1988-ൽ ഞാനൊരു കഥയെഴുതി. തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ അണക്കെട്ടും പഴയ തിരുവിതാംകൂറിലെ സുപ്രധാന അണക്കെട്ടുമായിരുന്ന പേച്ചിപ്പാറൈ അണയുടെ ശില്പിയായിരുന്ന എൻജിനീയർ മിഞ്ചിനെ (Minchin) ക്കുറിച്ചായിരുന്നു അത്. പക്ഷേ, ഒരു യഥാർത്ഥ കഥയായിരുന്നില്ല അത്. ചെമ്പൻ സായിപ്പ് എന്ന പേരിൽ ജനങ്ങളുടെ നാടോടിക്കഥകളിൽ ദൈവമായി ജീവിക്കുന്ന ആളാണ് മിഞ്ചിൻ. പുതിയ കാലത്തെ കഥപറച്ചിലിന്റെ രീതികളിലൂടെ ഞാനെഴുതിയ പടുകൈ എന്ന ഈ കഥ എന്റെ രചനകളിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലിഷുൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
ആധുനിക തമിഴ്‌നാടിന്റെ രൂപീകരണത്തിൽ മിഞ്ചിനെപ്പോലെതന്നെ സംഭാവനകൾ നൽകിയ ഒട്ടനവധി വിദേശികളുണ്ട്. ഉദാഹരണത്തിന്, കേണൽ മൺറോ (Thomas Manro). ഇന്നത്തെ തമിഴ്‌നാടിന്റെ ഖജനാവ് എന്നു വിളിക്കപ്പെടുന്ന കൊങ്കുനാട്, കേണൽ മൺറോയുടെ പ്രവർത്തനഫലമായി രൂപപ്പെട്ടതാണ്. കൊങ്കുനാട്ടിൽ മിൽ വ്യവസായം തുടങ്ങിയ സ്റ്റെയിൻസ് (Robert Stanes), തമിഴ്‌നാടിന്റെ വൈദ്യശാസ്ത്ര നവോത്ഥാനത്തിനു കാരണക്കാരനായി മാറിയ സ്‌കഡ്ഡർ (Ida Scudder), നെയ്യൂർ ആശുപത്രി സ്ഥാപിച്ച ഡോ. സോമർവെൽ (Dr. Somerwell), തമിഴ്‌നാട് വിദ്യാഭ്യാസത്തിന് മികച്ച സംഭാവനകൾ നൽകുകയും മധുരയിലെ അമേരിക്കൻ കോളേജ് സ്ഥാപിക്കുകയും ചെയ്ത ഡാനിയേൽ പുവർ (Daniel Poor), ആധുനിക തമിഴ്‌നാട് സാഹിത്യത്തിനുതന്നെ വഴികാട്ടിയായി മാറുകയും മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്ഥാപിക്കുകയും ചെയ്ത വില്യം മില്ലർ (William Miller) തുടങ്ങി എത്രയോ പേർ ഈ പട്ടികയിലുണ്ട്.
ഈ വിദേശികൾക്ക് ഉചിതമായ ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടില്ല എന്നതാണു സത്യം. സാഹിത്യകൃതികളിൽപ്പോലും അവർ പരാമർശിക്കപ്പെടുന്നത് തികച്ചും അപൂർവമാണ്. നമ്മുടെ ചരിത്രപരമായ അവബോധമില്ലായ്മയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഒരർത്ഥത്തിൽ പറഞ്ഞാൽ, നമ്മുടെ നന്ദികേടിന്റെ സാക്ഷ്യപത്രമായും ഇതു മാറുന്നു. സത്യത്തിൽ വിപരീതദിശയിലേക്കുള്ള സഞ്ചാരമാണ് ഇക്കാര്യത്തിൽ നടക്കുന്നത്. ഈറോഡ് നഗരം സ്ഥാപിച്ചതായി പറയപ്പെടുന്ന എ.ഡബ്ല്യു. ബ്രഹി(A.W. Brough) ന്റെ പേരിൽ ഒരേ ഒരു റോഡ് മാത്രമാണ് അവിടെയുണ്ടായിരുന്നത്. അതിന്റെ പേരുപോലും മാറ്റിക്കളഞ്ഞു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡം നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ജെയിംസ് എംലി (James Emlyn)ന്റെ പേര്, അദ്ദേഹം സ്ഥാപിച്ച വിദ്യാഭ്യാസസ്ഥാപനത്തിനുപോലും നൽകിയില്ല. (എന്റെ ജില്ലയിൽനിന്നുള്ള സോമർവെൽ, ഡത്തി മദാമ്മ, ഗോൾഡ്‌വെൽ എന്നിവരെക്കുറിച്ച് ഞാൻ ചില കഥകൾ എഴുതിയിട്ടുണ്ട്. പലരെക്കുറിച്ചും ഞാൻ വിശദമായി രേഖപ്പെടുത്തിയിട്ടുമുണ്ട്).
