ഭാഷയിലെ സ്വച്ഛന്ദതയുടെ അലകൾ

Book Review

ഭാഷയിലെ സ്വച്ഛന്ദതയുടെ അലകൾ


മാതൃകാസാമ്രാജ്യം എന്നുപേരിട്ട ഒരു സമഗ്രാധിപത്യദേശത്ത് മാതൃകാവീരൻ എട്ടാമൻ എന്ന ഭരണാധികാരി തന്റെ അധികാരവാഴ്ചയെ ഉറപ്പിക്കുന്നതിനായി നടത്തുന്ന ജയഹേക്കുരുതിയിൽ ബലിമൃഗമാകാൻ തിരഞ്ഞെടുക്കപ്പെടുന്ന ഒരു കോവർകഴുത, കുരുതിത്തറയിലേക്കുള്ള തന്റെ അന്ത്യയാത്രയിൽ നടത്തുന്ന ആത്മകഥനമാണു സുരേഷ് പി. തോമസിന്റെ ‘കോവർമനുഷ്യൻ’ എന്ന നോവൽ. കോവർകഴുതയായി മാറിയ ഒരു മനുഷ്യന്റെ മനസ്സാണ് ഈ കഥ പറയുന്നത്. രഹസ്യപ്പൊലീസിന്റെ ഇടികൊണ്ടു ചത്തുപോയ അനൽഹഖ് ആണ് ഈ മനുഷ്യൻ.

ഒരു ഫേബിളിന്റെ ചട്ടക്കൂടിനുള്ളിൽ സ്വേച്ഛാധികാര പ്രമത്തമായ ഒരു ദേശത്തെയാണു കാണുന്നത്. അവിടെ എല്ലാ മനുഷ്യപ്രയത്നങ്ങളും സമഗ്രാധികാര പ്രത്യയശാസ്ത്രങ്ങളുടെ പ്രയോഗസൂത്രമായി പരിണമിക്കുന്നതും അധികാരത്തിന്റെ പഞ്ചതന്ത്ര യുക്തി മനുഷ്യവ്യവഹാരങ്ങളിൽ പ്രവർത്തിക്കുന്നതും നാം കാണുന്നു. ഇതോടെ നോവൽഭാഷ ഹീനമായ മനുഷ്യാവസ്ഥയുടെ ലിപികളായി മാറുന്നു. കഥപറച്ചിലിൽ വന്നുകയറുന്ന ചില പദങ്ങളും ധ്വനികളും സൂചകങ്ങളും ഈ ഹീനതയുടെ അടയാളങ്ങളാണ്. അങ്ങനെ വാക്കുകൾ കയ്പിന്റെയും അറപ്പിന്റെയും മുദ്രകളായിത്തീരുകയും ചെയ്യുന്നു.

മാതൃകാസാമ്രാജ്യ അധമത്വത്തിന്റെ കലികൾക്കിടെ, അനൽഹഖിന്റെ ഒളിവുജീവിതം വിവരിക്കുന്നിടത്ത് അയാൾക്കു ശാന്തിയും സന്തോഷവും പകർന്ന ഒരു ഓർമയെപ്പറ്റി പറയുന്നുണ്ട്. നാടോടികളുടെ താവളത്തിൽ നിലാവെളിച്ചത്തിൽ ഏകാഗ്രതയോടെ പരിശീലനം നടത്തുന്ന അമ്മാനയാട്ടക്കാരിയെ അയാൾ നോക്കിയിരുന്നുപോയതിന്റെ ഓർമയാണത്. നീലയും മഞ്ഞയും ചുവപ്പും വായുവിൽ വരയ്ക്കുന്ന നൃത്തച്ചുവടുകൾ പോലെ ഉയരുകയും താഴുകയും ചെയ്യുന്ന പന്തുകൾ അനൽഹഖ്‌ വിസ്മയത്തോടെ കണ്ടു. ഭൂമിയിലെ ജീവിതം എത്ര മനോഹരമാണെന്ന വിചാരം ആ സമയം അയാളുടെ മനസ്സിലൂടെ കടന്നുപോയിരുന്നു. മനുഷ്യനെ നാലുപാടുനിന്നും അടച്ചുപൂട്ടുന്ന സമഗ്രാധികാരവിശേഷങ്ങളാണെവിടെയും. അവ കെട്ടുകഥകളല്ല, നാം ജീവിക്കുന്ന ലോകം തന്നെയാണെന്നതും ഇവിടെ വായനക്കാർ തിരിച്ചറിയും.


Related Articles