മാറ്റങ്ങളുടെ ക്ലാസ് മുറികളും ജാഗ്രതയുടെ പാഠങ്ങളും

Book Review

മാറ്റങ്ങളുടെ ക്ലാസ് മുറികളും ജാഗ്രതയുടെ പാഠങ്ങളും


ഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ സ്കൂളുകൾ അക്കാദമികവും ഭൗതികവുമായി വളരെയധികം മാറിക്കൊണ്ടിരിക്കുകയാണ്.. ഈ മാറ്റങ്ങളെ കേവലം പുറംമോടികളായോ സാങ്കേതിക മുന്നേറ്റങ്ങളായോ മാത്രമല്ല, മറിച്ച് സാമൂഹിക നീതിയുടെയും മാനവികതയുടെയും ആഴത്തിലുള്ള തലങ്ങളിൽ നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് പ്രമുഖ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകനായ ഡോ. എ. കെ. അബ്ദുൽ ഹക്കീം 'മാറിയ സ്കൂൾ പാഠങ്ങൾ' എന്ന കൃതിയിലൂടെ. ബ്ലാക്ക് ബോർഡിൽ നിന്നും ഡിജിറ്റൽ സ്ക്രീനുകളിലേക്കും, പരമ്പരാഗത പഠനരീതികളിൽ നിന്നും നിർമ്മിത ബുദ്ധിയുടെയും ആൽഫാ തലമുറയുടെയും സങ്കീർണ്ണതകളിലേക്കും നമ്മുടെ വിദ്യാലയങ്ങൾ മാറുകയാണ്. അപ്പോൾ വിദ്യാഭ്യാസ പ്രവർത്തകർ പുലർത്തേണ്ട ജാഗ്രത എന്താണെന്ന് ഈ പുസ്തകം നമുക്ക് പറഞ്ഞുതരും. വായനക്കാരെ നാളത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സവിശേഷ ഇടപെടലാണ് ഈ കൃതി.

ഈ പുസ്തകത്തെ മറ്റ് അക്കാദമിക പഠനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത് രചയിതാവിന് പൊതുവിദ്യാഭ്യാസ രംഗത്തുള്ള ദീർഘകാലത്തെ പ്രവർത്തനപരിചയമാണ്. ഹയർ സെക്കൻഡറി അധ്യാപകനായും എസ്.എസ്.കെ.യിൽ ജില്ലാ പ്രോജക്റ്റ് കോ-ഓർഡിനേറ്ററായും സംസ്ഥാന സ്കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗമായും പ്രവർത്തിച്ച ഡോ. എ.കെ. അബ്ദുൽ ഹക്കീം ക്ലാസ് മുറികളുടെ സ്പന്ദനങ്ങളെയും കുട്ടികളുടെ മനശാസ്ത്രത്തെയും തൊട്ടറിഞ്ഞ വ്യക്തിയാണ്. അതുകൊണ്ടുതന്നെ, പുസ്തകത്തിലെ ഓരോ വരിയിലും അക്കാദമിക സിദ്ധാന്തങ്ങൾക്കൊപ്പം, പ്രായോഗിക അനുഭവങ്ങളുടെ കരുത്തുറ്റ വേരുകൾ കാണാം. വംശം, ജാതി, ലിംഗം, പ്രദേശം എന്നിവയുടെ പേരിൽ അരികുവത്കരിക്കപ്പെട്ട കുട്ടികളുടെ ജീവിതങ്ങളെയും, ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളെയും കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ അതിന് കേവലമൊരു നിരീക്ഷകന്റെ ശബ്ദമല്ല, മറിച്ച് നേരിട്ടിടപെട്ട ഒരു സാമൂഹിക പ്രവർത്തകന്റെ ആർദ്രതയും ആധികാരികതയുമുണ്ട്. അതിനാലാവാം പുസ്തകത്തിലെ പല നിരീക്ഷണങ്ങളും ജീവനുള്ളതായി തോന്നുന്നത്

നാം ജീവിക്കുന്ന സവിശേഷമായ കാലഘട്ടത്തോട് ഈ പുസ്തകം എത്രത്തോളം സംവദിക്കുന്നു എന്നതിലാണ് ഇതിന്റെ പ്രസക്തി അടങ്ങിയിരിക്കുന്നത്. കോവിഡ് കാലം വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയ വലിയ പ്രതിസന്ധികളെയും അതിനെ അതിജീവിക്കാൻ കേരളം കൈക്കൊണ്ട ഡിജിറ്റൽ മുന്നേറ്റങ്ങളെയും (ഉദാഹരണത്തിന് വിക്ടേഴ്സ് ചാനൽ വഴിയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ) പുസ്തകം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ലോകമൊട്ടാകെ കോടിക്കണക്കിന് കുട്ടികളുടെ പഠനം മുടങ്ങിയ ലോക്ഡൗൺ നാളുകളിൽ, ഒരു പകർച്ചവ്യാധിക്കു മുന്നിൽ നിശ്ചലമായിപ്പോകേണ്ടതല്ല സ്കൂൾ വിദ്യാഭ്യാസമെന്ന ദൃഢനിശ്ചയത്തോടെ കേരളം ചുവടുവെച്ച ചരിത്രം ഇതിൽ വായിക്കാം.


Related Articles