മനുഷ്യരുടെ പുറംലോകത്തിനപ്പുറം, അവർ ഒളിപ്പിച്ചുവയ്ക്കുന്ന ഭയങ്ങളും അപമാനങ്ങളും ആഗ്രഹങ്ങളും സ്നേഹവും പകയും ഏകാന്തതയും സ്വപ്നങ്ങളും നിറഞ്ഞ ഇരുണ്ട ഇടങ്ങളിലേക്കാണ് 'മാളം'നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സമൂഹം പലപ്പോഴും കാണാൻ വിസമ്മതിക്കുന്ന മനുഷ്യജീവിതത്തിന്റെ വിള്ളലുകളിലേക്ക് എഴുത്തുകാരൻ നിർഭയമായി നോക്കുന്നു. അതുകൊണ്ടുതന്നെ ഈ കഥകൾ വെറും കഥകളല്ല. കാലത്തിന്റെയും സമൂഹത്തിന്റെയും മനഃസാക്ഷിക്കു മുന്നിൽ വെക്കുന്ന ചില അസ്വസ്ഥമായ ചോദ്യങ്ങളാണ്.
‘മാളം’ എന്ന ആദ്യകഥ തന്നെ അതിന്റെ സ്വഭാവം വ്യക്തമാക്കുന്നു. അതിരുകൾക്കിടയിൽ കുടുങ്ങിപ്പോകുന്ന മനുഷ്യരുടെ ജീവിതമാണ് ഇവിടെ ഒരു രൂപകമായി മാറുന്നത്. രണ്ടു മാതൃഭാഷകളും രണ്ടു മുഖ്യമന്ത്രിമാരുമുള്ള സങ്കരയിനം കുട്ടികളുടെ സങ്കൽപ്പം മുതൽ, നിറയാതെ കിടക്കുന്ന ക്ലാസ് മുറികളും താൽക്കാലിക അധ്യാപകരും വകുപ്പിന്റെ ‘ദുർഗുണ പരിഹാരശാല’യായി മാറിയ വിദ്യാഭ്യാസ സ്ഥാപനവും വരെ വ്യവസ്ഥയുടെ വികൃതികളെ കഥ തുറന്നുകാട്ടുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമത്തിനിരയാകുന്ന പെൺകുട്ടിയും, പിന്നീട് അവളുടെ അച്ഛന്റെ കണ്ണുകളിൽ തെളിയുന്ന പ്രതികാരത്തിന്റെ തീയും കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.
ബദറുത്താരയിൽ സ്നേഹത്തിന്റെയും ഓർമ്മയുടെയും ഇടയിൽ കടൽ ഒരു വലിയ പ്രതീകമായി നിൽക്കുന്നു. ബദറുവിന്റെ ഓർമ്മകളിൽ താര വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നു. സ്നേഹത്തിന്റെ മൃദുലതയ്ക്കിടയിലൂടെ പെട്ടെന്ന് കടന്നുവരുന്ന കുഞ്ഞിന്റെ അസുഖവും രക്തം കലർന്ന ഛർദ്ദിയും വായനക്കാരുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഇവിടെ കടൽ വെറും പശ്ചാത്തലമല്ല; ഓർമ്മകളെയും രഹസ്യങ്ങളെയും മനുഷ്യന്റെ ഉള്ളിലൊളിപ്പിച്ച വേദനകളെയും വിഴുങ്ങുന്ന ഒരു വലിയ മാളം പോലെയാണ്.
