ഡോ. കെ.ടി ജലീൽ എഴുതി 2025 മെയ് മാസത്തിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ''സോഷ്യലിസ്റ്റായ മുഹമ്മദ് നബി". ഏഴ് അദ്ധ്യായങ്ങളുള്ള ഈ പുസ്തക രചനക്കായി ഗ്രന്ഥകർത്താവ് നിരവധി ഗ്രന്ഥങ്ങൾ സൂക്ഷ്മതയോടെ പഠിച്ചിട്ടുണ്ടെന്ന് പുസ്തകത്തിൻ്റെ ഓരോ പേജും സാക്ഷ്യപ്പെടുത്തുന്നു. ഒരു വ്യക്തിയുടെയും മതത്തിൻ്റെയും മാത്രമല്ല ഒരു കാലഘട്ടത്തിൻ്റെ സംഭവബഹുലമായ ചരിത്രം തന്നെ ഈ കൃതി വായനക്കാരിൽ എത്തിക്കുന്നുണ്ട്. ജലീൽ ഇതിൻ്റെ പൂർണ്ണതക്കായി തൻ്റെ ബുദ്ധിയും നിരീക്ഷണ പാഠവവും വിശകലന വൈദഗ്ദ്ധ്യവും വേണ്ടുവോളം ഉപയോഗിച്ചതായി കാണാം.
അവതാരിക എഴുതിയ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ വരികൾ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിലേക്കു പ്രവേശിക്കാനുള്ള അനുയോജ്യമായ കവാടമാണ്. ചിന്തിക്കുന്നവർക്ക് ഒരായുസ്സ് മുഴുവൻ അവരവരുടെ ബോധതലം ജ്വലിപ്പിച്ചു നിർത്താൻ ഇന്ധനം നൽകുന്ന രചനയും കൂടിയാണിത്. ജഗദീശ്വരനിൽ വിശ്വസിക്കുന്നവരാണോ സോഷ്യലിസ്റ്റുകൾ, അതോ നിഷേധിക്കുന്നവരാണോ? ഈ ചോദ്യത്തിനുള്ള യുക്തിസഹമായ മറുപടിയാണ് "സോഷ്യലിസ്റ്റായ മുഹമ്മദ് നബി".
ഈശ്വരൻ്റെ ദൂതനായ മുഹമ്മദിനും ഭഗവാൻ ശ്രീകൃഷ്ണനും യേശുദേവനും ശ്രീരാമനും ശ്രീബുദ്ധനും സോഷ്യലിസ്റ്റുകളല്ലെങ്കിൽ മറ്റാർക്കാണ് ആ പതക്കം നെഞ്ചത്ത് ചാർത്തിക്കൊടുക്കാനാവുക? മനുഷ്യ നന്മ കാംക്ഷിച്ച് പ്രവർത്തിച്ച മഹാമനീഷികളാണ് ചരിത്രത്തിലെ പ്രഥമ സോഷ്യലിസ്റ്റുകൾ!
