ചരിത്രാതീതകാലത്തെ മുട്ടകളെപ്പോലെ വെളുത്തു വലുതായ മിനുസമായ കല്ലുകളുടെ മീതെയൊഴുകുന്ന തെളിഞ്ഞ ജലമുള്ള നദിയുടെ കരയിൽ തീർത്ത ഇരുപത് ഇഷ്ടികക്കെട്ടിടങ്ങളുള്ള ഗ്രാമമായിരുന്നു മക്കൊണ്ടൊ. ചുടുകട്ടകൾ കൊണ്ട് നിർമ്മിച്ച ഏതാനും വീടുകളുള്ള ആ ഗ്രാമത്തിലേക്ക് വർഷാവർഷമെത്തുന്ന ജിപ്സികൾ കൊണ്ടുവന്നതൊക്കെയും അതിലെ അന്തേവാസികളിൽ അത്ഭുതം സൃഷ്ടിക്കുന്ന വകകൾ ആയിരുന്നു. അവിടുത്തെ പല വസ്തുക്കൾക്കും പേര് ഇട്ടിട്ടില്ല. പലതും ചൂണ്ടിക്കാട്ടിയാണ് ആളുകൾ മനസ്സിലാക്കിയിരുന്നത്. ജിപ്സികൾ കൊണ്ടുവന്ന പല വിചിത്ര വസ്തുക്കളും ഗ്രാമീണരിൽ അത്ഭുതങ്ങൾ സൃഷ്ട്ടിച്ചു. പുസ്തകത്തിൽ ചേർത്തിരിക്കുന്ന പഠനത്തിൽ, ഇതൊരു ഹാസ്യനോവലാണ് എന്ന എം. കൃഷ്ണൻനായരുടെ അഭിപ്രായത്തോട് ചേർന്ന വായനാനുഭവമാണ് നോവൽ സമ്മാനിക്കുന്നത്. പൂർണമായും ഇതൊരു ഹാസ്യനോവൽ അല്ല, എങ്കിലും മാജിക്കൽ റിയലിസത്തിൽ ഒരുക്കിയ കറുത്ത ഹാസ്യം വായനക്കിടെയിൽ പലയിടത്തും മറഞ്ഞിരിക്കുന്നു.
നോവലിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി റെമെഡിയോസ് സുന്ദരിയുടെ സ്വർഗ്ഗാരോഹണത്തിൽ കൂടെക്കൊണ്ടുപോയ തങ്ങളുടെ വിലകൂടിയ ലിനൻ ബെഡ്ഷീറ്റുകൾ നഷ്ടപ്പെട്ടല്ലോ എന്നാണ് ഈ അതിശയകരമായ സംഭവം നടക്കുമ്പോൾ അടുത്തുനിന്ന അമരാന്തയുടെ സങ്കടമെന്നതും, മക്കൊണ്ടൊയിൽ പള്ളി പണിയാൻ എത്തുന്ന ഫാദർ നിക്കാനോർ ദൈവത്തിന്റെ അത്ഭുതങ്ങൾ തെളിയിക്കാൻ ശ്രമിക്കുന്ന രംഗത്ത് വായുവിൽ ഉയർന്നു പൊങ്ങാൻ എളുപ്പവഴിയായി കണ്ടെത്തിയത് ഒരു കപ്പ് ചൂട് ചോക്ലേറ്റ് കുടിക്കുക എന്നതാണ്. ഉടൻ തന്നെ നിലത്തുനിന്ന് ഒരടി ഉയരത്തിൽ വായുവിൽ പൊങ്ങുന്നു! ദൈവത്തിന്റെ ശക്തി തന്നിലേക്ക് ആവഹിക്കാൻ അദ്ദേഹം ആശ്രയിക്കുന്നത് പ്രാർത്ഥനകളെയല്ല, ചൂട് ചോക്ലേറ്റിനെയാണ്. ഈ വിരോധാഭാസം സഭയിലെ അനാചാരങ്ങൾക്കെതിരെയുള്ള മാർക്വേസിന്റെ മൂർച്ചയേറിയ ആക്ഷേപം, കറുത്ത ഹാസ്യത്തിൽ ചാലിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബുവേൻഡിയ കുടുംബത്തിന്റെ സുഹൃത്തായ 'മെൽക്വിയാഡിസ്' എന്ന ജിപ്സി മരിച്ചിട്ടും നോവലിൽ പലയിടങ്ങളിലും വന്നുപോകുന്നുണ്ട്. ദൂരദേശത്ത് വെച്ച് മരിച്ച അയാൾ മക്കൊണ്ടൊയിലേക്ക് മടങ്ങിവരുമ്പോൾ തിരികെ വരാനുള്ള കാരണം ചോദിക്കുമ്പോൾ "മരണത്തിന്റെ ലോകത്ത് എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെട്ടു, അവിടെ സഹിക്കാൻ കഴിഞ്ഞില്ല."എന്ന് മറുപടി പറയുന്നു.