ഈ പശ്ചാത്തലം വച്ചുനോക്കിയാൽ, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്രഷ്ടാവായ പെന്നി ക്യൂക്ക് എന്ന എൻജിനീയറോട് ആ അണക്കെട്ടിലെ ജലമുപയോഗിക്കുന്ന ജനങ്ങൾ തലമുറതലമുറയായി പ്രകടിപ്പിക്കുന്ന ഭക്ത്യാദരങ്ങൾ ശ്രദ്ധേയമാണ്. ഇത് അസാധാരണവും അഭിനന്ദനാർഹവുമാണ്. ഇന്ന്, ഒരു സുപ്രധാനമായ ചരിത്രപുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ സംഭാവന തമിഴ് ജനതയുടെ ചിന്തയിൽ ഉറപ്പിച്ചുനിർത്തുന്നത് സന്തോഷകരംതന്നെ. ഒരു ചരിത്രപുസ്തകമെന്നതിനെക്കാളുപരി, മഹാകാവ്യങ്ങൾക്കു സമാനമായി ഒരു സംസ്കാരത്തിന്റെ ആവിഷ്കാരംകൂടിയായി കരുതപ്പെടേണ്ട കൃതിയാണ് അ. വെണ്ണിലയുടെ നീരധികാരം. അത്തരത്തിൽ നോക്കുമ്പോൾ നീരധികാരമെന്ന, കാവ്യാത്മകമായ പേരുതന്നെ ഈ കൃതിക്ക് ഏറ്റവും അനുയോജ്യമാണ്.
വിശദമായ വിവരങ്ങൾ നിറഞ്ഞ വിശാലമായ ചരിത്രം നോവലിനുചിതമായ ശൈലിയോടും ചിത്രീകരണപാടവത്തോടുംകൂടി അവതരിപ്പിക്കപ്പെടുന്നത്, പാശ്ചാത്യലോകത്ത് മുമ്പേ സ്ഥാപിതമായ ഒരു രചനാരീതിയാണ്. ചരിത്രത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗവുമാണിത്. ഇതിന് തമിഴിൽ ലഭ്യമായ ഏറ്റവും മികച്ച ഉദാഹരണം, ലാറി കോളിൻസും ഡൊമിനിക് ലാപിയറും ചേർന്നു രചിച്ച ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (Freedom at Midnight–Larry Collins and Dominique Lapierre) എന്ന കൃതിയുടെ പരിഭാഷയാണ്. പല തരത്തിലും ആ കൃതിയോടു സമാനമാണ് അ. വെണ്ണിലയുടെ നീരധികാരത്തിന്റെ ശൈലിയും ഘടനയും.
തിരുവിതാംകൂർ റെസിഡന്റായ കേണൽ ഹാനിങ്ടണിന്റെ ഒരു ദിവസത്തിൽനിന്ന് ഒരു നോവൽപോലെയാണ് ഈ പുസ്തകമാരംഭിക്കുന്നത്. ഇന്ത്യയെ പിടിച്ചുലച്ച ഘോരക്ഷാമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേട്ടു മനസ്സു തകർന്ന അദ്ദേഹത്തിനു മുന്നിൽ പഴയ തിരുവിതാംകൂർ–കൊച്ചി സർക്കാരിനും ബ്രിട്ടീഷ് ഭരണകൂടത്തിനുംവേണ്ടി ഒരു അണക്കെട്ടു പണിയാനുള്ള പദ്ധതി അവതരിപ്പിക്കപ്പെടുന്നു. ഇതിനായി തിരുവിതാംകൂറിന്റെ ഭൂമി, 999 വർഷത്തേക്ക് പാട്ടത്തിനെടുക്കുന്നു.
