ഒന്നാം വായനയിൽ Absurdist fiction രീതികളെ പിന്തുടരുന്നുണ്ട് വി എസ് അജിത്തിന്റെ കുസുമാന്തരലോലൻ എന്ന നോവൽ. കറുത്തഹാസ്യം, ഭാഷാപരമായ പുതുമയും കൃത്യതയും നവീനതയും, വർത്തമാനകാലത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളോട് ചേർന്ന് നിൽക്കുന്ന പ്രമേയപരമായ സവിശേഷത - ഇവയെല്ലാം ഈ നോവലിനെ ഒരു വേറിട്ട വായനയായി മാറ്റുന്നു.
അപ്രതീക്ഷിതമായാണ് കുസുമാന്തര ലോലൻ എന്ന് തന്റെ പേര് സ്വയം സ്വീകരിച്ച നായകനെ അനൂജ കണ്ടുമുട്ടുന്നത്. അവളുടെ സ്വഭാവവും ജീവിത സാഹചര്യങ്ങളും അവളെ താൻ നടത്താനുദ്ദേശിക്കുന്ന പ്രൊജക്റ്റ് സിംഗുലാരിറ്റി എന്ന റിസേർച്ച് പ്രോജെക്ടിലേക്ക് സ്വാഗതം ചെയ്യാൻ പ്രേരിപ്പിക്കുന്നതോടെയാണ് നോവലിന്റെ തുടക്കം. ഒരു വർഷത്തെ കാലയളവിൽ സംഭവിച്ച ആ അന്വേഷണം അവസാനിക്കുന്നത് 2014 മെയ് പതിനാറാം തീയതിയാണ്. ഓർക്കുക, ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോഡി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തെരഞ്ഞെടുപ്പിന്റെ വിജയപ്രഖ്യാപന ദിവസം കൂടിയാണ് അത്. പ്രോജെക്ടിനായി പ്ലൂറാലിറ്റിയുടെ പ്രചാരകനായ കുസുമാന്തരലോലൻ തിരഞ്ഞെടുക്കുന്ന ഈ കാലം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ സവിശേഷമായി ഭാവിയിൽ രാഷ്ട്രീയ വിദ്യാർഥികൾ അടയാളപ്പെടുത്താൻ പോവുന്ന ഒന്നുകൂടിയാണ്.
സാഹിത്യമേഖലയുമായി ബന്ധപ്പെട്ട അന്വേഷണമായതു കൊണ്ടുതന്നെ അനൂജയും ലോലനും കണ്ടെത്തുന്ന എട്ടു സാമ്പിളുകൾ സാഹിത്യ സംബന്ധിയാണ്. തങ്ങളുടെ ജീവിതത്തിൽ ഒരൊറ്റ പുസ്തകം മാത്രം വായിക്കുകയും അവയുടെ ആത്മാവ് ഈ മനുഷ്യരിലേക്ക് ഏതെങ്കിലും തരത്തിൽ പരകായപ്രവേശം നടത്തുകയും ചെയ്തിട്ടുണ്ടാവണം എന്നൊരു റ്റെംസ് ഓഫ് റെഫെറെൻസ് ആണ് ഈ റിസർച്ചിന്റെ അടിസ്ഥാനം. അവർ കണ്ടെത്തുന്ന എട്ടു വായനക്കാരിലൂടെ വായനക്കാരൻ പരിചയപ്പെടുന്നത് തികച്ചും വ്യത്യസ്തരും എന്നാൽ പരിചിതരുമായ മനുഷ്യരെയാണ്. എഴുത്തുകാരന്റെ സാഹിത്യ സംബന്ധിയായ നിരീക്ഷണങ്ങൾ ഏറെ വ്യത്യസ്തങ്ങളാണ്. അവ വായനക്കാരനെയും ചിന്തിപ്പിക്കാൻ പോന്നതാണ്. ആക്ഷേപഹാസ്യ സ്വഭാവത്തോടെ കെട്ടഴിച്ചു വിടപ്പെട്ട ഒരു നായക കഥാപാത്രത്തെയാണ് അജിത്ത് ഈ നോവലിൽ സൃഷ്ടിച്ചിരിക്കുന്നത്. തലസ്ഥാന നഗരത്തിലെ എഴുത്തു കൂട്ടായ്മകളിലൂടെ പുരസ്കാര തിരഞ്ഞെടുപ്പ് മൂലകളിലൂടെ ലോലനും അനൂജയും തങ്ങളുടെ അന്വേഷണം തുടരുന്നു.
