മലയാള സാഹിത്യത്തിൽ ചെടികളും പൂക്കളും ഇലകളും മഴയും മഞ്ഞുമെല്ലാം എക്കാലവും കാല്പനികതയുടെ ഭാഷയിലാണ് കടന്നുവരാറുള്ളത്. കുമാരനാശാന്റെ 'വീണപൂവ്' മുതലിങ്ങോട്ട് ജീവിതത്തിന്റെ നശ്വരതയെയും സൗന്ദര്യത്തെയും അടയാളപ്പെടുത്താനാണ് കവികൾ പുഷ്പങ്ങളെ കൂട്ടുപിടിച്ചത്. ചങ്ങമ്പുഴയുടെ വരികളിലെ പൂത്തുലഞ്ഞ വാകമരങ്ങളും, ഒ.എൻ.വി. കവിതകളിലെ മഞ്ഞും മഴയും, പത്മരാജന്റെയും എം.ടിയുടെയും കഥകളിലെ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത കൂട്ടാൻ പശ്ചാത്തലമാകുന്ന പ്രകൃതിയുമെല്ലാം നമ്മുടെ വായനാമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞവയാണ്. പ്രണയവും വിഷാദവും ആത്മീയതയും പകരാനുള്ള അലങ്കാരങ്ങളായാണ് നമ്മുടെ സാഹിത്യം പ്രകൃതിയെ ഏറെയും ചേർത്തുനിർത്തിയത്.
എന്നാൽ ഈ കാല്പനിക ഭാവനകൾക്കപ്പുറം, സസ്യജാലങ്ങളെ അവയുടെ സഹജമായ ജൈവിക സവിശേഷതകളോടും ശാസ്ത്രീയ അടിത്തറയോടും ആവാസവ്യവസ്ഥയുടെ സ്വാഭാവിക രീതികളോടും കൂടി കഥയിലേക്ക് സന്നിവേശിപ്പിക്കുന്ന രചനകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ?
പ്രകൃതിയെ എപ്പോഴും ശാന്തതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായി മാത്രം കണ്ടുപോന്ന വായനാലോകത്തിന് മുന്നിലേക്ക് ആ പച്ചപ്പിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളെ തുറന്നുവെക്കുകയാണ് 'ബൊട്ടാണിക്കൽ ത്രില്ലർ'എന്ന സാഹിത്യശാഖ. സസ്യശാസ്ത്രവും ഉദ്വേഗജനകമായ കുറ്റാന്വേഷണവും നിഗൂഢതയും ഇഴചേരുന്ന ഈ ശാഖ ലോകസാഹിത്യത്തിൽ സവിശേഷമായ ഒരിടം നേടിയെടുത്തിട്ടുണ്ട്. ചെടികളും പൂക്കളും ഇവിടെ കേവലം നിശ്ചലമായ പശ്ചാത്തലമല്ല; കഥാഗതിയെ നിയന്ത്രിക്കുന്നവയും ചിലപ്പോൾ മനുഷ്യന്റെ മനസ്സിനെയും ജീവനെയും തന്നെ വേട്ടയാടുന്നവയുമായ കഥാപാത്രങ്ങളായി മാറുകയാണ് ഇത്തരം കൃതികളിൽ.