ഈ മഹത്തായ സ്വപ്നത്തിന്റെ തുടക്കം, സൂക്ഷ്മമായ വിവരണങ്ങളോടെ കൃതിയിൽ അവതരിപ്പിക്കപ്പെടുന്നു. അണക്കെട്ടു പണിയുന്ന വനത്തെക്കുറിച്ചും അവിടത്തെ ജലത്തിന്റെ സാന്നിദ്ധ്യസ്വഭാവങ്ങളെക്കുറിച്ചും വ്യക്തമായറിയുന്ന ക്യാപ്റ്റൻ പെന്നി ക്യൂക്കിനെയും പരിചയപ്പെടുത്തുന്നു. തുടക്കംതന്നെ വിരുദ്ധമായ സൂചനകളുടെയാണ് അവതരിപ്പിക്കുന്നത്. പദ്ധതിയുടെ ആരംഭത്തിൽത്തന്നെ തിരുവിതാംകൂർ മഹാരാജാവ് മരണമടയുന്നു. ഇനി പുതിയ രാജാവുമായി ഒരു കരാറിൽ ഏർപ്പെടണം. മൂന്ന് തലങ്ങളിൽനിന്നും പ്രശ്നങ്ങൾ ഉയർന്നുവരുന്നു. ആദ്യത്തേതു പണമാണ്. അക്കാലത്ത്, യുദ്ധങ്ങൾമൂലവും യുദ്ധങ്ങൾക്കായി ചുമത്തിയ നികുതികൾ കാരണമുണ്ടായ സാമ്പത്തികസ്തംഭനാവസ്ഥമൂലവും ക്ഷാമം മൂലവും ബ്രിട്ടീഷ് സർക്കാരിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. അതാണ് ആദ്യത്തെ പ്രശ്നം. രണ്ടാമത്തേത്, നാട്ടുരാജാക്കന്മാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ പണിയേണ്ട അണക്കെട്ടാണിത്. മാത്രമല്ല, പൂഞ്ഞാർപോലുള്ള ചെറിയ നാട്ടുരാജ്യങ്ങളുടെ അവകാശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. അനന്തമായി നീളുന്ന അതിന്റെ ഭരണപരമായ പ്രശ്നങ്ങൾ. മൂന്നാമതായി, അണക്കെട്ട് നിർമ്മിക്കേണ്ട സ്ഥലത്തിന്റെ രൂപീകരണത്തിലെ ബുദ്ധിമുട്ടുകൾ. എളുപ്പത്തിലൊന്നും ചെന്നുചേരാൻ കഴിയാത്ത ദുർഘടമായ വനത്തിലെ മലഞ്ചെരിവിലാണ് അണക്കെട്ട് നിർമ്മിക്കേണ്ടിയിരുന്നത്.
ഇത്തരം പ്രശ്നങ്ങളെ, മികവുറ്റ നാടകീയരംഗങ്ങളിലൂടെ വെണ്ണില ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ ആ സംഭവങ്ങൾ വെറുതെ അറിയുകയല്ല, മറിച്ച് ആ സാഹചര്യങ്ങളിൽ നേരിട്ടുചെന്ന് ജീവിക്കുകയാണു ചെയ്യുന്നത്. ആ പ്രതിസന്ധികൾ നമ്മളും നേരിടുകയാണ്. അതിൽ പങ്കാളികളായി ആ സങ്കടങ്ങളും നിരാശയും മാറിമാറിയനുഭവിച്ച് നമ്മളും ചരിത്രത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. ഇതാണ് നോവൽരചനയുടെ ശക്തി. ഇതിൽ കടന്നുവരുന്ന ചരിത്രപുരുഷനായ തിരുവിതാംകൂർ രാജാവും അമ്മമഹാറാണിയും രചനാസങ്കേതങ്ങളുടെ സാധ്യതകളാൽ നമ്മുടെ കൺമുന്നിൽ നേരിട്ടു പ്രത്യക്ഷപ്പെടുന്ന വ്യക്തിത്വങ്ങളായി മാറുന്നു.
അ. വെണ്ണില
