'ഫാക്ടും' "ഫിക്ഷ'നും ചേരുന്ന എഴുത്തുരൂപത്തിന് 'ഫാക്ഷൻ' എന്നു പേരിടാമെന്നു തോന്നുന്നു. നമ്മുടെ ഭാഷയിൽ കാര്യമായി പ്രയോഗിക്കപ്പെട്ടിട്ടില്ലാത്ത ഒരു സാഹിത്യജനുസ്സാണത്. സി.വി. ബാലകൃഷ്ണന്റെ "എഴുത്തിന്റെ അൾത്താര'യിൽ ഇവയുടെ, യാഥാർത്ഥ്യത്തിന്റെയും കല്പനയുടെയും കലർപ്പു സൃഷ്ടിക്കുന്ന ഹൃദ്യമായ വായനാനുഭവത്തിന്റെ ലഹരി നുകരാം. സൗന്ദര്യലഹരിയും ഭാഷാലഹരിയും ജീവിതലഹരിയും വായനയിലും ചലച്ചിത്രകലയിലുമുള്ള അദമ്യമായ ലഹരിയും നിറഞ്ഞുനിൽക്കുന്ന എഴുത്താണത്. തന്റെ ഭാഷയെയും ഭാവനയെയും ഗാഢമായി വശീകരിച്ച വേദപുസ്തകവും അതിലെ ഭാഷയും ക്രൈസ്തവാത്മീയതയുടെ കുന്തുരുക്കപ്പുകമണവും നിറഞ്ഞുനിൽക്കുന്ന താളുകളാണ് "എഴുത്തിന്റെ അൾത്താര'യിലേത്. ഇയ്യോബിന്റെ പുസ്തകവും ഉത്തമഗീതവും ദാവീദിന്റെ സങ്കീർത്തനങ്ങളും റോസന്ന എന്ന ബുദ്ധിമതിയും സഹൃദയയുമായ കൂട്ടുകാരിയുമെല്ലാം ചേർന്ന് ഊടും പാവുമിടുന്ന രചനാകംബളം. കൂടാതെ ചമ്പ എന്ന ബംഗാളിയുവതിയും ഈ (സ)ഹൃദയവിനിമയങ്ങളിൽ ഭാഗഭാക്കാകുന്നു. പുസ്തകങ്ങളും എഴുത്തുകാരും എഴുത്തും വായനയും സിനിമയും പ്രകൃതിയും യാത്രയും ഭക്ഷണവുമാണ് ഇവർ പങ്കിട്ട് ആസ്വദിക്കുന്നത്.
("Music l heard with you was more than music' എന്ന് അമേരിക്കൻ കവി, കോൺറാഡ് ഐക്കൻ). പങ്കിടലിന്റെ ആനന്ദമാണ് ലാവണ്യവിനിമയങ്ങളുടെ അടിസ്ഥാനരസമെന്നും ആൺ–പെൺ സൗഹൃദത്തിലെ ആത്മപാരസ്പര്യം അതിനെ കൂടുതൽ രസനീയമാക്കുന്നു എന്നും പറയാതെ പറയുന്നുണ്ട് ഈ പുസ്തകം.
പതിനെട്ടാം നൂറ്റാണ്ടിൽ, വില്യം ഹാസ്ലിറ്റ് എഴുതിയ ഒരുപന്യാസമുണ്ട്, "പഴയ പുസ്തകങ്ങൾ വായിക്കുന്നതിനെപ്പറ്റി' എന്ന പേരിൽ. അതിലൊരിടത്ത്, ചിത്രകാരനും കലാനിരൂപകനുംകൂടിയായ, ഹാസ്ലിറ്റ് ഇങ്ങനെയെഴുതുന്നുണ്ട്––ബൊക്കാച്ചിയോവിന്റെ "പ്രാപ്പിടിയൻ' എന്ന കഥ വീണ്ടും വീണ്ടും വായിക്കുന്നത് ടിഷ്യന്റെ ഒരു ചിത്രം കണ്ണാൽ മുകർന്നുമുകർന്നാസ്വദിക്കുംപോലെയാണ്' (ഹാസ്ലിറ്റിന്റെ പ്രിയ ചിത്രകാരനായിരുന്നു, നഗ്നമേദുരഗാത്രികളുടെ ചിത്രകാരനായ ടിഷ്യൻ). "എഴുത്തിന്റെ അൾത്താര' (അതെ, അൾത്താര; ഭാഷയുടെയും ഭാവനയുടെയും ഉൾത്താരകളിലൂടെ ഒരുവൻ/ൾ ഒടുവിൽ സഞ്ചരിച്ചെത്തുമിടം!)യുടെ ആദ്യ അധ്യായത്തിലും ഇത്തരമൊരു സന്ദർഭമുണ്ട്; സെസാന്റെ ചിത്രങ്ങളെപ്പറ്റി ഹെമിങ്വേ പറഞ്ഞതാണത്.
