സസൂക്ഷ്മം പൂർത്തിയാക്കപ്പെട്ട കഥാലോകം

Book Review

സസൂക്ഷ്മം പൂർത്തിയാക്കപ്പെട്ട കഥാലോകം


അടിമുടി കഥയായി ജീവിക്കുന്നൊരു പെൺകുട്ടിയുടെ വലിയൊരു കഥാലോകത്തിന്റെ കുഞ്ഞു കഷ്ണം. പതിനൊന്ന് കഥകളിൽ അതിലേറെ ജീവിതങ്ങളും അത്ര തന്നെ ഭൂമികകളും അതിനോളം ചിന്തകളും മനോഹരമായി അടുക്കിവെച്ചോരു പക്വതയാർന്ന ആഖ്യാനം. ഇക്കഥകളിൽ അപ്പടി രാഷ്ട്രീയമാണ് എന്ന് പറഞ്ഞുവെക്കാം, പക്ഷേ ഒരു കേവല വായനയിൽ ഇതിലെവിടെ രാഷ്ട്രീയമെന്ന് ആരെങ്കിലും ചോദിച്ചാൽ ഈ കഥയത്രയും നിങ്ങൾ വായിച്ചിട്ടില്ലല്ലോ എന്നെനിക്ക് പറയേണ്ടി വരും. ഫോട്ടോയിൽ തുടങ്ങി എട്ടാം നാൾ പുലർച്ചെ വരെയുള്ള കഥയാത്രയിൽ കൊറേ മനുഷ്യരെ കാണാം.

ഫോട്ടോ എടുക്കാൻ കൊതിച്ച ചിരുതയും "ഹോ! പ്രണയത്തിന്റെ അടയാളങ്ങളേതുമില്ലാത്ത മനുഷ്യർ മരണത്തിന് തൊട്ടുമുൻപ് ജീവിതത്തെയെങ്ങനെ ചിത്രണം ചെയ്യും?" എന്ന വചനവും - പലയാവർത്തി വായിച്ചു ശരിവെച്ചൊരു വരിയായി അതിങ്ങനെ നിറഞ്ഞുനിക്കുന്നുണ്ട് ആ കഥ മുഴുവൻ. അവിടുന്ന് 'വാട' യിൽ എത്തുമ്പോൾ ആകെയൊരു നീറ്റലാണ്.

അപ്പയപ്പിടി തീട്ടമാ മക്കളെ... ന്ന് പലയാവർത്തി വിളിച്ചുപറയുന്ന അപ്പനും ഞാനുമപ്പിടി തീട്ടമാണപ്പാ ന്ന് മറുപടി കൊടുക്കുന്ന മകൾക്കും ഒരു പേരിന്റെ ബന്ധനം പോലും ആവശ്യമില്ല എന്ന മനസിലാക്കുക. ബ്രേക്കപ്പ് പാർട്ടിയിലെ ആശ നിങ്ങളിൽ പലരും മാറ്റി നിർത്തി തെറി പറഞ്ഞും പൊതുവിടങ്ങളിൽ നിരന്തരം ബുള്ളി ചെയ്യുകയും ചെയ്യുന്ന ഒരുപാട് പെണ്ണുങ്ങളിൽ ഒരുത്തി മാത്രമാണ്. ബ്രേക്കപ്പ് കഴിഞ്ഞിട്ടും കരയാത്ത, കൂട്ടുകാരെ വിളിച്ചു പാർട്ടി നടത്തുന്ന, കാലകത്തി വെച്ച് ബിയർ കഴിക്കുന്ന, അനാവശ്യം പറയുന്നവന്റെ മുഖം അടിച്ചു പൊളിക്കുന്ന പെണ്ണാണ്, അത് അങ്ങനെ ഒരു പെണ്ണിന്റെ കഥയാണ്, അടിമുടി പെണ്ണായോരുത്തീടെ കഥ.


Related Articles