ ആമചാടി തേവനും പാലക്കുഴ രാമൻ ഇളയതും അടയാളപ്പെടുന്ന കഥകൂടിയാണിത്. ശിഥിലമാകുന്ന കുടുംബബന്ധങ്ങളുടെ നിഷ്ഫലത വെളിപ്പെടുത്തുന്ന 'ഒസ്യത്ത്' എന്ന കഥ വായിച്ചാൽ, ആലുവയ്ക്ക് പോകാനും പണ്ട് കുമാരനാശാൻ നടത്തിയിരുന്ന ആ ഓട്ടുകമ്പനി കാണാനും നമുക്ക് ആഗ്രഹം തോന്നും.

ഇത്തരത്തിൽ ഓരോ മട്ടിൽ, ആഴത്തിൽ വായനക്കാരനെ ബാധിക്കുന്ന കഥകളാണ് 'കരിമീൻ' എന്ന പുസ്തകത്തിലുള്ളത്.


Related Articles