ഹെമിങ്വേ പറഞ്ഞിട്ടുണ്ട്, എഴുതാൻ പഠിച്ചത് പാരീസിലെ ലക്സംബർഗ് മ്യൂസിയത്തിലുള്ള പോൾ സെസാന്റെ ചിത്രങ്ങൾ നോക്കിയാണ്. മറ്റു ചിത്രകാരന്മാരെയും താത്പര്യത്തോടെ കണ്ടിരുന്നു. പക്ഷേ, സ്വന്തം ചിത്രകാരനായി കരുതിയത് സെസാനെ. വയറ്റിൽ ഒന്നുമില്ലെങ്കിലും വിശപ്പറിയാതെ സെസാന്റെ ചിത്രങ്ങൾക്കു മുന്നിലൂടെ വീണ്ടും വീണ്ടും കടന്നുപോയത് സെസാൻ എങ്ങനെ പ്രകൃതിയെ പകർത്തിയെന്നു സൂക്ഷ്മമായി പഠിക്കാനാണ്. ഇത്തരത്തിൽ എഴുത്തും ചിത്രവും ചലച്ചിത്രവും എഴുത്തിലെ ധ്യാനവും സഹനവുമെല്ലാം കടന്നുവരുന്നുണ്ട് ഈ എഴുത്തുകളിൽ. സത്യജിത് റായിയുടെ ചലച്ചിത്രങ്ങളെക്കുറിച്ചാണ് ചമ്പയും എഴുത്തുകാരനും തമ്മിലുള്ള വിനിമയങ്ങൾ. ഹെമിങ്വേയും മാർകേസും വിറ്റ്ഗെൻസ്റ്റൈനും ചാൾസ് ഡിക്കൻസും ടാഗോറുമെല്ലാം കടന്നുവരുന്നുണ്ട് ഈ ആത്മഭാഷണങ്ങളിൽ. ഡിക്കൻസ് കണ്ട ഹിമാച്ഛാദിതമായ ഒരു പുലരിയുടെ വിവരണമുണ്ട് അവസാന അധ്യായത്തിൽ. കാൾ സാൻഡ്ബർഗ്ഗിന്റെ "പുകമഞ്ഞ്' (fog) എന്ന കവിതയെ ഓർമ്മിപ്പിക്കുന്നു അത്. ആ ചെറിയ കവിത ആരംഭിക്കുന്നത് ഇങ്ങനെ:
"The fog comes
On little cat feet'
(പതുത്ത മാർജ്ജാരപാദങ്ങളോടെ പുകമഞ്ഞ് വരുന്നു). മരണത്തിന്റെ ഹിമാവൃതിയായി ഭാവം പകരുന്ന മഞ്ഞാണ് "എഴുത്തിന്റെ അൾത്താര'യിലേത്; തോമസ് മന്നിന്റെ "മാന്ത്രികപർവ്വതം' എന്ന നോവലിലെ "സ്നോ' എന്ന അധ്യായത്തെ ഓർമ്മിപ്പിക്കുന്നത്. "ഹിമമയമായ വിവിക്തത' (snowy wilderness) എന്നൊരു പ്രയോഗമുണ്ട് ആ അധ്യായത്തിൽ. ആ വിജനധാവള്യം മരണമാകുന്നു.
ടാഗോറിന്റെ "കമേലിയ' എന്ന മനോഹരമായ, കഥനസ്വഭാവമുള്ള, കവിത ചൊല്ലിക്കേൾപ്പിക്കുന്നുണ്ട്, ചമ്പ കഥാകാരനെ. കമല എന്നു പേരുള്ളവൾ സമ്മാനിച്ച കമേലിയച്ചെടിയായിരുന്നു അത്. കുറോസാവയുടെ "സാൻജുറോ' എന്ന സമുറായ്ചിത്രത്തിലെ കമേലിയാപൂക്കളുടെ മൃതിവ്യംഗ്യങ്ങളെക്കുറിച്ചും അവർ സംസാരിക്കുന്നു. സാഹിത്യം, ഭക്ഷണം, രതി, പ്രണയം, സൗഹൃദം, ചലച്ചിത്രം, പ്രകൃതി എന്നിവയുടെ അത്യപൂർവ്വമായ കോക്ടെയ്ലാകുന്നു "എഴുത്തിന്റെ അൾത്താര'യിലെ എഴുത്തുകൾ.
സി.വി. ബാലകൃഷ്ണൻ
